സമീപപ്രദേശങ്ങളിൽ പുതുതായി കാൽ അടയാളങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കാനുമാണ് എസ്ഐടിയുടെ നീക്കം.
ബെംഗളൂരു: ധർമ്മസ്ഥലയിൽ വെളിപ്പെടുത്തൽ നടത്തിയ സ്ഥലങ്ങളിൽ നിന്ന് മൃതദേഹാവശിഷ്ടം ലഭിച്ചാൽ എസ്ഐടി അതിൽ നിന്ന് മണ്ണും എല്ലിന്റെ ഭാഗങ്ങളിൽ നിന്ന് സാമ്പിളുകളും ശേഖരിക്കും. മൃതദേഹ അവശിഷ്ടം കിട്ടിയതിന് 20 മീറ്ററോളം ചുറ്റളവ് കെട്ടിയടച്ച് പരിശോധിക്കും. വസ്ത്രമോ മറ്റെന്തെങ്കിലും വസ്തുക്കളോ ഇവിടെ ഉണ്ടോ എന്നും പരിശോധന നടത്തും. സമീപപ്രദേശങ്ങളിൽ പുതുതായി കാൽ അടയാളങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കാനുമാണ് എസ്ഐടിയുടെ നീക്കം.
ഫോറൻസിക് വിദഗ്ധരും ആന്ത്രോപോളജിസ്റ്റും ചേർന്നായിരിക്കും മൃതദേഹ അവശിഷ്ടം പരിശോധിക്കുക. മൃതദേഹത്തിന്റെ ലിംഗ പരിശോധന ഉണ്ടാകും. പ്രായം, ഉയരം, അവശിഷ്ടത്തിന്റെ പഴക്കം, എല്ലിന്മേൽ പാടുകൾ എന്നിവ ഉണ്ടോ എന്നും പരിശോധിക്കും. മൃതദേഹവശിഷ്ടത്തിൽ നിന്ന് ഡിഎൻഎ സാമ്പിളുകൾ എടുത്ത് സൂക്ഷിക്കും. പിന്നീട് വരുന്ന എല്ലാ മിസ്സിംഗ് പരാതികളിലെയും ബന്ധുക്കളുടെ ഡിഎൻഎയും മൃതദേഹ അവശിഷ്ടത്തിൽ നിന്ന് കിട്ടിയ ഡിഎൻഎയും ഒത്തു നോക്കും. മൃതദേഹ അവശിഷ്ടം കിട്ടിയാൽ എല്ലാ പരിശോധനയും നടത്താൻ കോടതിയിൽ നിന്ന് അനുമതി തേടിയിരിക്കുകയാണ് എസ്ഐടി സംഘം.
അതേസമയം, ശുചീകരണ തൊഴിലാളി മൃതദേഹം മറവ് ചെയ്തെന്ന് വെളിപ്പെടുത്തിയ ഇടങ്ങളിൽ പരിശോധന ഇന്ന് തന്നെ ഉണ്ടായേക്കും. മൃതദേഹം മറവ് ചെയ്തെന്ന് വെളിപ്പെടുത്തിയ ഇടങ്ങളിൽ പരിശോധന ഇന്ന് തന്നെ ഉണ്ടായേക്കും. പഞ്ചായത്തിൽ നിന്ന് കുഴിയെടുക്കാൻ ആളുകളെ എത്തിക്കാൻ എസ്ഐടി നിർദേശം നൽകി. 12 പേരെ എത്തിക്കാനാണ് നിർദേശം. സാക്ഷിയെ ബെൽത്തങ്കടിയിൽ എസ്ഐടി ഓഫീസിൽ എത്തിക്കും.
ധർമസ്ഥലയിലെ 13 ഇടങ്ങളാണ് ഇന്നലെ പ്രത്യേകാന്വേഷണ സംഘത്തിന് ചൂണ്ടിക്കാണിച്ച് നൽകിയത്. സാക്ഷി കാണിച്ചുകൊടുത്ത എല്ലാ സ്പോട്ടുകളിലും പ്രത്യേകാന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ ജിയോടാഗിംഗ് നടത്തിയിട്ടുണ്ട്. ഇതിൽ സർക്കാരിന് കീഴിലും വനംവകുപ്പിന് കീഴിലുമുള്ള സ്ഥലങ്ങളുണ്ട്. ധർമസ്ഥല ട്രസ്റ്റിന് കീഴിലോ മറ്റ് സ്വകാര്യവ്യക്തികളുടെ പേരിലോ ഉള്ള ഭൂമിയിൽ പരിശോധന നടത്തുന്നതിന് അന്വേഷണസംഘത്തിന് കോടതിയുടെ പ്രത്യേക അനുമതി തേടേണ്ടി വരും.
