Asianet News MalayalamAsianet News Malayalam

' 41 കോടി വിലയുള്ള ഭൂമി 353 കോടിക്ക് വിൽക്കാൻ സഹായിച്ചു'; രാജ്യത്തെ പ്രധാന ഉദ്യോ​ഗസ്ഥനെതിരെ പരാതി, അന്വേഷണം

മകന്‍‍ ജോലി ചെയ്യുന്ന സ്ഥാപനമായോ സ്ഥാപനത്തിലെ ഉദ്യോ​ഗസ്ഥരുമായോ പരിചയമോ ബന്ധമോ ഇല്ലെന്ന് ചീഫ് സെക്രട്ടറി പറഞ്ഞതായി ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ഈ കേസിൽ നടപടിയെടുത്തത് താനാണെന്നും കുമാർ ചൂണ്ടിക്കാട്ടി.

Delhi top officer under scanner for land dealing allegation prm
Author
First Published Nov 11, 2023, 10:32 AM IST

ദില്ലി: ഭൂമി ഏറ്റെടുക്കലിൽ കൃത്രിമം കാണിച്ചെന്നാരോപിച്ച് ദില്ലി ചീഫ് സെക്രട്ടറി നരേഷ് കുമാറിനെതിരെ പരാതി. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഓഫിസിന് പരാതി ലഭിച്ചതിനെ തുടർന്ന് വിജിലൻസ് മന്ത്രി അതിഷിക്ക് കൈമാറിയി. മകൻ ജോലി ചെയ്യുന്ന കമ്പനിക്ക് 315 കോടി രൂപ ലാഭം ഉറപ്പാക്കാൻ ഭൂമി ഏറ്റെടുക്കൽ ഇടപാടിൽ കൃത്രിമം കാട്ടിയെന്നാണ് പരാതി. പരാതിയിൽ മുഖ്യമന്ത്രിയുടെ ഓഫീസ് വിശദമായ റിപ്പോർട്ട് തേടി. പരാതിക്കാരന്റെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 

അതേസമയം ആരോപണം നിഷേധിച്ച് നരേഷ് കുമാർ രം​ഗത്തെത്തി.  തന്റെ മകന്‍‍ ജോലി ചെയ്യുന്ന സ്ഥാപനമായോ സ്ഥാപനത്തിലെ ഉദ്യോ​ഗസ്ഥരുമായോ പരിചയമോ ബന്ധമോ ഇല്ലെന്ന് ചീഫ് സെക്രട്ടറി പറഞ്ഞതായി ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ഈ കേസിൽ നടപടിയെടുത്തത് താനാണെന്നും കുമാർ ചൂണ്ടിക്കാട്ടി. ദ്വാരക എക്‌സ്പ്രസ് വേയുടെ നിർമ്മാണത്തിനായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ 2018-ൽ വാങ്ങിയ 19 ഏക്കർ സ്ഥലം ഇടപാടുമായി ബന്ധപ്പെട്ടാണ് പരാതി. ഭൂമിക്ക്  41.52 കോടി രൂപയാണ് അന്നത്തെ ജില്ലാ ഭരണകൂടം  നിശ്ചയിച്ചത്. എന്നാൽ, അന്നത്തെ സൗത്ത് വെസ്റ്റ് ദില്ലി ജില്ലാ മജിസ്‌ട്രേറ്റ് ആയിരുന്ന ഹേമന്ത് കുമാർ ഭൂമിവില 353.79 കോടി രൂപയായി ഉയർത്തി. ഹേമന്ത് കുമാറിനെ പിന്നീട് സസ്പെൻഡ് ചെയ്യുകയും ഭൂമി വില വർധിപ്പിച്ച ഉത്തരവ് റദ്ദാക്കുകയും ചെയ്തു.

ഭൂവുടമകളിലൊരാൾക്ക് ദേശീയപാത അതോറിറ്റി നൽകിയ ഉയർന്ന വില ദില്ലി ചീഫ് സെക്രട്ടറി കൃത്രിമം കാണിച്ചതിനെ തുടർന്നാണെന്ന് പരാതിക്കാരൻ ആരോപിച്ചതായി ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ഭൂവുടമയായ സുഭാഷ് ചന്ദ് കതൂരിയ റിയൽറ്റി സ്ഥാപനമായ അനന്ത് രാജ് ലിമിറ്റഡിന്റെ പ്രമോട്ടറായ അമൻ സരിനുമായി നേരിട്ട് ബന്ധമുള്ളയാളാണ്. ചീഫ് സെക്രട്ടറിയുടെ മകൻ കരണുമായി സരിന് ബന്ധമുണ്ടെന്നാണ് ആരോപണം. മാധ്യമറിപ്പോർട്ടുകൾ പ്രകാരം ചീഫ് സെക്രട്ടറിയുടെ മകൻ കരൺ അനന്ത് രാജ് ലിമിറ്റഡിന്റെ അതേ വിലാസത്തിൽ പ്രവർത്തിക്കുന്ന ബിഗ് ടൗൺ പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിന്റെ ഡയറക്ടറാണ്.

Read More.... ഭൂമി അളക്കാൻ കൈക്കൂലി വാങ്ങി: തൃശൂർ താലൂക്ക് സർവേയറെ വിജിലൻസ് അറസ്റ്റ് ചെയ്തു: വാങ്ങിയത് 2500 രൂപ

ജൂണിൽ ഇക്കാര്യം ചീഫ് സെക്രട്ടറിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. തുടർന്ന് കേസ് അന്വേഷിക്കാൻ ചീഫ് സെക്രട്ടറി ദില്ലി വിജിലൻസ് ഡയറക്ടറേറ്റിനോട് നിർദ്ദേശിച്ചു. സെപ്റ്റംബറിൽ ദില്ലി ലെഫ്റ്റനന്റ് ഗവർണർ വി കെ സക്‌സേനയുടെ അനുമതിയോടെ, ബന്ധപ്പെട്ട ജില്ലാ മജിസ്‌ട്രേറ്റായ ഹേമന്ത് കുമാറിനെതിരെ സിബിഐ അന്വേഷണത്തിനും വകുപ്പുതല നടപടിക്കും ശുപാർശ ചെയ്തു.

Follow Us:
Download App:
  • android
  • ios