Asianet News MalayalamAsianet News Malayalam

ദില്ലി കലാപം: ഗൂഢാലോചനയിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പങ്കാളിയെന്ന് പൊലീസ്

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയടക്കം ഒമ്പത് പേർ ദില്ലി കലാപത്തിലെ ഗൂഢാലോചനയിൽ പങ്കാളിയായെന്ന് ദില്ലി പൊലീസ്. 

Delhi riots Police name Yechury Yogendra Yadav Jayati Ghosh Apoorvanand as co conspirators
Author
Delhi, First Published Sep 12, 2020, 9:46 PM IST

ദില്ലി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയടക്കം ഒമ്പത് പേർ ദില്ലി കലാപത്തിലെ ഗൂഢാലോചനയിൽ പങ്കാളിയായെന്ന് ദില്ലി പൊലീസ്.  കലാപകേസിൽ പോലീസ് സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിൽ ഇക്കാര്യമുള്ളതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. യെച്ചൂരിക്കൊപ്പം സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവ്, സാമ്പത്തിക വിദഗ്ദ ജയതി ഘോഷ്, ദില്ലി സർവകലാശാല അധ്യാപകനും സന്നദ്ധ പ്രവർത്തകനുമായ അപൂർവ്വാനന്ദ്, രാഹുൽ റോയ്  എന്നിവരുടെ പേരുകളും കുറ്റപത്രത്തിലുണ്ട്.

പൌരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട അസംതൃപ്തി പ്രകടിപ്പിക്കാൻ ഏതറ്റം വരെയും പോകാൻ സമരാനുകൂലികളോട് ഇവർ ആവശ്യപ്പെട്ടുവെന്നാണ് കുറ്റപത്രം പറയുന്നത്. പൌരത്വ ഭേദഗതി നിയമവും പൌരത്വ  നിയമവും മുസ്ലിം വിരുദ്ധമാണെന്ന് പ്രചരിപ്പിക്കുകയും അതുവഴി ഇന്ത്യൻ സർക്കാറിൽ അവമതിപ്പുണ്ടാക്കാനുമുള്ള ശ്രമമുണ്ടായതായും അനുബന്ധ കുറ്റപത്രം പറയുന്നതായി റിപ്പോർട്ടിൽ പറയുന്നു.

വനിതാ കൂട്ടായ്മയായ പിഞ്ച്ര ടോഡ് അംഗങ്ങളും ജെഎൻയു വിദ്യാർത്ഥികളുമായ ദേവങ്കണ കലിത, നതാഷ നർവാൾ, ജാമിയ മിലിയ ഇസ്ലാമിയയിലെ ഗൾഫിഷ ഫാത്തിമ എന്നീ മൂന്ന് വിദ്യാർത്ഥികളുടെ കുറ്റസമ്മതത്തെ അടിസ്ഥാനമാക്കിയാണ് പ്രമുഖരെ  പ്രതികളാക്കിയത്. മൂന്നേപേരും യുഎപിഎ ചുമത്തപ്പെട്ടവരാണെന്നും റിപ്പോർട്ടിലുണ്ട്. 

ഫെബ്രുവരി 23 നും 26 നും ഇടയിൽ നോർത്ത് ഈസ്റ്റ് ജില്ലയിൽ നടന്ന കലാപത്തിൽ 53 പേർ കൊല്ലപ്പെടുകയും 581 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിൽ 97 പേർക്ക് വെടിയേറ്റ് മുറിവേൽക്കുകയും ചെയ്തിരുന്നു. 

Follow Us:
Download App:
  • android
  • ios