മൺവെട്ടി ഉപയോഗിച്ച് മൂന്നടി കുഴിച്ച് പരിശോധിച്ചപ്പോഴേക്ക് വെള്ളക്കെട്ട് രൂപപ്പെട്ടതോടെ പിന്നീട് ജെസിബി ഉപയോഗിച്ചാണ് പ്രദേശം വിശദമായി പരിശോധിച്ചത്.
ബെംഗളൂരു: ധർമസ്ഥലയിൽ മൃതദേഹം മറവ് ചെയ്തെന്ന് സാക്ഷി വെളിപ്പെടുത്തിയ ആദ്യപോയന്‍റ് വിശദമായി പരിശോധിച്ചിട്ടും അന്വേഷണ സംഘത്തിന് ഒന്നും കണ്ടെത്താനായില്ല. മൺവെട്ടി ഉപയോഗിച്ച് മൂന്നടി കുഴിച്ച് പരിശോധിച്ചപ്പോഴേക്ക് വെള്ളക്കെട്ട് രൂപപ്പെട്ടതോടെ പിന്നീട് ജെസിബി ഉപയോഗിച്ചാണ് പ്രദേശം വിശദമായി പരിശോധിച്ചത്. വരും ദിവസങ്ങളിലും സാക്ഷി ചൂണ്ടിക്കാണിച്ച എല്ലാ പോയന്‍റുകളിലും വിശദമായ പരിശോധന നടത്തുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി.
നേത്രാവതി നദിക്കരയിൽ നിന്ന് ഏതാണ്ട് അമ്പത് മീറ്ററോളം അകലെ കാടിനുള്ളിൽ സാക്ഷിയായ മുൻ ശുചീകരണത്തൊഴിലാളി മൃതദേഹം മറവ് ചെയ്തെന്ന് അവകാശപ്പെടുന്ന ഒന്നാമത്തെ പോയന്‍റിലാണ് ഇന്ന് പ്രത്യേക അന്വേഷണസംഘം റവന്യൂ, വനം വകുപ്പ് ഉദ്യോഗസ്ഥർക്കും ഫോറൻസിക് ഉദ്യോഗസ്ഥർക്കുമൊപ്പം പരിശോധന നടത്തിയത്. 2018-ൽ ദക്ഷിണ കന്നഡ ജില്ലയിലുണ്ടായ പ്രളയത്തിൽ നേത്രാവതിപ്പുഴ കര കവിഞ്ഞൊഴുകി ഈ മേഖലയിൽ അടക്കം വലിയ രീതിയിൽ വെള്ളം കയറിയതാണെന്ന് പ്രദേശവാസികൾ തന്നെ പറയുന്നുണ്ട്. പഞ്ചായത്തിന്‍റെ സഹായത്തോടെ 12 ജീവനക്കാരെത്തി മൺവെട്ടി കൊണ്ട് മൂന്നടി കുഴിച്ചപ്പോഴേക്ക് ഉറവ രൂപപ്പെടുകയും കുഴിയിൽ നിന്ന് വെള്ളം വരികയും സ്ഥലത്താകെ ചെളിക്കെട്ടാവുകയും ചെയ്തു. ഇതോടെയാണ് ചെറിയൊരു ജെസിബി കൊണ്ട് വന്ന് തെരച്ചിൽ നടത്താമെന്ന് അന്വേഷണസംഘം തീരുമാനിച്ചത്.
ജെസിബി ഉപയോഗിച്ച് വിശദമായി മണ്ണ് മാന്തിയെടുത്ത് പരിശോധിച്ചിട്ടും ഒന്നും ഇന്ന് കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല. ഒന്നാമത്തെ പോയന്‍റിൽ ഒന്നുമില്ല എന്ന നിഗമനത്തിലെത്തിയ അന്വേഷണ സംഘം ഇനി മറ്റ് പോയന്‍റുകൾ കേന്ദ്രീകരിച്ച് നാളെയും തെരച്ചിൽ തുടരും. ഇതുവരെ ആകെ 13 പോയന്‍റുകളാണ് മൃതദേഹം മറവ് ചെയ്തതായി സാക്ഷി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇതിൽ രണ്ടെണ്ണം റോഡരികിൽ ആർക്കും കാണാവുന്ന ഇടത്താണ്. മറ്റ് രണ്ട് പോയന്‍റുകൾ കൂടി കാണിച്ച് തരാൻ സാക്ഷി തയ്യാറാണെന്ന് പറയുന്നെങ്കിലും അത് സ്വകാര്യവ്യക്തികളുടെ ഭൂമിയിലാണ്. അവിടേക്ക് കയറാനും കുഴിച്ച് പരിശോധിക്കാനും എസ്ഐടിക്ക് കോടതി അനുമതി തേടേണ്ടി വരും.



