2003-ൽ കാണാതായ പെൺകുട്ടിയുടെ അമ്മ  പരാതി നൽകി. ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് സംസ്ഥാന വനിതാ കമ്മീഷൻ ഇടപെട്ട് റിപ്പോർട്ട് തേടി.

ബെംഗളൂരു: ധർമസ്ഥലയിലെ ദുരൂഹ മരണ ആരോപണങ്ങളിൽ കൂടുതൽ പേർ പരാതികളുമായി രംഗത്തെത്തി. 2003-ൽ ധർമസ്ഥലയിൽ എത്തിയ പെൺകുട്ടിയെ കാണാതായത് സംബന്ധിച്ചാണ് പുതിയ പരാതി. എംബിബിഎസ് വിദ്യാർത്ഥിനിയുടെ അമ്മ സുജാത ആണ് പൊലീസിൽ പരാതി നൽകിയത്. 2003ൽ ക്ഷേത്രം അധികാരികളോട് പരാതി പറഞ്ഞിരുന്നു. വളരെ മോശം ഭാഷയിൽ ആയിരുന്നു പ്രതികരണം. ക്ഷേത്ര പരിസരത്ത് നിന്ന് നാല് പേർ ചേർന്ന് പിടിച്ച് കൊണ്ട് പോയി മർദിച്ചു എന്നും സുജാതയുടെ പരാതിയിൽ പറയുന്നു. നിരവധി മൃതദേഹങ്ങൾ മറവു ചെയ്തുവെന്ന് ശുചീകരണ തൊഴിലാളിയായിരുന്ന ആളുടെ വെളിപ്പെടുത്തൽ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പരാതി. ദക്ഷിണ കന്നഡ ജില്ലാ പൊലീസ് മേധാവിക്കാണ് വീട്ടമ്മ പരാതി നൽകിയത്.

അതിനിടെ ധർമസ്ഥലയിൽ സ്ത്രീകളെ മറവ് ചെയ്തെന്ന വെളിപ്പെടുത്തലിൽ സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്സണ്‍ നാഗലക്ഷ്മി ചൌധരി ഇടപെട്ടു. കഴിഞ്ഞ 20 വർഷം ധർമസ്‌ഥലയിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നും കാണാതായ സ്ത്രീകളുടെ വിവരങ്ങൾ നൽകാൻ സർക്കാരിന് നോട്ടീസ് നൽകി. സ്ത്രീകളും പെൺകുട്ടികളും അടക്കം കാണാതായ എല്ലാവരുടെയും വിവരങ്ങൾ നൽകാനാണ് നിർദേശം. ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിൽ വനിതാ കമ്മീഷൻ സ്വമേധയാ നടപടി എടുക്കുകയായിരുന്നു.

ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പടുത്തൽ

ധ‍ർമസ്ഥലയിൽ 1995 മുതൽ 2014 വരെ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്ത ആളാണ് വെളിപ്പെടുത്തൽ നടത്തിയത്. 10 വ‍ർഷത്തിനിടെ കുഴിച്ച് മൂടേണ്ടിവന്നത് നൂറ് കണക്കിന് മൃതദേഹങ്ങളെന്നാണ് അദ്ദേഹം പറഞ്ഞത്. കുറ്റബോധം കൊണ്ട് ഉറങ്ങാൻ പോലും ആകാത്ത സ്ഥിതിയിലായതിനാലാണ് എല്ലാം തുറന്നു പറയുന്നതെന്നും അഭിഭാഷകരുടെ സഹായത്തോടെ ശുചീകരണ തൊഴിലാളി പുറത്തുവിട്ട കത്തിൽ പറയുന്നു. ഓജസ്വി ഗൗഡ, സച്ചിൻ ദേശ്പാണ്ഡെ എന്നീ അഭിഭാഷകരുടെ സഹായത്തോടെയാണ് കത്ത് പുറത്ത് വിട്ടത്.

മറവ് ചെയ്ത മൃതദേഹങ്ങളിൽ ഏറിയ പങ്കും യുവതികളുടേതാണെന്നും ലൈംഗിക പീഡനത്തിന് ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിലാണ് മൃതദേഹങ്ങളുണ്ടായിരുന്നതെന്നും ശുചീകരണ തൊഴിലാളി പറയുന്നു. അന്ത്യ കർമ്മങ്ങൾ പോലും ചെയ്യാതെ മറവ് ചെയ്തതിനാൽ മരിച്ചവരുടെ ആത്മാക്കൾ തന്നെ വേട്ടയാടുന്നുവെന്നാണ് ഇയാൾ വിശദമാക്കിയത്. മരിച്ചവർക്ക് മാന്യമായ രീതിയിലുള്ള അന്തിമ സംസ്കാരത്തിനുള്ള അവസരം ഒരുക്കാനാണ് വെളിപ്പെടുത്തലെന്നും പറഞ്ഞു. കൊലപാതകങ്ങൾ അന്വേഷിക്കണമെന്നും മൃതദേഹങ്ങൾ കുഴിച്ചെടുക്കണമെന്നുമാണ് ഇയാൾ പൊലീസിനോട് ആവശ്യപ്പെടുന്നത്.