ദില്ലി: വാക്‌സിന്‍ ലഭ്യമാകുന്നതുവരെ ദില്ലിയിലെ സ്‌കൂള്‍ തുറക്കാന്‍ സാധ്യതയില്ലെന്ന് ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിന്‍. വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. സ്‌കൂള്‍ തുറക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയിലില്ല. വാക്‌സിന്‍ ഉടന്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. സ്ഥിതിഗതികള്‍ പൂര്‍ണ നിയന്ത്രണത്തിലാകാതെ സ്‌കൂള്‍ തുറക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ദില്ലിയില്‍ ബുധനാഴ്ച 5000ത്തിലേറെ പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 61,000 പേര്‍ക്കാണ് ടെസ്റ്റ് ചെയ്തത്. 8.49 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു വരുകയാണെന്നും നവംബര്‍ ഏഴിന് 15.2 ശതമാനമായിരുന്നു പോസിറ്റിവിറ്റി നിരക്കെന്നും അദ്ദേഹം പറഞ്ഞു.

ഇതേ അവസ്ഥയിലാണെങ്കില്‍ അടുത്ത രണ്ടാഴ്ചക്കുള്ളില്‍ പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. വരുന്ന ദിവസങ്ങളില്‍ പരിശോധന വര്‍ധിപ്പിക്കും. കഴിഞ്ഞ പത്ത് ദിവസമായി 100ലധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മരണനിരക്ക് കുറക്കുന്നതുമായി ബന്ധപ്പെട്ട് വിദഗ്ധരുടെ അഭിപ്രായം തേടുമെന്നും അദ്ദേഹം പറഞ്ഞു. 843 ഐസിയു ബെഡുകള്‍ ഒരുക്കിയെന്നും മന്ത്രി വ്യക്തമാക്കി.