മോദിയെ രാഷ്ട്രപിതാവെന്ന് വിശേഷിപ്പിച്ചാൽ പിന്നെ മഹാത്മാ​ഗാന്ധി ആരാണെന്ന് അമൃതയ്ക്ക് നേരെ ചോദ്യങ്ങളുയർന്നു. മഹാത്മാഗാന്ധി രാഷ്ട്രപിതാവാണ്, മോദിജി പുതിയ ഇന്ത്യയുടെ പിതാവാണ്. രണ്ട് രാഷ്ട്രപിതാക്കന്മാരുണ്ട് - ഒരാൾ ഈ കാലഘട്ടത്തിൽ നിന്ന്, ഒരാൾ ആ കാലഘട്ടത്തിൽ നിന്ന്," അമൃത മറാത്തിയിൽ മറുപടി നൽകി.

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപിതാവ് ആണെന്ന് വിശേഷിപ്പിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യ അമൃത ഫഡ്‌നാവിസ്. ഇതാദ്യമായല്ല അമൃത മോദിയെ രാഷ്ട്രപിതാവ് എന്ന് വിശേഷിപ്പിക്കുന്നത്. 

നാ​ഗ്പൂരിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുമ്പോഴായിരുന്നു അമൃതയുടെ പരാമർശം. മോദിയെ രാഷ്ട്രപിതാവെന്ന് വിശേഷിപ്പിച്ചാൽ പിന്നെ മഹാത്മാ​ഗാന്ധി ആരാണെന്ന് അമൃതയ്ക്ക് നേരെ ചോദ്യങ്ങളുയർന്നു. "മഹാത്മാഗാന്ധി രാഷ്ട്രപിതാവാണ്, മോദിജി പുതിയ ഇന്ത്യയുടെ പിതാവാണ്. രണ്ട് രാഷ്ട്രപിതാക്കന്മാരുണ്ട് - ഒരാൾ ഈ കാലഘട്ടത്തിൽ നിന്ന്, ഒരാൾ ആ കാലഘട്ടത്തിൽ നിന്ന്," അമൃത മറാത്തിയിൽ മറുപടി നൽകി. 2019ലാണ് ഇതിനു മുമ്പ് അമൃത സമാന വിശേഷണം മോദിക്ക് നൽകിയത്. "നമ്മുടെ രാജ്യത്തിന്റെ പിതാവായ നരേന്ദ്ര മോദി ജിക്ക് ജന്മദിനാശംസകൾ നേരുന്നു - സമൂഹത്തിന്റെ പുരോഗതിക്കായി അശ്രാന്തമായി പ്രവർത്തിക്കാൻ അങ്ങ് ഞങ്ങളെ പ്രചോദിപ്പിക്കുന്നു." പ്രധാനമന്ത്രിക്കുള്ള സന്ദേശത്തിൽ അവർ അന്ന് ട്വീറ്റ് ചെയ്തു.

തന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളുടെയും പൊതു പ്രസ്താവനകളുടെയും പേരിൽ പലപ്പോഴും വാർത്തകളിൽ ഇടം നേടിയ അമൃത ഫഡ്‌നാവിസ് ഈ വർഷമാദ്യം അന്നത്തെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ പരിഹസിച്ച് രം​ഗത്തെത്തിയിരുന്നു. ഉദ്ധവ് താക്കറേക്ക് മുഖ്യമന്ത്രി പദം നഷ്ടപ്പെടാൻ കാരണമായ ശിവസേന പേരിന് ഇടയിലായിരുന്നു പരിഹാസം. ഒരിക്കൽ ഒരു ദുഷ്ടനായ രാജാവ് ഉണ്ടായിരുന്നു എന്നായിരുന്നു അന്നത്തെ ട്വീറ്റ്. ഇത് ചർച്ചയായതോടെ പിന്നീട് അത് പിൻവലിച്ചു. "രാജാവ്" എന്ന പരാമർശവും 'ആയിരുന്നു' എന്നതിന് അവർ ഉപയോഗിച്ച ഉദ്ധരണി ചിഹ്നങ്ങളുമാണ് അന്ന് ട്വീറ്റ് ഉദ്ധവ് താക്കറെയെ ഉന്നംവച്ചാണെന്ന് വ്യാഖ്യാനിക്കപ്പെട്ടത്. ട്വീറ്റ് ചെയ്യുമ്പോൾ ഉദ്ധവിന് സ്ഥാനം നഷ്ടപ്പെട്ടിരുന്നില്ല. ഉദ്ധവിനെ പുറത്താക്കി ഏക്നാഥ് ഷിൻഡെ മുഖ്യമന്ത്രിയായപ്പോൾ അമൃതയുടെ ഭർത്താവ് ദേവേന്ദ്ര ഫഡ്നാവിസ് ഉപമുഖ്യമന്ത്രിയാകുകയും ചെയ്തു. 

Read Also: മോദി അന്താരാഷ്ട്ര നേതാവ്, കത്തോലിക്കാ സഭയ്ക്ക് രാഷ്ട്രീയ പാർട്ടികളുമായി ബന്ധമില്ല: സിബിസിഐ അധ്യക്ഷൻ