പ്രണയിച്ചിരുന്ന യുവതിയുടെ വീട്ടുകാർ വിവാഹത്തിന് സമ്മതിക്കാത്തതിൽ ഓംകാർ നിരാശയിലായിരുന്നുവെന്നാണ് പൊലീസ് വിശദമാക്കുന്നത്
മുംബൈ: കാമുകിയുടെ വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചില്ല. അടൽ സേതുവിൽ നിന്ന് ചാടി യുവ ഡോക്ടർ ജീവനൊടുക്കി. മുംബൈയിലെ പ്രശസ്തമായ സർ ജെ ജെ ആശുപത്രിയിലെ 32കാരനായ ഡോ. ഓംകാർ കവിട്കെയുടെ മൃതദേഹം 42 മണിക്കൂർ നീണ്ട തെരച്ചിലിന് ശേഷവും കണ്ടെത്താനായിട്ടില്ല. ജനറൽ സർജറി, ലാപ്രോസ്കോപിക് സർജറി, പ്രൊക്ട്ടോളജി രംഗത്തെ എട്ട് വർഷത്തെ പരിചയമാണ് ഡോ. ഓംകാറിനുള്ളത്.
തിങ്കളാഴ്ച രാത്രിയാണ് അടൽ സേതു പാലത്തിൽ നിന്നും യുവ ഡോക്ടർ കടലിലേക്ക് ചാടിയത്. പ്രണയിച്ചിരുന്ന യുവതിയുടെ വീട്ടുകാർ വിവാഹത്തിന് സമ്മതിക്കാത്തതിൽ ഓംകാർ നിരാശയിലായിരുന്നുവെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഉൽവെ പൊലീസും മറൈൻ സെക്യൂരിറ്റി സേനയുമാണ് ഡോക്ടർക്കായി തെരച്ചിൽ നടത്തുന്നത്. മുംബൈ സ്വദേശിനിയായ യുവ ഡോക്ടറുമായി ഓംകാർ പ്രണയത്തിലായിരുന്നു. ഉടനേ വിവാഹിതരാവാനുള്ള തീരുമാനത്തിലായിരുന്നു ഇവരുണ്ടായിരുന്നത്. എന്നാൽ ഒരു മാസം മുൻപ് വനിതാ ഡോക്ടറുടെ കുടുംബം ബന്ധത്തിൽ താൽപര്യമില്ലെന്നും പ്രണയത്തിൽ പിന്മാറാനും ഇവരോട് നിർദ്ദേശിച്ചിരുന്നു.
ഇതിന് പിന്നാലെ ഓംകാർ വിഷാദനായിരുന്നുവെന്നാണ് ബന്ധുക്കൾ വിശദമാക്കുന്നത്. ഇതാവാം കടുത്ത തീരുമാനത്തിലേക്ക് യുവ ഡോക്ടറെ എത്തിച്ചതെന്നാണ് പൊലീസ് വിശദമാക്കുന്നത്. ലെക്ചർ പദവിയിലേക്ക് നിയമനം നടക്കാനിരിക്കെയാണ് ഓംകാർ അടൽ സേതുവിൽ നിന്ന് കടലിലേക്ക് ചാടിയത്. മുംബൈയിലെ കലമ്പൊലിയിൽ അമ്മയ്ക്കൊപ്പമായിരുന്നു ഓംകാർ താമസിച്ചിരുന്നത്. തിങ്കളാഴ്ച അമ്മയെ ഫോണിൽ വിളിച്ച് ഭക്ഷണം കഴിക്കാനെത്തുമെന്ന് അറിയിച്ച ശേഷമാണ് തന്റെ ഹോണ്ട അമേസ് കാറിൽ ഓംകാർ സീ ലിങ്ക് പാലത്തിന്റെ ഭാഗത്തേക്ക് പോയത്. രാത്രി 9.26ഓടെയാണ് ഓംകാർ പാലത്തിൽ നിന്ന് ചാടിയത്. ഇത് കണ്ട മറ്റൊരു വാഹത്തിലുണ്ടായിരുന്ന ആളാണ് പൊലീസിൽ വിവരം അറിയിച്ചത്. ഓംകാറിന്റെ ഫോൺ കാറിനുള്ളിൽ വച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)


