അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതും വില വര്‍ധനവിന് കാരണമാണ്. ആഭ്യന്തര ഉപയോഗത്തിന്റെ 80 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. ഇന്ധനവിലയുടെ നികുതി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ക്ഷേമപദ്ധതികള്‍ക്കാണ് ചെലവഴിക്കുന്നത്. 

ദില്ലി: ഇന്ധന വില വര്‍ധനയില്‍ മുന്‍ യുപിഎ സര്‍ക്കാറിനെ കുറ്റപ്പെടുത്തി പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. ഇന്ധന ബോണ്ടിന്റെ പുറത്ത് കോടിക്കണക്കിന് രൂപ കുടിശ്ശിക വരുത്തിയാണ് യുപിഎ സര്‍ക്കാര്‍ അധികാരമൊഴിഞ്ഞതെന്നും ഈ ബാധ്യതയെല്ലാം പിന്നീട് വന്ന സര്‍ക്കാറിന്റെ തലയിലായെന്നും പെട്രോളിയം മന്ത്രി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കി. വാര്‍ത്താഏജന്‍സിയായ എഎന്‍ഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 

ഇപ്പോള്‍ കുടിശ്ശികയും അതിന്റെ പലിശയും ഈ സര്‍ക്കാറാണ് അടക്കുന്നത്. അതുകൊണ്ടാണ് ഇന്ധന വില ഉയരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതും വില വര്‍ധനവിന് കാരണമാണ്. ആഭ്യന്തര ഉപയോഗത്തിന്റെ 80 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. ഇന്ധനവിലയുടെ നികുതി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ക്ഷേമപദ്ധതികള്‍ക്കാണ് ചെലവഴിക്കുന്നത്. ഇതില്‍ ഒന്നും ഒളിച്ചുവെക്കേണ്ട കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.

പെട്രോളിന്റെയും ഡീസലിന്റെയും വില രാജ്യത്താകമാനം കുതിക്കുകയാണ്. പെട്രോള്‍ വില പല സംസ്ഥാനങ്ങളിലും 100 രൂപ കടന്നു. ഇന്ധന വില വര്‍ധനക്കെതിരെ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രതിഷേധം രാജ്യവ്യാപകമായി സംഘടിപ്പിക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona