മുംബൈ: അര്‍ധരാത്രിയിലെ നാടകീയ നീക്കത്തിനൊടുവില്‍ കോണ്‍ഗ്രസിനും ശിവസേനക്കും തിരിച്ചടി നല്‍കിക്കൊണ്ട് മഹാരാഷ്ട്രയില്‍ ബിജെപി എന്‍സിപി സര്‍ക്കാര്‍ രൂപീകരിച്ചു. അൽപസമയം മുന്പ് രാജ്ഭവനിൽ വച്ച് ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അജിത് പവാർ രണ്ടാമനായി സത്യപ്രതിജ്ഞ ചെയ്തു. എൻസിപി അധ്യക്ഷൻ ശരത് പവാറിന്റെ അനന്തരവനാണ് അജിത് പവാർ. ശിവസേന, കോൺഗ്രസ്, എൻസിപി സഖ്യശ്രമങ്ങൾക്കിടെയാണ്  എൻസിപി മറുകണ്ടം ചാടിയത്. 

 

നീക്കം കര്‍ഷകര്‍ക്ക് വേണ്ടിയാണെന്നും വേണ്ടത് സ്ഥിരതയുള്ള സർക്കാരെന്ന് സത്യപ്രതിജ്ഞയ്ക്ക് ശേഷം അജിത് പവാര്‍ പ്രതികരിച്ചു.  ജനം പിന്തുണച്ചത് ബിജെപിയെ എന്ന് ഫഡ്നാവിസ് പറഞ്ഞു. അജിത് പവാറിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമിത്ഷായ്ക്കും ഫട്നാവിസ് നന്ദി രേഖപ്പെടുത്തി. കൂടുതൽ നേതാക്കൾ ഒപ്പം വരുമെന്ന് ഫഡ് നാവിസ് പറഞ്ഞു. അജിത് പവാർ എൻസിപി പിളർത്തിയെന്നാണ് സൂചന. നാടകീയ നീക്കം ശരദ് പവാറിന്‍റെ അറിവോടെയെന്ന് സംശയിക്കുന്നതായി കോണ്‍ഗ്രസ് പ്രതികരണം. 

 

ശിവസേനയെ ഞെട്ടിച്ചാണ്  മഹാരാഷ്ട്രയില്‍ ബിജെപി എന്‍സിപിയുടെ നാടകീയ നീക്കം. മഹാരാഷ്ട്രയില്‍ ശിവസേന–എന്‍സിപി–കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിനെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കെയാണ് ബിജെപിയുടെ നിര്‍ണായ നീക്കം. ശിവസേന–എന്‍സിപി–കോണ്‍ഗ്രസ്  സഖ്യം മഹാരാഷ്ട്രയില്‍ അവകാശവാദം ഉന്നയിക്കാന്‍‌ ഗവര്‍ണറെ കാണാനുള്ള സമയവും തീരുമാനിച്ചിരിക്കെയാണ് ഈ രാഷ്ട്രീയ നാടകം.