ക്രിമിനൽ കേസുകളിൽ പ്രതിയായ നിത്യാനന്ദയുടെ 'കൈലാസം' എന്ന രാജ്യം ഇപ്പോഴും ദുരൂഹമായി തുടരുന്നു.
ബംഗളൂരു: സ്വയം പ്രഖ്യാപിത ആൾദൈവവും ഇന്ത്യയിൽ നിരവധി ക്രിമിനൽ കേസുകളിലെ പിടികിട്ടാപ്പുള്ളിയുമായ നിത്യാനന്ദ ജീവനോടെയുണ്ടോ? കഴിഞ്ഞ രണ്ട് ദിവസമായി ഇയാൾ സ്വയം സമാധിയായി എന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ ചില ഭക്തർ പറഞ്ഞതോടെ അഭ്യൂഹങ്ങൾ ശക്തമാണ്.
എന്താണ് നിത്യാനന്ദയ്ക്ക് സംഭവിച്ചത്?
മീ ടോക്കിംഗ് ടു മീ, ത്രൂ ദിസ് മീ എന്നത് നല്ല 'മീം' ആയി പറന്നു നടന്നത് കാണാത്തവരുണ്ടാവില്ല. അതിലൂടെയാകും പലർക്കും സ്വയം പ്രഖ്യാപിത ദൈവമായ നിത്യാനന്ദയെ പരിചയം. അങ്ങനെ ട്രോൾ കണ്ട് ചിരിച്ച് തള്ളണ്ടയാളാണോ നിത്യാനന്ദ? തിരുവണ്ണാമലൈയിലെ അരുണാചലം രാജശേഖരൻ ഭഗവാൻ നിത്യാനന്ദയും ശിവന്‍റെ അവതാരവുമായതെങ്ങനെ? 12-ാം വയസ്സിൽ വെളിപാട് വന്ന് സന്യാസം സ്വീകരിച്ചെന്ന് അവകാശപ്പെടുന്ന നിത്യാനന്ദയുടെ പേരിൽ 47 രാജ്യങ്ങളിൽ ആശ്രമങ്ങളുണ്ടെന്ന് അനുയായികൾ പറയുന്നു. പക്ഷേ സത്യമിതാണ്. ഒന്നും രണ്ടും കേസല്ല. ബലാത്സംഗം, കുട്ടികളെ തട്ടിക്കൊണ്ട് പോകൽ, അശ്ലീലദൃശ്യങ്ങൾ പകർത്തൽ, കള്ളപ്പണം വെളുപ്പിക്കൽ, അമേരിക്കൻ സെനറ്റർമാരെ അടക്കം പറ്റിക്കൽ ഇങ്ങനെ നിരവധി കേസുകളിൽ രാജ്യത്തിനകത്തും പുറത്തും പ്രതിയാണ് നിത്യാനന്ദ.
ശാസ്ത്രമറിയാവുന്നവർ കേട്ടാൽ ചിരിക്കുന്ന പല അവകാശവാദങ്ങളും മൂപ്പർ നടത്തിയിട്ടുണ്ട്. സൂര്യോദയം 40 മിനിറ്റ് വൈകിച്ചുവെന്നത് മുതൽ ഐൻസ്റ്റീന്‍റെ E=mc2 എന്ന സമവാക്യം തെറ്റാണെന്ന് തെളിയിക്കാമെന്ന് വരെ പറഞ്ഞ ചരിത്രവുമുണ്ട്. 2010-ൽ ഒരു അഭിനേത്രിക്കൊപ്പമുള്ള സ്വകാര്യ വീഡിയോ പുറത്ത് വന്നതിലൂടെ വിവാദങ്ങളിൽ പെട്ട നിത്യാനന്ദ 2019-ൽ കേസുകളെത്തുടർന്ന് ഇന്ത്യയിൽ നിന്ന് മുങ്ങി. അമേരിക്ക മുതൽ ട്രിനിഡാഡ് ടുബാഗോ വരെ പല രാജ്യങ്ങളിൽ നിത്യാനന്ദയെ കണ്ടതായി വിദേശകാര്യ മന്ത്രാലയത്തിന് വിവരമുണ്ട്. 2021-ൽ യുണൈറ്റഡ് സ്റ്റേറ്റ്‍സ് ഓഫ് കൈലാസയെന്ന രാജ്യം സ്ഥാപിച്ചതായി പ്രഖ്യാപിച്ച നിത്യാനന്ദ യുഎന്നിന് കത്തും നൽകി.
