റായ്പുര്‍: മാസങ്ങളായി ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് എടിഎമ്മിലേക്ക് പണം നിറയ്ക്കാന്‍ കൊണ്ടുപോയ വണ്ടിയുമായി ഡ്രൈവര്‍ മുങ്ങി. ഛത്തീസ്ഗഢിലെ റായ്പുരില്‍ പിതാംബര്‍ ദേവാംഗന്‍ എന്നയാളാണ് പണവുമായി കടന്നുകളഞ്ഞത്. ബാങ്കിന്‍റെ കറന്‍സി ചെസ്റ്റില്‍ നിന്നും വിവിധ സ്ഥലങ്ങളിലേക്കുള്ള എടിഎമ്മുകളിലേക്ക് പണം നിറയ്ക്കാനായി കൊണ്ടുപോകുന്ന വാഹനത്തിന്‍റെ ഡ്രൈവറാണ് ദേവാംഗന്‍.

എസ്ഐഎസ് സിസ്കോ സര്‍വ്വീസസ് എന്ന സ്വകാര്യ കമ്പനിയാണ് ഇയാളെ വാഹനമോടിക്കാന്‍ ചുമതലപ്പെടുത്തിയത്. എന്നാല്‍ നാലുമാസങ്ങളായി കമ്പനി ശമ്പളം നല്‍കിയിട്ടില്ല.  തുടര്‍ന്ന് ശമ്പളം ആവശ്യപ്പെട്ട് ഇയാള്‍ പലതവണ കമ്പനിയെയും പൊലീസിനെയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.  ഇതോടെ പണം അടങ്ങിയ വാഹനവുമായി  ഇയാള്‍  മുങ്ങുകയായിരുന്നെന്ന് റായ്പുര്‍ പൊലീസ് പറ‍ഞ്ഞു. 

പണം നിറയ്ക്കേണ്ട എടിഎമ്മുകളില്‍ ഒന്നില്‍ കറന്‍സി കുറഞ്ഞതോടെയാണ് കമ്പനി മേധാവി മുകേഷ് കുമാര്‍ ദീന്‍ ദയാല്‍ ഉപാധ്യായ് നഗര്‍ പൊലീസ് സ്റ്റേഷനില്‍ ഡ്രൈവര്‍ക്കെതിരെ പരാതി നല്‍കുന്നത്. പിന്നീടാണ് ഇയാളുടെ ശമ്പളം തടഞ്ഞതെന്നും മുകേഷ് കുമാര്‍ പറഞ്ഞു. 

കമ്പനി അധികൃതര്‍ ഡ്രൈവറുമായി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ മുടങ്ങിക്കിടക്കുന്ന ശമ്പളം നല്‍കിയാല്‍ മാത്രമെ വാഹനവും പണവും വിട്ടുവനല്‍കുകയുള്ളൂ എന്ന് പറഞ്ഞ് ഇയാള്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ചെയ്യുകയായിരുന്നു. അന്വേഷണത്തില്‍ ദേവാംഗന്‍റെ വീട്ടില്‍ നിന്നും പൊലീസ് വാഹനം കണ്ടെടുത്തു. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.