ഒസാമ ബിന്‍ലാദനെ കൊലപ്പെടുത്തിയതിന്റെ തെളിവുകള്‍ യുഎസ് ലോകത്തിനു മുന്നില്‍ നൽകിയതു പോലെ ഇന്ത്യയും തെളിവുകൾ പുറത്തു വിടണം-ദിഗ്‌വിജയ് സിംഗ് പറഞ്ഞു. 

ഇൻഡോർ: ബാലാകോട്ട് വ്യോമാക്രമണത്തിന്റെ തെളിവുകള്‍ കേന്ദ്രം പുറത്തു വിടണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്. ഇന്‍ഡോറില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ദിഗ്‌വിജയ്. വിങ് കമാന്റര്‍ അഭിനന്ദൻ വർദ്ധമാനെ തിരികെ ഇന്ത്യക്ക് നല്‍കിയതിന് ഇമ്രാന്‍ ഖാനെ അഭിനന്ദിക്കുന്നതായും അദ്ദേഹം അറിയിച്ചു.

'ബാലാകോട്ട് നടന്ന വ്യോമസേന ആക്രമണത്തെ ചോദ്യം ചെയ്യുകയല്ല ഞാന്‍. സംഭവത്തിന്റെ ചിത്രങ്ങള്‍ സാറ്റലൈറ്റ് സംവിധാനം വഴി എടുക്കാനാകും. അതുകൊണ്ട് നമ്മൾ തെളിവുകള്‍ പുറത്തു വിടണം. ഒസാമ ബിന്‍ലാദനെ കൊലപ്പെടുത്തിയതിന്റെ തെളിവുകള്‍ യുഎസ് ലോകത്തിനു മുന്നില്‍ നൽകിയതു പോലെ ഇന്ത്യയും തെളിവുകൾ പുറത്തു വിടണം'-ദിഗ്‌വിജയ് സിംഗ് പറഞ്ഞു. 

മുംബൈ ഭീകരാക്രമണത്തിനു ശേഷം വ്യോമസേന പാകിസ്ഥാനെതിരെ സര്‍ജിക്കല്‍ സ്‌ട്രൈക്കിനു താല്‍പര്യം പ്രകടിപ്പിച്ചിരുന്നെന്നും എന്നാല്‍ യുപിഎ സര്‍ക്കാരിന്റെ എതിര്‍പ്പു കാരണം ഇതു നടക്കാതെ പോവുകയായിരുന്നുവെന്നും ദിഗ്‌വിജയ് സിങ് പറഞ്ഞു. നരേന്ദ്ര മോദിയെക്കാൾ വലിയ നുണയനെ കാണാനില്ലെന്നെ തനിയ്ക്ക് പറയാൻ സാധിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.