ആ വൈറൽ വീഡിയോ, അമിത് ഷാ എന്താണ് പറഞ്ഞത്? പ്രതികരിച്ച് തമിഴിസൈ സൗന്ദർരാജൻ

അമിത് ഷായ്ക്കെതിരെ നാടാർ സംഘടന ഉള്‍പ്പെടെ പ്രതിഷേധിച്ചതിന് പിന്നാലെ, വൈറൽ വീഡിയോയെ കുറിച്ച് പ്രതികരിച്ച് ബിജെപി നേതാവ് തമിഴിസൈ സൗന്ദർരാജൻ

Did Amit Shah Scold Finally Tamilisai Soundararajan Responds

ചെന്നൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ നാടാർ സംഘടന ഉള്‍പ്പെടെ പ്രതിഷേധിച്ചതിന് പിന്നാലെ, വൈറൽ വീഡിയോയെ കുറിച്ച് പ്രതികരിച്ച് ബിജെപി നേതാവ് തമിഴിസൈ സൗന്ദർരാജൻ. അമിത് ഷാ പെരുമാറിയത് അങ്ങേയറ്റം കരുതലോടെയാണ്. പൊതുപ്രവർത്തനം സജീവമായി തുടരാൻ ഉപദേശിച്ചു. അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും തമിഴിസൈ ആവശ്യപ്പെട്ടു.

"2024ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് ബഹുമാനപ്പെട്ട ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടത്. തെരഞ്ഞെടുപ്പിന് ശേഷമുള്ള സാഹചര്യങ്ങളെ കുറിച്ചും അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ കുറിച്ചും ചോദിക്കാനാണ് അദ്ദേഹം വിളിച്ചത്. വിശദമായി പറയാൻ തുടങ്ങിയപ്പോൾ, സമയക്കുറവുണ്ടായിരുന്നു. രാഷ്ട്രീയ പ്രവർത്തനം ഊർജ്ജിതമായി തുടരാൻ അദ്ദേഹം ഉപദേശിച്ചു. അനാവശ്യമായ ഊഹാപോഹങ്ങളിൽ വ്യക്തത വരുത്താനാണ് ഇതെഴുതുന്നത്"- തമിഴിസൈ സൗന്ദർരാജൻ സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു. 

ആന്ധ്ര പ്രദേശിലെ വിജയവാഡയിൽ ചന്ദ്രബാബു നായിഡു സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ തമിഴിസൈയോട് വിരൽ ചൂണ്ടി സംസാരിക്കുന്ന അമിത് ഷായുടെ ദൃശ്യം പുറത്തുവന്നിരുന്നു. തമിഴ്‌നാട്ടിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈയെ വിമര്‍ശിച്ചതിന് അമിത് ഷാ തമിഴിസൈയെ താക്കീത് ചെയ്തു എന്നാണ് റിപ്പോർട്ട്. അമിത് ഷായുടെ വീഡിയോ ഡിഎംകെ രാഷ്ട്രീയ ആയുധമാക്കി. അമിത് ഷായുടേത് തെറ്റായ നടപടിയാണെന്ന് ഡിഎംകെ കുറ്റപ്പെടുത്തി. തമിഴ്നാട്ടിൽ നിന്നുള്ള പ്രമുഖ വനിതാ നേതാവിനെ അപമാനിച്ചത് മര്യാദയാണോ എന്നും ഡ‍ിഎംകെ ചോദിച്ചു. 

മുൻ ഗവർണർ ആയ നാടാർ വനിതയെ അപമാനിച്ചത് അപലപനീയം ആണെന്ന് നാടാർ മഹാജന സംഘം വാർത്താകുറിപ്പിറക്കി. അമിത് ഷായും സംഭവത്തിന്‌ കാരണക്കാരനായ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈയും മാപ്പ് പറയണം. ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും സംഘടന  മുന്നറിയിപ്പ് നൽകി. നാടാർ ശക്തികേന്ദ്രങ്ങളായ തിരുനെൽവേലി, തൂത്തുക്കുടി, കന്യാകുമാരി എന്നിവിടങ്ങളിൽ വ്യാപകമായി പോസ്റ്ററുകളും പതിപ്പിച്ചിട്ടുണ്ട്. 

തമിഴിസൈയെ അമിത്ഷാ ശകാരിച്ച സംഭവം; അപലപിച്ച് നാടാർ മഹാജനസംഘം; മാപ്പ് പറയണമെന്ന് ആവശ്യം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios