നീറ്റ് ക്രമക്കേടുകളെ തുടർന്ന് ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് ഇന്ത്യൻ യുവതയുടെ വിജയമെന്ന് കെസി വേണുഗോപാൽ. മോദി സർക്കാരിന്റെ ധാർഷ്ട്യത്തിനേറ്റ തിരിച്ചടിയാണിതെന്നും തുടർ പ്രക്ഷോഭങ്ങൾ ചർച്ച ചെയ്യാൻ പ്രതിപക്ഷ പാർട്ടികൾ യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു

ദില്ലി: നീറ്റ് ക്രമക്കേടുകൾക്കെതിരായ പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് ഇന്ത്യൻ യുവതയുടെയും വിദ്യാർത്ഥി സമൂഹത്തിന്റെയും വലിയ വിജയമാണെന്ന് എ ഐ സി സി സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. മോദി സർക്കാരിന്റെ ധാർഷ്ട്യത്തിനേറ്റ കനത്ത തിരിച്ചടിയാണ് ഈ രാജിയെന്നും, അടി തെറ്റിയാൽ എത്ര വലിയ അധികാരികളും വീഴുമെന്നതിന്റെ തെളിവാണ് കേന്ദ്ര സർക്കാരിന്‍റെ ഈ മുട്ടുമടക്കലെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥികളുടെ ഭാവിയുവെച്ച് കളിച്ച് അവരെ കഷ്ടപ്പെടുത്തിയ കേന്ദ്ര സർക്കാർ ഈ രാജി നേരത്തെ തീരുമാനിച്ചിരുന്നെങ്കിൽ പ്രശ്നങ്ങൾ നേരത്തെ അവസാനിക്കുമായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അനീതിക്കെതിരെ തെരുവിലിറങ്ങിയ യുവതയ്ക്ക് പിന്നിൽ അണിനിരക്കാൻ കഴിഞ്ഞതിൽ കോൺഗ്രസിന് അഭിമാനമുണ്ടെന്ന് വ്യക്തമാക്കിയ കെ സി വേണുഗോപാൽ, പ്രതിപക്ഷ പ്രക്ഷോഭം ഇവിടെ അവസാനിക്കുന്നില്ലെന്നും വിവരിച്ചു. കേന്ദ്രത്തിനെതിരായ തുടർ പ്രക്ഷോഭം ചർച്ച ചെയ്യുന്നതിനായി തിങ്കളാഴ്ച രാവിലെ 9.45 ന് എ ഐ സി സി അധ്യക്ഷൻ മല്ലികാർജുന ഖാർഗെയുടെ വസതിയിൽ പ്രതിപക്ഷ പാർട്ടികളുടെ യോഗം ചേരുമെന്നും വേണുഗോപാൽ അറിയിച്ചു.

പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് രാഹുൽ ഗാന്ധി

ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ സ്വാഗതം ചെയ്ത് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ പുനഃസൃഷ്ടിക്കുന്നതിലേക്കുള്ള വളരെ വലിയൊരു ചുവടുവെപ്പാണ് ഇതെന്നും അഭിപ്രായപ്പെട്ടു. തെരുവിലിറങ്ങി ജനാധിപത്യത്തെയും ഭരണഘടനയെയും സ്വന്തം ഭാവിയെയും സംരക്ഷിക്കാൻ ഉറച്ചുനിന്ന രാജ്യത്തെ എല്ലാ യുവജനങ്ങൾക്കും വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും രാഹുൽ വ്യക്തമാക്കി. കേന്ദ്രത്തെ മുട്ടുക്കുത്തിച്ച പ്രക്ഷോഭത്തിൽ അണിനിരന്ന എല്ലാവരെയും ഓർത്ത് അഭിമാനിക്കുന്നുവെന്നും രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. എന്നാൽ പ്രക്ഷോഭത്തിന്റെ പ്രധാനപ്പെട്ട രണ്ട് ആവശ്യങ്ങൾ ഇനിയും ബാക്കിയുണ്ടെന്ന് രാഹുൽ ഗാന്ധി ഓർമ്മിപ്പിച്ചു. വിദ്യാർത്ഥികളെയും രാജ്യത്തിന്‍റെ ഭാവിയെയും അപമാനിച്ചതിന് പ്രധാനമന്ത്രി മോദി മാപ്പ് പറയണമെന്നും, സമരത്തിനിടെ വിദ്യാർത്ഥികൾക്ക് നേരെ അക്രമം അഴിച്ചുവിട്ട കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നുമുള്ള ആവശ്യങ്ങൾ അംഗീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഈ രണ്ട് ആവശ്യങ്ങൾക്ക് വേണ്ടി പ്രക്ഷോഭം തുടരുമെന്നും രാഹുൽ വ്യക്തമാക്കി. കർഷകരും തൊഴിലാളികളും പാവപ്പെട്ടവരുമടക്കം ഈ ഭരണകൂടം അടിച്ചമർത്തിയ എല്ലാ വിഭാഗങ്ങളും സ്വന്തം ആത്മാഭിമാനത്തിനായി ഭരണഘടനാപരമായ രീതിയിൽ പോരാടണമെന്നും, ഈ സർക്കാരിനെ അധികാരത്തിൽ നിന്ന് മാറ്റാനുള്ള സമയം അടുത്തു കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരും 'ഭയപ്പെടേണ്ട' എന്നും എല്ലാവരും ഈ സർക്കാരിനെതിരായ പോരാട്ടത്തിനിറങ്ങണമെന്നും രാഹുൽ ഗാന്ധി ആഹ്വാനം ചെയ്തു.