ദില്ലി കോടതിയിൽ ഉമർ ഖാലിദിന്റെ സംഭാഷണങ്ങൾ ഉദ്ധരിച്ച്, ഒരു രഹസ്യ യോഗത്തിൽ പ്രതികൾ 'രക്തം ചൊരിയുന്ന'തിനെക്കുറിച്ച് സംസാരിച്ചിരുന്നതായി പൊലീസ് ചൂണ്ടിക്കാട്ടി.
ദില്ലി: ഉമർഖാലിദിനെതിരായ (Umar Khalid) ദില്ലി കലാപകേസുമായി ബന്ധപ്പെട്ട വാദം ദില്ലി കോടതിയിൽ പുരോഗമിക്കവെ പുതിയ കണ്ടെത്തലുമായി അന്വേഷണം സംഘം. ജെഎൻയു രാജ്യദ്രോഹക്കേസും (JNU Sedition Case) വടക്കുകിഴക്കൻ ദില്ലി കലാപക്കേസും (Delhi Riot) തമ്മിൽ സാമ്യമുണ്ടെന്ന് ഉമർ ഖാലിദിന്റെ വാട്സ്ആപ്പ് ചാറ്റുകൾ കോടതിയിൽ സമർപ്പിച്ച് ദില്ലി പൊലീസ് വാദിച്ചു. 2016 ൽ പറ്റിയു തെറ്റുകളിൽ നിന്ന് ഉമർ ഖാലിദ് പാഠം ഉൾക്കൊണ്ടുവെന്ന് സമർത്ഥിച്ച പൊലീസ് ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയെ എതിർത്തു. പ്രതിഷേധ സ്ഥലങ്ങളൊന്നും ജൈവികമല്ലെന്നും പ്രാദേശിക പിന്തുണയില്ലാത്തതിനെ തുടർന്ന് അക്രമം ആളിക്കത്തിക്കുന്നതിനായി ആളുകളെ ഈ പ്രദേശത്തേക്ക് ഇറക്കുമതി ചെയ്തുവെന്നും കോടതിയിൽ പ്രോസിക്യൂട്ടർ വാദിച്ചു.
2016-ലെ ജെഎൻയു രാജ്യദ്രോഹ കേസിനെ ദില്ലി കലാപവുമായി താരതമ്യം ചെയ്തുകൊണ്ട് പൊലീസ് പറഞ്ഞത് ഇങ്ങനെ; "2016-ൽ നിന്ന് ഖാലിദ് പഠിച്ചത് ദില്ലി കലാപത്തിൽ ആവർത്തിച്ചില്ല. ഷർജീൽ ഇമാം പുതിയ ഉമർ ഖാലിദാണ്, അതിനാൽ ഇമാം അതേ തെറ്റുകൾ ചെയ്തു..." ദില്ലി കോടതിയിൽ ഉമർ ഖാലിദിന്റെ സംഭാഷണങ്ങൾ ഉദ്ധരിച്ച്, ഒരു രഹസ്യ യോഗത്തിൽ പ്രതികൾ 'രക്തം ചൊരിയുന്ന'തിനെക്കുറിച്ച് സംസാരിച്ചിരുന്നതായും പൊലീസ് ചൂണ്ടിക്കാട്ടി.

ഗുൽ (ഗൾഫിഷ)യോടുള്ള ഖാലിദിന്റെ പരാമർശങ്ങൾ എടുത്തുകാണിച്ചുകൊണ്ടാണ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അമിത് പ്രസാദ് വാദം ഉന്നയിച്ചത്. “സർക്കാർ മുസ്ലീങ്ങൾക്ക് എതിരാണ്, പ്രസംഗങ്ങൾ മാത്രമേ സഹായിക്കൂ, രക്തം ചൊരിയേണ്ടതുണ്ട്"- എന്ന ഭാഗമാണ് അമിത് പ്രസാദ് എടുത്ത് കാണിച്ചത്. പ്രോസിക്യൂട്ടർ വിവിധ വാട്ട്‌സ്ആപ്പ് ചാറ്റുകൾ കാണിക്കുകയും ജനുവരി 23 ലെ മീറ്റിംഗിനെ പരാമർശിക്കുന്ന ഒരു സാക്ഷിയുടെ മൊഴി പരാമർശിക്കുകയും ചെയ്തു. പ്രദേശവാസികൾ അക്രമത്തെ എതിർത്തുകൊണ്ടിരുന്നെങ്കിലും ഖാലിദും മറ്റ് ഗൂഢാലോചനക്കാരും തങ്ങളുടെ ജീവന് ഭീഷണിയായത് അവഗണിച്ചതായും സാക്ഷി മൊഴിയിൽ പറയുന്നു.
