ഇതോടെ ക്ഷേത്രത്തിൽ പ്രവേശിക്കാൻ വിസമ്മതിക്കുകയും പുറത്തു നിന്ന് പ്രാർത്ഥിച്ചാല്‍ മതിയാകുമെന്ന് അവരോട് പറയുകയായിരുന്നു.
ബംഗളൂരു: ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ പരാമർശത്തിൽ ചര്‍ച്ചകള്‍ തുടരുന്നതിനിടെ വിവാദമായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വാക്കുകള്‍. ഷർട്ട് അഴിക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് കേരളത്തിലെ ഒരു ക്ഷേത്രത്തിൽ കയറേണ്ടെന്ന് തീരുമാനിച്ചുവെന്നാണ് സിദ്ധരാമയ്യ പറഞ്ഞത്. ഒരിക്കൽ കേരളത്തിലെ ഒരു ക്ഷേത്രത്തിൽ പോയപ്പോൾ അവർ എന്നോട് ഷർട്ട് അഴിച്ച് അകത്ത് കടക്കാൻ ആവശ്യപ്പെട്ടുവെന്ന് സിദ്ധരാമയ്യ പറഞ്ഞു.
ഇതോടെ ക്ഷേത്രത്തിൽ പ്രവേശിക്കാൻ വിസമ്മതിക്കുകയും പുറത്തു നിന്ന് പ്രാർത്ഥിച്ചാല്‍ മതിയാകുമെന്ന് അവരോട് പറയുകയായിരുന്നു. എല്ലാവരോടും ഷർട്ട് അഴിക്കാൻ അവർ ആവശ്യപ്പെട്ടില്ല, മറിച്ച് ചിലരോട് മാത്രമാണ് പറഞ്ഞത്. ഇത് മനുഷ്യത്വരഹിതമായ ആചാരമാണ്, ദൈവത്തിനു മുന്നിൽ എല്ലാവരും തുല്യരാണെന്ന് സിദ്ധരാമയ്യ പറഞ്ഞു. നാരായണ ഗുരുവിന്റെ 169-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ബംഗളൂരുവിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു കര്‍ണാടക മുഖ്യമന്ത്രി.
അതേസമയം, ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ പരാമർശത്തിൽ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും മറുപടി പറയണമെന്ന് ആവർത്തിക്കുകയാണ് ബിജെപി. ഹിന്ദു വിശ്വാസത്തെ ആക്രമിക്കാൻ മുംബൈയിലെ യോഗത്തിൽ 'ഇന്ത്യ' മുന്നണിയെടുത്ത തീരുമാനമാണോയെന്ന് വ്യക്തമാക്കണമെന്നും കോൺഗ്രസ് നേതാക്കൾ ഉദയനിധി സ്റ്റാലിന്റെ ആരോപണത്തിൽ മറുപടി പറയണമെന്നും ബിജെപി നേതാവ് രവിശങ്കർ പ്രസാദ് പറഞ്ഞു.
എന്നാൽ നേരത്തെ തന്നെ കോൺഗ്രസ് നിലപാട് വ്യക്തമാക്കി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാൽ രംഗത്തെത്തിയിരുന്നു. സർവ ധർമ സമഭാവനയാണ് കോണ്‍ഗ്രസിനുള്ളതെന്നായിരുന്നു കെ സി വേണുഗോപാൽ പറഞ്ഞത്. ഓരോ പാർട്ടിക്കും അവരുടെ നിലപാട് പറയാൻ അവകാശം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ പരാമർശം പ്രതിപക്ഷ പാർട്ടികളുടെ മുന്നണിയായ 'ഇന്ത്യ'യിലും ഭിന്നത ഉണ്ടാക്കിയിരുന്നു. മമതയടക്കമുള്ള നേതാക്കൾ ഉദയനിധിയെ തള്ളിയപ്പോൾ, വിഷയം വിവാദമാക്കുന്നത് ബിജെപിയാണെന്ന ആരോപണമാണ് സമാജ് വാദി പാര്‍ട്ടി ഉയര്‍ത്തിയത്. ഓരോ മത വിഭാഗത്തിനും അവരുടേതായ വൈകാരികതലം ഉണ്ടാകുമെന്നും ഒരു വിഭാഗത്തെയും വേദനിപ്പിക്കുന്ന വിഷയങ്ങളില്‍ ഇടപെടരുതെന്നുമായിരുന്നു വിവാദത്തിൽ മമതയുടെ പ്രതികരണം.