സ്വന്തമായി കറൻസിയും റിസർവ് ബാങ്കും ഉണ്ടെന്ന് പോലും നിത്യാനന്ദ അവകാശപ്പെട്ടു. മുൻകൂർ അപേക്ഷ നൽകിയാൽ ഏത് കൂട്ടായ്മയ്ക്കും പങ്കെടുക്കാവുന്ന ഒരു യുഎൻ സമിതി യോഗത്തിൽ പങ്കെടുത്തതിലൂടെ കൈലാസയെ യുഎൻ അംഗീകരിച്ചെന്ന തരത്തിൽ പ്രതീതി ഉണ്ടാക്കാൻ ശ്രമിച്ചു നിത്യാനന്ദ. പക്ഷേ, കൗതുകകരമായ ഒരു കാര്യമിതാണ്. എവിടെയാണീ കൈലാസ? ആർക്കുമറിയില്ല. ഇക്വഡോറിനടുത്തുള്ള ഒരു ദ്വീപെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ആ സർക്കാർ അത് ശക്തമായി നിഷേധിച്ചു. അപ്പോൾ അങ്ങനെയൊരു രാജ്യമുണ്ടോ? ഇനി, എവിടെയാണ് നിത്യാനന്ദയുള്ളത് എന്ന ചോദ്യമുയരും. അതും ആർക്കുമറിയില്ല.
അപ്പോഴാണ് തിരുവണ്ണാമലൈയിലെ നിത്യാനന്ദയുടെ സഹോദരീപുത്രൻ സുന്ദരേശ്വരൻ ആൾദൈവം സ്വയം സമാധിയായി എന്നവകാശപ്പെടുന്നത്. പ്രാദേശികമാധ്യമങ്ങളിൽ ചിലത് അത് റിപ്പോർട്ട് ചെയ്ത പിന്നാലെ കൈലാസയുടെ വെബ്സൈറ്റിൽ നിഷേധക്കുറിപ്പ് പ്രത്യക്ഷപ്പെട്ടു. ഉഗാദി ദിവസം ഏതോ ഗ്രാഫിക്സ് സ്ക്രീനിന് മുന്നിൽ സർവാഭരണവിഭൂഷിതനായി നിത്യാനന്ദ ഭക്തർക്ക് യൂട്യൂബിൽ ദർശനം നൽകുന്ന വീഡിയോ അടക്കമുള്ള നിഷേധക്കുറിപ്പ്. സംഭവം ഏപ്രിൽ ഫൂളായിരുന്നോ? അതോ നിത്യാനന്ദ ശരിക്ക് മരിച്ച് പോയോ? ഇക്കഥയൊന്നും ആർക്കുമറിയില്ല. പക്ഷേ, പല ക്രിമിനൽ കേസുകളിൽ പ്രതിയായി അകത്ത് പോകേണ്ട ഒരാളാണ് നമ്മുടെ അന്വേഷണ ഏജൻസികളെ പറ്റിച്ച് എവിടെയോ ഒരു ഇല്ലാലോകമുണ്ടാക്കി ജീവിക്കുന്നത് എന്നതാണ് ഏറ്റവും ഗുരുതരമായ വിഷയം.
'എമ്പുരാനി'ൽ ഒടുവിൽ പ്രതികരിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി; 'ഇതിൽ എന്ത് വിവാദം, എല്ലാം ബിസിനസ്'
