വ്യക്തിയധിഷ്ടിതമല്ല പകരം വിഷയാധിഷ്ടിതമായാവണം വിമര്‍ശനങ്ങളെന്ന് അഭിഷേക് സിങ്‍വി 

ദില്ലി: ജയറാം രമേശിന് പിന്നാലെ മോദിയെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിങ്‍വിയും. 'പ്രധാനമന്ത്രി നരേന്ദ്രമോദിയെ ദുഷ്ടനായി ചിത്രീകരിക്കുന്നത് തെറ്റാണ്. വ്യക്തിയധിഷ്ടിതമായല്ല പകരം വിഷയാധിഷ്ടിതമായാവണം വിമര്‍ശനങ്ങളെന്ന് അഭിഷേക് സിങ്‍വി ട്വിറ്ററില്‍ കുറിച്ചു. കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് കഴിഞ്ഞ ദിവസം മോദിയെ വിമര്‍ശിക്കുന്നത് എപ്പോഴും ഗുണകരമാവില്ലെന്നും അദ്ദേഹം ചെയ്ത നല്ലകാര്യങ്ങളെ അംഗീകരിക്കണമെന്നും വ്യക്തമാക്കി രംഗത്തെത്തിയിരുന്നു.

2014 മുതൽ 2019 വരെ മോദി ചെയ്ത നല്ല കാര്യങ്ങൾ അംഗീകരിക്കാനുള്ള സമയമായെന്നും ഈ കാര്യങ്ങൾ കൊണ്ടാണ് 30 ശതമാനത്തിലധികം ജനങ്ങളുടെ വോട്ടുകളുമായി അദ്ദേഹം അധികാരത്തിലെത്തിയതെന്നുമായിരുന്നു ജയറാം രമേശിന്‍റെ പ്രതികരണം. ഇതിന് പിന്നാലെയാണ് മോദിയുടെ പദ്ധതികളെ അനുകൂലിച്ച് അഭിഷേക് സിങ്‍വിയും രംഗത്തെത്തിയത്. 

Scroll to load tweet…

'പ്രധാനമന്ത്രി നരേന്ദ്രമോദിയെ പൈശാചികനായി ചിത്രീകരിക്കുന്നത് തെറ്റാണ്. അദ്ദേഹം പ്രധാനമന്ത്രി ആണെന്നതുകൊണ്ടല്ല. പകരം ഒരേ രീതിയില്‍ എതിര്‍ക്കുന്നത് അദ്ദേഹത്തിന് ഗുണകരമാവുകയേ ഉള്ളു. വ്യക്തിയധിഷ്ടിതമല്ല പകരം വിഷയാധിഷ്ടിതമായാവണം വിമര്‍ശനങ്ങള്‍'. ഉജ്ജ്വല സ്കീം പോലുള്ളവ നല്ല പ്രവര്‍ത്തിയാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 

രാഷ്ട്രീയ നിരീക്ഷകനായ കപിൽ സതീഷ് കൊമ്മി റെഡ്ഡിയുടെ പുസ്തകം പ്രകാശന വേദിയില്‍ വെച്ചാണ് ജയറാം രമേഷ് മോദിയെയും അദ്ദേഹത്തിന്‍റെ തീരുമാനങ്ങളെയും അനുകൂലിച്ച് രംഗത്തെത്തിയത്. 

'മോദി സംസാരിക്കുന്നത് ജനങ്ങളുമായി ഇണങ്ങിച്ചേരുന്ന ഭാഷയിലാണ്. ഭൂതകാലത്ത് ആരും ചെയ്യാത്തതും ജനങ്ങൾ അംഗീകരിക്കുന്നതുമായ കാര്യങ്ങൾ അദ്ദേഹം ചെയ്തു എന്ന് നമ്മൾ ഇനിയും തിരിച്ചറിഞ്ഞില്ലെങ്കിൽ ഈ മനുഷ്യനെ നേരിടാൻ നമുക്ക് കഴിയുകയില്ല.

മോദിയെ എല്ലായ്പ്പോഴും മോശക്കാരനാക്കിയും പൈശാചികവൽക്കരിച്ചും അദ്ദേഹത്തെ നേരിടാൻ കഴിയുകയില്ല. ഭരണത്തിന്‍റെ സാമ്പത്തിക ശാസ്ത്രമെടുത്താൽ അത് പൂർണ്ണമായും മോശമാണെന്ന് പറയാന്‍ സാധിക്കില്ല'. ഭരണത്തിന്റെ രാഷ്ട്രീയം തികച്ചും വ്യത്യസ്തമാണെന്നുമായിരുന്നു ജയറാം രമേശിന്‍റെ പ്രതികരണം. ദാ‍രിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് പാചകവാതക കണക്ഷൻ നൽകുന്നതിനായി ആരംഭിച്ച പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതിയെ മോദിയുടെ ജനസമ്മിതിക്ക് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.