സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തി പൊലീസ് റിപ്പോർട്ട് നൽകിയതിനു ശേഷം ഇക്കാര്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി

ബെംഗളൂരു: ദക്ഷിണ കന്നടയിലെ ധര്‍മ്മസ്ഥലയിൽ നടന്നുവെന്ന് പറയപ്പെടുന്ന കൂട്ടക്കൊല, കൂട്ട ബലാത്സംഗം, കൂട്ട ശവസംസ്കാരം എന്നിവ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിക്കുന്നത് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. എസ്ഐടി രൂപീകരിക്കുന്നതിൽ സർക്കാരിന് എതിർപ്പില്ല. സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തി പൊലീസ് റിപ്പോർട്ട് നൽകിയതിനു ശേഷം ഇക്കാര്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി.

ധര്‍മ്മസ്ഥല കേസുമായി റിട്ട ജസ്റ്റിസ് ഗോപാല ഗൗഡയുടെ നേതൃത്വത്തിൽ ഒരു കൂട്ടം അഭിഭാഷകര്‍ എസ്ഐടി അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇക്കാര്യം സംബന്ധിച്ച ഉചിതമായ തീരുമാനമെടുക്കമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കിയത്. എസ്ഐടി രൂപീകരിക്കേണ്ട ആവശ്യമുണ്ടെങ്കിൽ തീര്‍ച്ചയായും രൂപീകരിക്കുമെന്നാണ് സിദ്ധരാമയ്യയുടെ പ്രതികരണം. പത്തു വര്‍ഷം മുമ്പ് യുവതികളെ കൂട്ട ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി മൃതദേഹം കൂട്ടമായി സംസ്കരിച്ചുവെന്ന വെളിപ്പെടുത്തലുമായി ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളിയാണ് രംഗത്തെത്തിയത്.

ഇദ്ദേഹം ധര്‍മ്മസ്ഥല പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. കൊലപാതകങ്ങള്‍ക്ക് താൻ സാക്ഷിയാണെന്നും മുൻ ജീവനക്കാരൻ വെളിപ്പെടുത്തിയിരുന്നു. തനിക്കും കുടുംബത്തിനും നിയമപരമായ സംരക്ഷണം നൽകണമെന്നും അന്വേഷവുമായി സഹകരിക്കാൻ തയ്യാറാണെന്നുമാണ് മുൻ ജീവനക്കാരന്‍റെ വ്യക്തമാക്കിയത്. കഴിഞ്ഞ പത്തുവര്‍ഷത്തോളം ഒളിവിലായിരുന്ന വ്യക്തിയാണ് ഇപ്പോള്‍ സെക്ഷൻ 164 പ്രകാരം ബെൽത്തങ്ങാടി കോടതിയിൽ രഹസ്യ മൊഴി നൽകിയതെന്നും ഇതുസംബന്ധിച്ച രണ്ടു ദിവസത്തിനുള്ളിൽ പൊലീസ് റിപ്പോര്‍ട്ട് നൽകുമെന്നും അതിനുശേഷം തുടര്‍നടപടിയുണ്ടാകുമെന്നും സിദ്ധരാമയ്യ പറഞ്ഞു.

ധര്‍മ്മസ്ഥല ക്ഷേത്രത്തിൽ 1995-2014 കാലത്ത് ജോലി ചെയ്തയാളാണ് വെളിപ്പെടുത്തൽ നടത്തിയത്. മൊഴിയെ തുടര്‍ന്ന് സ്ഥലത്ത് കുഴിച്ച് പരിശോധിക്കാൻ കോടതി നിര്‍ദേശിച്ചിരുന്നെങ്കിലും ഒരാഴ്ചയായിട്ടും നടപടി തുടങ്ങിയിട്ടില്ല. സ്വന്തം കുടുംബത്തിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച വിവരമറിഞ്ഞ മുൻ ജീവനക്കാരൻ ധര്‍മസ്ഥലയിൽ നിന്ന് ഒളിച്ചോടി. അയൽസംസ്ഥാനങ്ങളിൽ വര്‍ഷങ്ങളോളം ഒളിവിൽ കഴിഞ്ഞശേഷം തിരിച്ചെത്തുകയായിരുന്നുവെന്നാണ് മൊഴി.