ഇന്ത്യ സഖ്യനീക്കങ്ങള്‍ കൂടി ഓര്‍മ്മപ്പെടുത്തിയായിരുന്നു കോണ്‍ഗ്രസ് ലോക്സഭ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍റെ വിമര്‍ശനം.എന്ത് ചെയ്യണമെന്ന്  പഠിപ്പിക്കേണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് 

ദില്ലി:ജി 20 ഉച്ചകോടിയില്‍ രാഷ്ട്രപതി നല്‍കിയ അത്താഴ വിരുന്നില്‍ പങ്കെടുത്തതിനെ ചൊല്ലി ഇന്ത്യ സഖ്യത്തില്‍ ഭിന്നത. മമത ബാനര്‍ജിയുടെ സാന്നിധ്യത്തിനെതിരായ അതൃപ്തി കോണ്‍ഗ്രസ് പരസ്യമാക്കി. ബിഹാര്‍, തമിഴ് നാട് മുഖ്യമന്ത്രിമാര്‍ പങ്കെടുത്തതിലും സഖ്യത്തില്‍ അതൃപ്തിയുണ്ട്. രാഷ്ട്രപതി നല്‍കിയ അത്താഴ വിരുന്നിലേക്ക് ക്ഷണം ലഭിക്കാത്തതില്‍ കോണ്‍ഗ്രസ് നേരത്തെ തന്നെ അതൃപ്തി പരസ്യമാക്കിയിരുന്നു. പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗയെ ക്ഷണിക്കാത്തിലുള്ള പ്രതിഷേധം രാഹുല്‍ ഗാന്ധിയും, പി ചിദംബരവും മറച്ച് വച്ചതുമില്ല. വിരുന്ന് ബഹിഷ്കകരിക്കണമെന്നാവശ്യപ്പെട്ടില്ലെങ്കിലും, ഇന്ത്യ സഖ്യത്തില്‍ ക്ഷണം കിട്ടിയ മറ്റ് കക്ഷികള്‍ക്കുള്ള സന്ദേശമെന്ന നിലക്കാണ് കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയത്.

എന്നാല്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, പശ്ചിമംബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ എന്നിവര്‍ അത്താഴവിരുന്നില്‍ പങ്കെടുത്തു. ഇതേ ചൊല്ലിയാണ് മമത ബാനര്‍ജിക്കെതിരെ കോണ്‍ഗ്രസ് ലോക് സഭ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി വിമര്‍ശനം കടുപ്പിച്ചത്. ക്ഷണം കിട്ടാന്‍ കാത്തിരുന്നത് പോലെയാണ് മമത ബാനര്‍ജി ദില്ലിക്ക് പാഞ്ഞതെന്ന് അധിര്‍ രഞ്ജന്‍ ചൗധരി പരിഹസിച്ചു. ഇന്ത്യ സഖ്യനീക്കങ്ങള്‍ കൂടി ഓര്‍മ്മപ്പെടുത്തിയായിരുന്നു അധിര്‍ രഞ്ജന്‍റെ വിമര്‍ശനം. എന്ത് ചെയ്യണമെന്ന് അധിര്‍ രഞ്ജന്‍ പഠിപ്പിക്കേണ്ടെന്ന് തൃണമൂല്‍ തിരിച്ചടിക്കുകയും ചെയ്തു. 

ഇന്ത്യ സഖ്യത്തിനെതിരെ ബിജെപി നിലപാട് കടുപ്പിക്കുമ്പോള്‍ നേതാക്കള്‍ വിരുന്നില്‍ പങ്കെടുത്തത് ശരിയായില്ലെന്നാണ് നിതീഷ് കുമാറിന്‍റെയും , സ്റ്റാലിന്‍റെയുമൊക്കെ സാന്നിധ്യത്തിലുള്ള കോണ്‍ഗ്രസിന്‍റെ വിലയിരുത്തല്‍. സഖ്യത്തില്‍ ഭിന്നതയെന്ന് വരുത്തി തീര്‍ക്കാന്‍ അത്താഴ വിരുന്ന് ബിജെപി ആയുധമാക്കിയേക്കുമെന്നും കോണ്‍ഗ്രസ് കരുതുന്നു. ബുധനാഴ്ച സീറ്റ് വിഭജന ചര്‍ച്ച നടക്കാനിരിക്കേയാണ് അത്താഴ വിരുന്ന് വിവാദം ഇന്ത്യ സഖ്യത്തില്‍ ഭിന്നതക്ക് കാരണമായിരിക്കുന്നത്. . യോഗത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധം അറിയിച്ചേക്കും,