ശ്രീന​ഗർ: ആശുപത്രിയിൽ വച്ച് മരിച്ച ​ഗർഭിണിയുടെ മൃതദേഹം വീട്ടിലേക്ക്​ കൊണ്ടുപോയത്​ സ്ട്രെച്ചറിൽ. ജമ്മു കശ്മീരിലെ അനന്ത്നാഗിലാണ് സംഭവം നടന്നത്. ഡോക്ടർമാരുടെ അശ്രദ്ധയാണ് മരണകാരണമെന്ന്​ യുവതിയുടെ കുടുംബം ആരോപിച്ചു. പുതപ്പിൽ പൊതിഞ്ഞ മൃതദേഹവുമായി സ്​ട്രച്ചർ തള്ളി റോഡിലൂടെ പോകുന്ന കുടുംബത്തി​​ന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

ആംബുലൻസ് നൽകാൻ ആശുപത്രി അധികൃതർ വിസമ്മതിച്ചതിനെ തുടർന്നാണ് മൃതദേഹം സ്ട്രെച്ചറിൽ കൊണ്ടുപോയതെന്ന് എൻഡിടിവി റിപ്പോർട്ട്​ ചെയ്യുന്നു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായും ഒരു ഡോക്ടറെയും നഴ്സിനെയും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്​തതായും അധികൃതർ പറഞ്ഞു. 

ഞായറാഴ്ച രാവിലെയാണ് ​ഗർഭിണിയായ യുവതിയെ പ്രദേശിക ആശുപത്രിയിൽ നിന്ന് അനന്ത്നാഗിലെ മെറ്റേണിറ്റി ആൻഡ് ചൈൽഡ് കെയർ ഹോസ്പിറ്റലിലേക്ക് (എംസിസിഎച്ച്) മാറ്റിയത്. എന്നാൽ രണ്ട് ആശുപത്രികളിലും ചികിത്സ വൈകിയതായി കുടുംബം ആരോപിക്കുന്നു. 

അതേസമയം, കൊവിഡ്​ പരിശോധനയ്ക്ക്​ സാമ്പിൾ എടുക്കാൻ കൂടുതൽ സമയം കാത്തിരിക്കേണ്ടി വരുമെന്ന്  ഭയന്നാണ് കുടുംബം ഇടപെട്ട്​ മൃതദേഹം വേഗം കൊണ്ടുപോയതെന്നാണ് അനന്ത്നാഗ്​ ഡെപ്യൂട്ടി കമ്മീഷണർ ബഷീർ അഹ്മദ് ദർ പറയുന്നത്. 

കഴിഞ്ഞയാഴ്ച ഇരട്ടക്കുട്ടികൾക്ക്​ ജന്മം നൽകിയ യുവതിയും ആശുപത്രിയിൽ മരണപ്പെട്ടിരുന്നു. കൊവിഡ്​ ബാധിത മേഖലയിൽ നിന്ന് വന്ന ഇവർക്ക്​ വൈദ്യസഹായം നിഷേധിച്ചതായി ആരോപണം ഉയർന്നിരുന്നു. മരണപ്പെട്ട്​ ഒരു ദിവസത്തിനുശേഷം ഇവർക്ക്​ കൊവിഡ്​ സ്ഥിരീകരിക്കുകയും ചെയ്​തിരുന്നു.