ദില്ലി: ദില്ലി ചലോ മാർച്ചിൽ പങ്കെടുക്കുന്ന കർഷകർ ജന്തർമന്തറിൽ എത്തുമെന്ന റിപ്പോർട്ടിനെ തുടർന്ന് ജന്തർമന്തർ ഉൾപ്പെടെയുള്ള  രാജ്യ തലസ്ഥാനത്തെ തന്ത്രപ്രധാനമേഖല കനത്ത പൊലീസ് വലയത്തിൽ. അതിർത്തിയിൽ പൊലീസ് നടപടി കടുപ്പിച്ചതോടെ കർഷകർ കൂട്ടം തിരിഞ്ഞ് ദില്ലി നഗരത്തിനുള്ളിൽ പ്രതിഷേധത്തിന് എത്തുമെന്ന റിപ്പോർട്ടിനെ തുടർന്നാണ് സുരക്ഷ വീണ്ടും കൂട്ടിയത്. 

യാതൊരു തരത്തിലുമുള്ള പ്രതിഷേധം അനുവദിക്കില്ലെന്ന നിലപാടിലാണ് പൊലീസ്. ജന്തർ മന്തർ കനത്ത പൊലീസ് കാവലിലാണ്. ഉന്നത ഉദ്യോഗസ്ഥർ നേരിട്ട് എത്തി സുരക്ഷ വിലയിരുത്തി. ജന്തർ മന്തറിനു ചുറ്റുമുള്ള റോഡുകളിൽ നാലിടത്ത് പൊലീസ് പരിശോധന നടത്തുന്നുണ്ട്. ഗുരുദ്വാരകളിൽ അടക്കം പൊലീസ് കാവലുണ്ട്. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടായാൽ കനത്ത നടപടിയിലേക്ക് കടക്കുമെന്നാണ് പൊലീസ് മുന്നറിയി പ്പ്.

അതെ സമയം കസ്റ്റഡിയിലെടുക്കുന്ന കർഷകരെ പാർപ്പിക്കാൻ താൽകാലിക ജയിലുകൾക്കായി 9 സ്റ്റേഡിയങ്ങൾ വിട്ടുനൽകണമെന്ന് ദില്ലി പൊലീസ് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. എന്നാൽ ഇത് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി എംഎൽഎ രാഘവ് ഛന്ദ രംഗത്തെത്തി. കർഷകരെ ദ്രോഹിക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കൊപ്പം നിൽക്കരുത്. കർഷകർ തീവ്രവാദികൾ അല്ലെന്നും രാഘവ് ഛന്ദ എംഎൽഎ പറഞ്ഞു.