ദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് ശതമാനത്തില്‍  ഇടിവ്. 59.42 ശതമാനം പോളിംഗാണ് ഇക്കുറി രേഖപ്പെടുത്തിയത്. രാവിലെ മുതല്‍ മന്ദഗതിയിലായിരുന്നു പോളിംഗ്. അതിശൈത്യം തുടരുന്ന ദില്ലിയില്‍ തണുപ്പ് കുറയുന്നതിനനുസരിച്ച് പോളിംഗ് ശതമാനം ഉയരുമെന്ന് കരുതിയതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതീക്ഷ തെറ്റി. ഇക്കുറി രേഖപ്പെടുത്തിയത് കഴിഞ്ഞ തവണത്തേക്കാള്‍ പത്ത് ശതമാനം കുറവ് പോളിംഗാണ്. 70 ല്‍ 67 സീറ്റ് നേടി ആംആദ്മി ചരിത്ര വിജയം നേടിയ കഴിഞ്ഞ തവണ 67. 12 ശതമാനമായിരുന്നു പോളിംഗ്. ഇക്കുറി വികസനത്തിനാണ്  വോട്ട് ചെയ്തതതെന്ന് ദില്ലിയിലെ വോട്ടര്‍മാര്‍ പ്രതികരിച്ചു.

നടപടികള്‍ സുഗമമായി പൂര്‍ത്തിയാക്കിയതായി  മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. അതേസമയം തെരഞ്ഞെടുപ്പ് ദിനം ട്വിറ്ററില്‍ നല്‍കിയ സന്ദേശം അരവിന്ദ് കെജ്രിവാളിന് വിനയായി. വീട്ടിലെ പുരുഷന്മാരോട് ചോദിച്ച് വേണം ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിക്കേണ്ടതെന്ന കെജ്രിവാളിന്‍റെ പ്രസ്താവന കേന്ദ്രമന്ത്രി സ്മൃതി ഇറാനി ആയുധമാക്കി. സ്വയം തീരുമാനിക്കാന്‍ സ്ത്രീകള്‍ക്ക് കഴിവുണ്ടെന്നും സ്ത്രീ വിരുദ്ധനായതിനാലാണ് കെജ്രിവാള്‍ അങ്ങനെ ട്വീറ്റ് ചെയ്തതെന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി തിരിച്ചടിച്ചു. 

വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ മജ് നു കാടലയില്‍ ആംആദ്മി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. അസഭ്യം പറഞ്ഞ ആംആദ്മി പ്രവര്‍ത്തകനെ ചാന്ദ്നി ചൗക്കിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അല്‍ക്കാ ലാംബ തല്ലാന്‍ ശ്രമിച്ചതായിരുന്നു പ്രകോപന കാരണം. പ്രധാന നേതാക്കളെല്ലാം  വോട്ടവകാശം വിനിയോഗിച്ചു. മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങി ചുവന്ന കുറിയണിഞ്ഞാണ് കുടുംബാംഗങ്ങളുമായി കെജ്രിവാള്‍ വോട്ട് ചെയ്യാനെത്തിയത്. രാഷ്‍ട്രപതി രാംനാഥ് കോവിന്ദ്, മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, മുന്‍ പ്രധാനമനന്ത്രി മന്‍മോഹന്‍സിംഗ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തുടങ്ങിയവര്‍ രാവിലെ തന്നെ വോട്ട് ചെയ്തു.