മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ നടന്ന തിരംഗ റാലിയിൽ പങ്കെടുത്ത മലയാളി താരങ്ങളും ഇൻഫ്ലുവൻസർമാരും കസ്റ്റഡിയിലായി. ഇതിനിടെ കസ്റ്റഡിയിലെടുത്ത ഐസ നേതാവ് നേഹ ബോറയെക്കുറിച്ച് വിവരമില്ലാത്തത് ദുരൂഹത വർദ്ധിപ്പിക്കുന്നു.

ദില്ലി : മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള കൊണാട്ട് പ്ലേസിലെ തിരംഗ റാലിയിൽ പങ്കെടുത്ത മലയാളി അഭിനേതാക്കളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും കസ്റ്റഡിയിൽ. ശിവപ്രിയ പ്രദീപ്, അക്ഷയ് രാധാകൃഷ്ണൻ, ഇഷാ മറിയം ഹാരിസ്, സനൂപ് ദേവദാസ് എന്നിവരാണ് കസ്റ്റഡിയിലായത്.

'തിരംഗ യാത്ര'യിൽ പങ്കെടുക്കുന്നതിനിടെ കസ്റ്റഡിയിലെടുത്ത നേഹ ബോറ എവിടെ ?

അതിനിടെ, മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള 'തിരംഗ യാത്ര'യിൽ പങ്കെടുക്കുന്നതിനിടെ കസ്റ്റഡിയിലെടുത്ത നേഹ ബോറ എവിടെയെന്ന ചോദ്യവുമായി ഐസ നേതാക്കൾ രംഗത്ത്. നേഹ ബോറയെ കസ്റ്റഡിയിലെടുത്ത വാഹനത്തിൽ യൂണിഫോം ധരിക്കാത്ത രണ്ട് പേരുണ്ടായിരുന്നുവെന്നും ഇത് ദുരൂഹത ഉയർത്തുന്നതാണെന്നും ഐസ ആരോപിച്ചു. സേനയ്ക്ക് പുറത്തുനിന്നുള്ളവരെയാണോ ദില്ലി പൊലീസ് പ്രതിഷേധക്കാരെ അടിച്ചമർത്താൻ നിയോഗിച്ചിരിക്കുന്നതെന്ന ചോദ്യവും ഐസ ഉയർത്തിയിട്ടുണ്ട്. നേഹയെ ഒറ്റയ്ക്ക് മംഗ്ലാപുരിയിലെ ആന്റി നാർക്കോട്ടിക് ടാസ്‌ക് ഫോഴ്‌സ് കസ്റ്റഡിയിൽ പാർപ്പിച്ചിരിക്കുകയാണെന്നാണ് സൂചനയെന്നും, വൈകിട്ട് 4 മണിയോടെ കസ്റ്റഡിയിലെടുത്ത നേഹയെക്കുറിച്ച് രാത്രി എട്ട് മണിയായിട്ടും യാതൊരുവിധ വിവരങ്ങളും ഔദ്യോഗികമായി ലഭിക്കുന്നില്ലെന്നും സംഘടന വിവരിച്ചു. നേഹയുടെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്നും അവരെ കാണാൻ അഭിഭാഷകരെ പോലും പൊലീസ് അനുവദിക്കുന്നില്ലെന്നും ഐസ വ്യക്തമാക്കി. നേഹയെ ഉടൻ മോചിപ്പിക്കണമെന്നും കസ്റ്റഡി നടപടികളിലെ ദുരൂഹത നീക്കണമെന്നും ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധവും സംഘടന ഉയർത്തുന്നുണ്ട്.