'ഹിന്ദു ഭീകരത' എന്ന പദം സൃഷ്ടിച്ചത് കോൺഗ്രസാണെന്ന് ഏക്നാഥ് ഷിൻഡെയും ആരോപിച്ചു. ദേശസ്നേഹികളെ അപകീർത്തിപ്പെടുത്താൻ കോൺഗ്രസ് നേതാക്കൾ ‘ഹിന്ദു ഭീകരത’ എന്ന പദം ഉപയോഗിച്ചു.
മുംബൈ: 2008 ലെ മാലേഗാവ് സ്ഫോടനക്കേസിലെ ഏഴ് പ്രതികളെയും കുറ്റവിമുക്തരാക്കിയ കോടതി വിധിയെ സ്വാഗതം ചെയ്ത് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയും രംഗത്ത്. വിധി നിരപരാധികളെ രക്ഷപ്പെടുത്തിയെന്നും ഹിന്ദു സമൂഹത്തിനെതിരായി ചാർത്തിയ തെറ്റായ കളങ്കം മായ്‌ക്കുന്നുവെന്നും ഇരുവരും പറഞ്ഞു. ഭീകരവാദത്തിന് ഒരിക്കലും കാവിയാകാൻ സാധിക്കില്ലെന്ന് ഫഡ്നവിസ് ട്വിറ്ററിൽ കുറിച്ചു. കോൺഗ്രസ് മുഴുവൻ ഹിന്ദു സമൂഹത്തോടും ക്ഷമ ചോദിക്കണമെന്നും ഫഡ്‌നാവിസ് വ്യക്തമാക്കി. കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാർ തെരഞ്ഞെടുപ്പ് സമയത്ത് ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുന്നതിനായി ഹിന്ദു ഭീകരതയെക്കുറിച്ച് തെറ്റായ കഥ സൃഷ്ടിക്കാൻ ശ്രമിച്ചുവെന്നും ഹിന്ദു ഭീകരത എന്ന വാദം തെറ്റായിരുന്നുവെന്നും ഫഡ്‌നാവിസ് പറഞ്ഞു.
ഹിന്ദു ഭീകരതയെക്കുറിച്ച് ഗൂഢാലോചന നടന്നു. എന്നാൽ തെളിവുകൾ സഹിതം കോടതി അത് തള്ളിക്കളഞ്ഞു. പ്രതി ചേർക്കപ്പെട്ടവരോട് മാത്രമല്ല, മുഴുവൻ ഹിന്ദു സമൂഹത്തോടും കോൺഗ്രസ് ക്ഷമ ചോദിക്കണം. ഗൂഢാലോചന സൃഷ്ടിക്കാൻ അന്നത്തെ രാഷ്ട്രീയ കക്ഷികളുടെ സമ്മർദ്ദം പൊലീസിനുമേൽ ചെലുത്തിയതിനാൽ അവരെ കുറ്റപ്പെടുത്തില്ലെന്നും ഫഡ്‌നാവിസ് പറഞ്ഞു. 9/11 ന് ശേഷം ലോകമെമ്പാടും ഇസ്ലാമിക ഭീകരതയെക്കുറിച്ച് ചർച്ചകൾ നടന്നിരുന്നുവെന്നും ഇതിനെ പ്രതിരോധിക്കാൻ യുപിഎ സർക്കാർ ഹിന്ദു ഭീകരതയെക്കുറിച്ച് തെറ്റായ ഒരു ആഖ്യാനം സൃഷ്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
'ഹിന്ദു ഭീകരത' എന്ന പദം സൃഷ്ടിച്ചത് കോൺഗ്രസാണെന്ന് ഏക്നാഥ് ഷിൻഡെയും ആരോപിച്ചു. ദേശസ്നേഹികളെ അപകീർത്തിപ്പെടുത്താൻ കോൺഗ്രസ് നേതാക്കൾ ‘ഹിന്ദു ഭീകരത’ എന്ന പദം ഉപയോഗിച്ചു. പതിനേഴു വർഷത്തെ നീണ്ട പോരാട്ടത്തിനൊടുവിൽ, മലേഗാവ് ബോംബ് സ്ഫോടന കേസിൽ ഏഴ് പ്രതികളെ പ്രത്യേക കോടതി കുറ്റവിമുക്തരാക്കി. നീതി വൈകിയെന്നത് സത്യമാണ്, പക്ഷേ സത്യം ഒരിക്കലും പരാജയപ്പെടുന്നില്ലെന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടിരിക്കുന്നുവെന്നും ഷിൻഡെ എക്‌സിൽ പോസ്റ്റ് ചെയ്തു.
മാലേഗാവ് സ്ഫോടന കേസിൽ തെറ്റായി കുറ്റാരോപിതരായി ജയിലിലടയ്ക്കപ്പെട്ട ദേശസ്നേഹികളെ തുടക്കം മുതൽ തന്നെ ശിവസേന അസന്ദിഗ്ധമായി പിന്തുണച്ചിട്ടുണ്ട്. കേണൽ പുരോഹിത്, സാധ്വി പ്രജ്ഞ, മറ്റ് ഏഴ് വ്യക്തികൾ എന്നിവർക്ക് ആരോപണങ്ങൾ കാരണം മാനസികവും ശാരീരികവുമായ പീഡനം സഹിക്കേണ്ടിവന്നു. ഹിന്ദു സമൂഹം ഈ അനീതി ഒരിക്കലും മറക്കില്ലെന്നും ഷിൻഡെ വ്യക്തമാക്കി.
ഹിന്ദുക്കൾ ഒരിക്കലും ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടില്ല. ഹിന്ദുമതം പിന്തുടരുന്നവർക്ക് ദേശസ്നേഹം പവിത്രമായ കടമയാണ്. 'ഹിന്ദു ഭീകരത' എന്ന അസംബന്ധ പദം ഗൂഢാലോചനക്കാരായ കോൺഗ്രസ് നേതാക്കളാണ് സൃഷ്ടിച്ചത്. ഇത്തരം നുണകൾക്ക് ഇപ്പോൾ അവരുടെ പക്കൽ എന്താണ് ഉത്തരമുള്ളത. ഇന്ന് ഒരു ഇരുണ്ട അധ്യായം അവസാനിച്ചുവെന്നും ഹിന്ദു സമൂഹത്തിന്മേലുള്ള കളങ്കം തുടച്ചുനീക്കപ്പെട്ടുവെന്നും ഷിൻഡെ വ്യക്തമാക്കി.
2008 ലെ മാലേഗാവ് സ്ഫോടനക്കേസിലെ ഏഴ് പ്രതികളെയും മുംബൈയിലെ പ്രത്യേക എൻഐഎ കോടതി വെറുതെ വിട്ടു. ശക്തവും വിശ്വസനീയവുമായ തെളിവുകളുടെ അഭാവത്തിലാണ് പ്രതികളെ വെറുതെ വിടുന്നതെന്നും ചൂണ്ടിക്കാട്ടി. 2008 സെപ്റ്റംബർ 29 ന് നാസിക് ജില്ലയിലെ പള്ളിക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ ആറ് പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ബിജെപി എംപി പ്രജ്ഞാ സിംഗ് താക്കൂർ, ലെഫ്റ്റനന്റ് കേണൽ പ്രസാദ് പുരോഹിത് എന്നിവരുൾപ്പെടെ എല്ലാ പ്രതികളും വിചാരണ സമയത്ത് ജാമ്യത്തിലായിരുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടു.