അതേസമയം, ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിനെ നിഷേധിച്ച് ധർമസ്ഥല പഞ്ചായത്ത് രംഗത്തെത്തി. മൃതദേഹം മറവ് ചെയ്തെന്ന് ശുചീകരണത്തൊഴിലാളി കാണിച്ച് കൊടുത്ത ഇടങ്ങളിൽ ആത്മഹത്യകളോ അജ്ഞാതമൃതദേഹമോ കണ്ടെത്തിയ സംഭവങ്ങളാകാമെന്ന് ധർമസ്ഥല പഞ്ചായത്ത് പറയുന്നു. പണ്ട് പിഎച്ച്സിയിലെ ഡോക്ടർ വന്ന് പരിശോധിച്ച് അവിടെ തന്നെ കുഴിച്ചിടാറാണ് പതിവെന്നാണ് വാദം. 1989 മുതലെങ്കിലും ഇതിന് കൃത്യം രേഖകളുണ്ടെന്നും പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീനിവാസ് റാവു അറിയിച്ചു. എസ്ഐടിക്ക് ഈ രേഖകൾ കൈമാറാൻ തയ്യാറാണെന്നും റാവു കൂട്ടിച്ചേർത്തു.
എന്നാൽ, സാക്ഷിയുടെ അഭിഭാഷകർ സംഭവങ്ങളെ എതിർത്തു. കുഴിമാടങ്ങളോ പൊതുശ്മശാനമോ ആകാൻ ഒരു സാധ്യതയുമില്ലാത്ത വനമേഖലയാണ് സാക്ഷി ചൂണ്ടിക്കാണിച്ചത്. പലതും ഉൾക്കാട്ടിലുള്ള സ്ഥലങ്ങളാണ്. ഒരു പഞ്ചായത്തും അവിടെ മൃതദേഹം മറവ് ചെയ്യാൻ തെരഞ്ഞെടുക്കില്ല. അജ്ഞാത മൃതദേഹമോ ആത്മഹത്യാക്കേസുകളോ എന്തുകൊണ്ട് പൊതു ശ്മശാനത്തിൽ അടക്കിയില്ല എന്നും അഭിഭാഷകർ ചോദിച്ചു. സംഭവത്തിൽ പഞ്ചായത്ത് അധികൃതർക്ക് പങ്കെന്ന് ആരോപിച്ച സാക്ഷിയുടെ അഭിഭാഷകർ ശ്രീനിവാസ് റാവു അടക്കമുള്ളവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു.
അതേസമയം, പരിശോധനയുമായി അന്വേഷണസംഘം മുന്നോട്ട് പോകുകയാണ്. ഒരു മൃതദേഹാവശിഷ്ടം എങ്കിലും കൃത്യമായി കണ്ടെത്താതെ ഒരു നിഗമനത്തിനും ഇല്ലെന്ന് എസ്ഐടി പ്രതികരിച്ചു. കുഴിച്ച് പരിശോധന നടത്താനുള്ള നടപടികളുമായി മുന്നോട്ട് പോകും. ബെൽത്തങ്കടി, ധർമശാല സ്റ്റേഷനുകൾ ഇതിനകം പട്ടിക തയ്യാറാക്കിയിട്ടുണ്ട്. 1980 മുതൽ റിപ്പോർട്ട് ചെയ്ത എല്ലാ ദുരൂഹമരണങ്ങളുടെയും, ആത്മഹത്യ, കാണാതായവർ എന്നിവരുടെയും ലിസ്റ്റുകൾ തയ്യാറാക്കിയിട്ടുണ്ടെന്നും എസ്ഐടി അധികൃതർ അറിയിച്ചു.



