ദില്ലി: ശമ്പളം ചോദിച്ച ജീവനക്കാരിയെ നായയെ അഴിച്ചുവിട്ട്​ കടിപ്പിച്ച് സ്​പാ ഉടമ. തെക്കൻ ദില്ലിയിലെ മാൽവിയ നഗറിലാണ് സംഭവം. സംഭവത്തിൽ സ്പാ ഉടമ രജിനിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ലോക്ക്ഡൗണിന്​ മുമ്പ്​ മാർച്ച്​ 22 വരെ ഒന്നരമാസത്തോളം യുവതി സ്​പായിൽ ​ജോലി ചെയ്​തിരുന്നു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ശമ്പളം നൽകാൻ ഉടമ തയാറായില്ല. ശമ്പളം ചോദിച്ചതോടെ രജിനി  വീട്ടിലേക്ക്​ വിളിച്ചു വരുത്തുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. 

വീട്ടിൽ വിളിച്ചുവരുത്തിയ രജനി യുവതിയെ വീട്ടു ജോലിചെയ്യാൻ നിർബന്ധിച്ചു. ശേഷം ശമ്പളം നൽകാമെന്ന്​ വാഗ്ദാനവും ചെയ്തു. എന്നാൽ, യുവതി ജോലി ചെയ്യില്ലെന്ന്​ അറിയിച്ചതോടെ നായെ അഴിച്ചു വിടുകയായിരുന്നുവെന്ന്​ പൊലീസ്​ പറയുന്നു. 

പരിക്കേറ്റ യുവതി കരഞ്ഞതോടെ രജനി ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്​. പിന്നാലെ പരിക്കേറ്റ യുവതിയെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. യുവതിക്ക് കഴുത്തിലും തലയിലും മുറിവുണ്ട്​. തലയിൽ 15 സ്​റ്റിച്ചുണ്ടെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ തുടരന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു​.