Asianet News MalayalamAsianet News Malayalam

'കബളിപ്പിക്കപ്പെട്ടു'; അമ്രപാലി ഗ്രൂപ്പിനെതിരെ ധോണി സുപ്രീം കോടതിയില്‍

അമ്രപാലി ഗ്രൂപ്പ് തന്നെ ബ്രാന്‍റ് അംബാസിഡറാക്കിയ സമയത്താണ് ഫ്ലാറ്റിനായി പണം നല്‍കിയതെന്നും എന്നാല്‍ കമ്പനി ബ്രാന്‍റ് പ്രൊമോഷന്‍റെ കരാര്‍ തുകയോ ഫ്ലാറ്റോ നല്‍കിയില്ലെന്നും ധോണി വ്യക്തമാക്കി

dhoni moves supreme court against amrapali group
Author
Delhi, First Published Apr 28, 2019, 12:26 PM IST

ദില്ലി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി സുപ്രീം കോടതിയിലേക്ക്. കെട്ടിടനിര്‍മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന അമ്രപാലി ഗ്രൂപ്പ് തന്നെ കബളിപ്പിച്ചെന്നും ഫ്ലാറ്റ് നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയെന്നും വ്യക്തമാക്കിയാണ് ധോണി സുപ്രീം കോടതിയെ സമീപിച്ചത്. കമ്പനിയുടെ ക്രെഡിറ്റേഴ്സ് ലിസ്റ്റില്‍ തന്‍റെ പേരുകൂടി ഉള്‍പ്പെടുത്തണമെന്നും ധോണി ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. റാഞ്ചിയിലെ അമ്രപാലി സഫാരിയില്‍ താന്‍ ഫ്ലാറ്റ് ബുക്ക് ചെയ്തിരുന്നുവെന്നും എന്നാല്‍  പറ്റിക്കപ്പെട്ടുവെന്നുമാണ് ധോണി ഹര്‍ജിയില്‍ വ്യക്തമാക്കുന്നത്.

അമ്രപാലി ഗ്രൂപ്പ് തന്നെ ബ്രാന്‍റ് അംബാസിഡറാക്കിയ സമയത്താണ് ഫ്ലാറ്റിനായി പണം നല്‍കിയത്. എന്നാല്‍ റിയല്‍ എസ്റ്റേറ്റ് കമ്പനി ബ്രാന്‍റ് പ്രൊമോഷന്‍  കരാര്‍ തുകയോ ഫ്ലാറ്റോ നല്‍കിയില്ലെന്നും ധോണി വ്യക്തമാക്കി. ബ്രാന്‍ഡ് അംബാസഡറായതിന് കരാറില്‍ പറഞ്ഞിരുന്ന 40 കോടിയോളം രൂപ കുടിശിക വരുത്തിയെന്ന് വ്യക്തമാക്കി കഴിഞ്ഞ മാസം  അമ്രപാലി ഗ്രൂപ്പിനെതിരെ ധോണി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. 

ആറ് വര്‍ഷത്തെ കരാര്‍ തുകയായ 22.53 കോടി രൂപയും അതിന്‍റെ പലിശയായ 16.42 കോടി രൂപയും അമ്രപാലി ഗ്രൂപ്പ് നല്‍കിയിട്ടില്ലെന്ന് ധോണി ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. കെട്ടിടനിര്‍മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന അമ്രപാലി ഗ്രൂപ്പുമായി 2009ലാണ് ധോണി കരാര്‍ ഒപ്പിടുന്നത്. ബ്രാന്‍ഡ് അംബാസഡര്‍ എന്ന നിലയില്‍ ധോണിയെ കമ്പനി മാര്‍ക്കറ്റിംഗിനും ബ്രാന്‍ഡിംഗിനും ഉപയോഗിച്ചിരുന്നു.

പിന്നീട് അമ്രപാലി ഗ്രൂപ്പിനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്ന് വന്നതോടെയാണ് താരം കമ്പനിയുമായുള്ള ബന്ധം അവസാനിപ്പിച്ചത്. ഫ്ലാറ്റ് നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് 46,000 ഇടപാടുകാരെ കബളിപ്പിച്ചെന്നായിരുന്നു അമ്രപാലി ഗ്രൂപ്പിനെതിരെയുള്ള മുഖ്യപരാതി. ഇതോടെ കമ്പനിക്കെതിരെ പ്രതിഷേധിച്ചവര്‍ ധോണിക്കെതിരെയും ആക്ഷേപം ഉന്നയിച്ചു.

വന്‍ തട്ടിപ്പ് നടത്തുന്ന കമ്പനിക്ക് വേണ്ടി ധോണി പ്രവര്‍ത്തിച്ചുവെന്നും ആരോപണം ചിലര്‍ ഉന്നയിച്ചു. അമ്രപാലി ഗ്രൂപ്പ് നടത്തിയ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ ധോണിയുടെ ഭാര്യ സാക്ഷി സജീവമായി പങ്കാളിയായതാണ് ആക്ഷേപം ശക്തമാക്കിയത്. വിവാദങ്ങള്‍ ശക്തമാകുന്നതിനിടെ ഫെബ്രുവരിയില്‍ കേസില്‍ ഇടപ്പെട്ട സുപ്രീംകോടതി അമ്രപാലി ഗ്രൂപ്പിന്റെ സിഎംഡി അടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. 
 

Follow Us:
Download App:
  • android
  • ios