ദില്ലി: മഹാരാഷ്ട്രയിൽ ജനാധിപത്യം കൊലചെയ്യപ്പെട്ടുവെന്ന് രാഹുൽ ഗാന്ധി. ഒരിടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ രാഹുൽ ഗാന്ധി നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ രൂക്ഷമായി വിമർശിച്ചു. ലോക് സഭയിലെ ചോദ്യോത്തര വേളയിലായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. 

ഒരു ചോദ്യം സഭയിൽ ഉന്നയിക്കണമെന്ന് ആഗ്രഹിച്ചിരുന്നു എന്നാൽ ഇനി ചോദ്യങ്ങൾ ചോദിക്കുന്നതിൽ യാതൊരു അർഥവുമില്ല മഹാരാഷ്ട്രയിൽ ജനാധിപത്യം കൊലചെയ്യപ്പെട്ടിരിക്കുകയാണ്. രാഹുൽ ലോക്‍സഭയിൽ വ്യക്തമാക്കി.

വൻ പ്രതിഷേധമാണ് പ്രതിപക്ഷം മഹാരാഷ്ട്ര വിഷയത്തിൽ ഇന്ന് ഇരു സഭകളിലും നടത്തിയത്. കോൺഗ്രസും മുസ്ലീം ലീഗും ത്രിണമൂൽ കോൺഗ്രസും സിപിഎമ്മും വിഷയത്തിൽ പ്രതിഷേധവുമായി രംഗത്തെത്തി. പാർലമെന്‍റിന് പുറത്ത് നടന്ന പ്രതിഷേധങ്ങൾക്ക് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി നേതൃത്വം നൽകി. 

കേരളത്തില്‍ നിന്നുള്ള എംപിമാരായ ഹൈബി ഈഡനും ടി എന്‍ പ്രതാപനും ജനാധിപത്യം കശാപ്പ് ചെയ്യുന്നത് അവസാനിപ്പിക്കുക എന്ന ബാനറുകള്‍ ലോക്സഭയില്‍ ഉയര്‍ത്തി പ്രതിഷേധിച്ചു. ഇവരെ സഭാ നടപടികളില്‍ നിന്നും സ്പീക്കര്‍ മാറ്റിനിര്‍ത്തി. രാവിലെ തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മഹാരാഷ്ട്ര വിഷയം പാര്‍ലമെന്‍റില്‍ ശക്തമായി ഉന്നയിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്‍റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ കോണ്‍ഗ്രസ്സ് എംപിമാര്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് ഇരുസഭകളിലും സഭാ നടപടികള്‍ തുടങ്ങിയപ്പോള്‍ തന്നെ പ്രതിഷേധം തുടങ്ങുകയായിരുന്നു. തുടര്‍ന്ന് ബഹളത്തെത്തുടര്‍ന്ന് ഇരുസഭകളും പിരിയുകയായിരുന്നു.