മുംബൈ:പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാജ്യത്തിന്‍റെ പിതാവെന്ന് വിശേഷിപ്പിച്ചുള്ള മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഭാര്യ അമൃത ഫഡ്നാവിസിന്‍റെ ട്വീറ്റ് വിവാദത്തിൽ. മോദിക്ക് ജന്മദിനാശംസകൾ നേർന്നുള്ള ട്വീറ്റിലായിരുന്നു വിവാദ പരാമർശം. ട്വീറ്റിനെതിരെ രൂക്ഷമായ രീതിയില്‍ നിരവധി വിമർശനങ്ങളാണ് ഉയരുന്നത്.

സമൂഹത്തിന്‍റെ പുരോഗതിക്ക് വേണ്ടി വിശ്രമമില്ലാതെ ജോലി ചെയ്ത് പ്രചോദനമായ രാജ്യത്തിന്‍റെ പിതാവിന് ജന്മദിനാശംസകള്‍ എന്നായിരുന്നു അമൃതയുടെ ട്വീറ്റ്. എന്നാല്‍ മോദിയെ രാജ്യത്തിന്‍റെ പിതാവായി ഉയര്‍ത്തിക്കാണിക്കാനുള്ള ഗൂഢശ്രമത്തിന്‍റെ ഭാഗമാണ് ഇതെന്ന് എന്‍സിപി വക്താവ് നവാബ് മാലിക് പറഞ്ഞു. നേരത്തെ ഖാദി ഗ്രാമോദ്യോഗിന്‍റെ കലണ്ടറില്‍ മഹാത്മാ ഗാന്ധിക്ക് പകരം മോദിയുടെ ചിത്രം പതിച്ചത് രൂക്ഷ വിമര്‍ശനത്തിന് കാരണമായിരുന്നു. 

ഗാന്ധിജിയെ അറിയുമോ അദ്ദേഹമാണ് രാഷ്ട്രപിതാവെന്ന് നിരവധി ആളുകള്‍ ട്വീറ്റിന് മറുപടി നല്‍കി. മോദി രാജ്യത്തിന്‍റെ പിതാവായത് എപ്പോഴാണെന്നും നിരവധിപ്പേര്‍ ചോദിക്കുന്നു.മോദിയുടെ അഭ്യുദയകാംഷികളും അനുഭാവികളുമടക്കമുള്ളവര്‍ ആശംസകളുമായെത്തിയതോടെ പ്രധാനമന്ത്രിയുടെ ജന്മദിനം ട്വിറ്റര്‍ ട്രെന്‍ഡിങ്ങിലേക്ക് എത്തിയിരുന്നു. ഏഴ് വ്യത്യസ്ത ഹാഷ്ടാഗുകളിലാണ് ട്വിറ്ററില്‍ മോദിക്കുള്ള പിറന്നാളാശംസകള്‍ നിറയുന്നത്.