അമരാവതി: മുന്‍ മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡു അമരാവതിയില്‍ താമസിക്കുന്ന സ്വകാര്യ വസതി പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ട് ആന്ധ്രപ്രദേശ് സര്‍ക്കാര്‍ വീണ്ടും നോട്ടീസ് അയച്ചു. ചന്ദ്രബാബു നായിഡു ഇപ്പോള്‍ താമസിക്കുന്ന വീടിന് മുന്നിലാണ് ആന്ധ്ര ക്യാപ്പിറ്റല്‍ റീജണല്‍ ഡവലപ്മെന്‍റ് അതോറിറ്റി നോട്ടീസ് പതിപ്പിച്ചിരിക്കുന്നത്.

ചന്ദ്രബാബു നായിഡുവും കുടുംബവും എയര്‍ കോസ്റ്റ ഉടമയായിരുന്ന ലിംഗനേനി രമേശില്‍ നിന്ന് ലീസിനിനെടുത്ത വീട്ടിലാണ് താമസിക്കുന്നത്. കൃഷ്ണ നദിയുടെ തീരത്താണ് ഈ വീട് പണിതിരിക്കുന്നത്. നിയമം ലംഘിച്ച് അനധികൃതമായാണ് ഈ വീട് നിര്‍മിച്ചിരിക്കുന്നതെന്ന് കാണിച്ച് നേരത്തെയും ഈ വീട് പൊളിച്ച് നീക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നു.

ആ നോട്ടീസിന് ഉടമ നല്‍കിയ മറുപടി തൃപ്തികരമല്ലെന്ന് ആന്ധ്ര ക്യാപ്പിറ്റല്‍ റീജണല്‍ ഡവലപ്മെന്‍റ്  അതോറിറ്റി വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ഏഴു ദിവസത്തിനകം വീട് പൊളിച്ച് മാറ്റണമെന്ന് ആവശ്യപ്പെടുന്ന നോട്ടീസ് വീണ്ടും നല്‍കിയത്.

ഉടമ സ്വയം പൊളിച്ച് മാറ്റാന്‍ തയാറായില്ലെങ്കില്‍ അതോറിറ്റി കെട്ടിടം പൊളിച്ച് നീക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ, മുഖ്യമന്ത്രിയായിരുന്ന സമയത്ത് ചന്ദ്രബാബു നായിഡു പണിത പ്രജാവേദിക എന്ന കെട്ടിടവും പൊളിച്ച് മാറ്റിയിരുന്നു.