Asianet News MalayalamAsianet News Malayalam

അതിശൈത്യത്തിൽ വിറച്ച് ദില്ലി, ആറ് മരണം, വിമാനത്താവളം പ്രവർത്തനം നിർത്തി വച്ചു

ഉച്ച വരെയുള്ള വിമാനങ്ങൾ പുറപ്പെടുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ അതാത് എയർലൈനുകളുമായി ബന്ധപ്പെട്ട് ലഭിക്കുമെന്ന മുന്നറിയിപ്പാണ് എയർപോർട്ട് അധികൃതർ നൽകുന്നത്. ഇതിനിടെ, പുലർച്ചെ ദില്ലി ഗ്രേറ്റർ നോയിഡയിൽ മൂടൽമഞ്ഞിൽപ്പെട്ട് വാഹനാപകടമുണ്ടായി.

Delhi Weather Live Updates Dense Fog Blankets NCR 30 Trains Running Late Airport Stops Operations Temporarily
Author
Indira Gandhi International Airport (DEL), First Published Dec 30, 2019, 9:12 AM IST

ദില്ലി: അതിശൈത്യത്തിൽ തണുത്ത് വിറയ്ക്കുകയാണ് ദില്ലി. കനത്ത മൂടൽമഞ്ഞിൽ മുന്നോട്ടുള്ള വഴി കാണാതെ റോഡിൽ നിന്ന് തെന്നിമാറിയ കാർ അപകടത്തിൽപ്പെട്ട് ദില്ലി ഗ്രേറ്റർ നോയിഡയിലുണ്ടായ വാഹനാപകടത്തിൽ ആറ് പേർ മരിച്ചു. ദില്ലി വിമാനത്താവളത്തിന്‍റെ പ്രവർത്തനം തൽക്കാലം നിർത്തിവച്ചിട്ടുമുണ്ട്. 

കനത്ത മൂടൽമഞ്ഞിനെ തുടർന്ന് വഴിമാറിയ കാർ കനാലിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി പതിനൊന്നേമുക്കാൽ മണിയോടെയായിരുന്നു അപകടം. ഉത്തർപ്രദേശിലെ സംഭാൽ സ്വദേശികളാണ് അപകടത്തിൽ പെട്ടത്. അഞ്ച് പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇതേത്തുടർന്ന്, യമുന എക്സ്പ്രസ് വേ വഴി പോകുന്ന യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് സിറ്റി ട്രാഫിക് പൊലീസ് മുന്നറിയിപ്പ് നൽകി.

ദില്ലിയിൽ ഇന്ന് പുലർച്ചെ രേഖപ്പെടുത്തിയ കുറഞ്ഞ താപനില 4.6 ഡിഗ്രിയാണ് (രാവിലെ 9 മണി). ഈ സീസണിലെ ഏറ്റവും കഠിനമായ മൂടൽമഞ്ഞാണ് ഇന്ന് കാണുന്നത്. ഇതേ താപനില പതിനൊന്ന് മണി വരെ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.

റോഡ്, റെയിൽ ഗതാഗതവും തടസ്സപ്പെട്ട നിലയിൽത്തന്നെയാണ്. റോഡിൽ പലയിടത്തും മുന്നോട്ട് അൽപം പോലും കാണാനാകാത്ത സ്ഥിതിയാണ്. മുപ്പത് തീവണ്ടികളാണ് വൈകിയോടുന്നത്. ദില്ലി വിമാനത്താവളത്തിലേക്ക് പുലർച്ചെ എത്തേണ്ടിയിരുന്ന മൂന്ന് വിമാനങ്ങൾ വഴി തിരിച്ച് വിട്ടു. കൂടുതൽ വിമാനങ്ങൾ ഇറക്കാൻ കഴിയാത്ത സ്ഥിതിയായതോടെയാണ് തൽക്കാലം വിമാനത്താവളത്തിന്‍റെ പ്രവർത്തനം നിർത്തി വച്ചത്. റൺവേയിൽ ഇന്ന് പുലർച്ചെയുള്ള ദൃശ്യപരിധി 50 മീറ്റർ മുതൽ 175 മീറ്റർ വരെ മാത്രമാണ്. ഇത് അപകടങ്ങൾക്ക് വഴിവയ്ക്കുമെന്ന വിലയിരുത്തലിലാണ് വിമാനങ്ങൾ വഴി തിരിച്ച് വിട്ടത്. 

അതേസമയം, രൂക്ഷമായ വായുമലിനീകരണമാണ് ദില്ലിയിൽ അനുഭവപ്പെടുന്നത്. ശീതക്കാറ്റ് പ്രതിഭാവം അടുത്ത മൂന്ന് ദിവസം കൂടി നീളാനാണ് സാധ്യത. 118 വർഷത്തിനിടെയുള്ള ഏറ്റവും ശൈത്യമേറിയ പകലായിരുന്നു ദില്ലിയിൽ ശനിയാഴ്ച. ഞായറാഴ്ച രാവിലെയാകട്ടെ, താപനില 3.4 ഡിഗ്രിയായി കുറഞ്ഞു. ദിവസം മുഴുവൻ രേഖപ്പെടുത്തിയ ശരാശരി താപനില രേഖപ്പെടുത്തിയത് 2.5 ഡിഗ്രി മാത്രമാണ്. 

അതേസമയം, ഹരിയാനയിലും, ഉത്തർപ്രദേശിലെ ലഖ്‍നൗവിലും ആഗ്രയിലും ഇന്നും സ്കൂളുകൾക്ക് അവധിയായിരിക്കും. ജനുവരി ഒന്നാം തീയതി മാത്രമേ സ്കൂളുകൾ ഇനി തുറക്കൂ. കശ്മീരിലും അതിശൈത്യമാണ് അനുഭവപ്പെടുന്നത്. ദാൽ തടാകം പൂർണമായും ഒഴുക്ക് നിലച്ച്, മഞ്ഞ് നിറഞ്ഞ അവസ്ഥയിലാണ്. 

Follow Us:
Download App:
  • android
  • ios