ദില്ലി: കർഷക പ്രതിഷേധത്തിൽ പങ്കെടുക്കുന്ന ആയിരക്കണക്കിന് പേരിൽ ഒരാളാണ് 72കാരനായ ഭീം സിം​ഗ്. അദ്ദേഹത്തിന്റെ മകൻ സൈന്യത്തിലാണ്, ഇപ്പോൾ അതിർത്തിയിൽ രാജ്യത്തിനായി കാവൽ നിൽക്കുന്നു, എന്നിട്ടും താൻ അടക്കമുള്ളവരെ ഖലിസ്ഥാൻ ഭീകരരെന്നാണ് വിളിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ വേദനയോടെ പറയുകയാണ് ഈ വൃദ്ധൻ. 'എന്റെ മകൻ രാജ്യാതിർത്തിയിൽ കാവൽനിൽക്കുകയാണ്. എന്നാൽ സ്വന്തം ശബ്ദമുയർത്തിയതിന് അവന്റെ അച്ഛനെ കാണുന്നത് ഭീകരവാദിയെപ്പോലെയാണ്'-ഭീം സിം​ഗ് പറഞ്ഞു. പൊലീസ് ബാരിക്കേഡുകളും ജലപീരങ്കികളും കണ്ണീർ വാതക, ലാത്തി പ്രയോ​ഗങ്ങളും അതിജീവിച്ച് ​രാജ്യതലസ്ഥാനത്ത് എത്തിയിരിക്കുകയാണ് ഭീം സിം​ഗ് അടക്കമുള്ള നൂറ് കണക്കിന് പേർ. 

'എന്റെ മകൻ മാത്രമല്ല, എന്റെ ബന്ധുക്കളും ഇന്ത്യൻ സൈന്യത്തിലാണ്. എന്നാൽ സർക്കാർ കൊണ്ടുവന്ന മൂന്ന് കർഷക നിയമം കാരണം അവരുടെയെല്ലാം കുടുംബങ്ങളും കടത്തിലും ദാരിദ്ര്യത്തിലുമാണ്' - ഭീം സിം​ഗ് കൂട്ടിച്ചേർത്തു. കരിമ്പ്, ബാർലി, ​ഗോതമ്പ് എന്നിവ കൃഷിചെയ്യുകയാണ് ഭീം സിം​ഗും കുടുംബവും. കഴിഞ്ഞ 14 മാസമായി കൃഷി ചെയ്തെടുത്ത വിളവൊന്നുപോലും വിൽക്കാനായിട്ടില്ലെന്നും ഇതിനെല്ലം കാരണം കോർപ്പറേറ്റ് ഫാം ബിൽ ആണെന്നും അദ്ദേഹം പറഞ്ഞു. 

'ഞങ്ങൾ നാല് സഹോദരങ്ങളും ഓരോ മക്കളെ രാജ്യസേവനത്തിന് അയച്ചിരിക്കുകയാണ്. ഞങ്ങൾ രാജ്യത്തിന്റെ ആഹാരത്തിനായി പയറും ​ഗോതമ്പും ഒക്കെ കൃഷി ചെയ്യുന്നു, പക്ഷേ ഇന്ന് ഞങ്ങളെ കുറ്റവാളികളെപ്പോലെ ഈ മൈതാനത്ത് പൂട്ടിയിട്ടിരിക്കുകയാണ്. കേന്ദ്രസർക്കാർ ഞങ്ങളെ ഭീകരവാദികളെന്നാണ് വിളിക്കുന്നത്. കേന്ദ്രസർക്കാർ കാർഷിക നിയമം പിൻവലിച്ചില്ലെങ്കിൽ ഈ റോഡിൽ ഞങ്ങൾക്ക് പിന്തുണയുമായി ഞങ്ങളുടെ ഭാര്യമാരും മക്കളും പേരക്കുട്ടികളും എല്ലാവരും എത്തും. പൊതുജനത്തെ ബുദ്ധിമുട്ടിക്കുക എന്ന ഉദ്ദേശം ഞങ്ങൾക്കില്ല. രാജ്യത്തിനായി കൃഷി ചെയ്യുന്നവരുടെ ദുരിതം ജനങ്ങൾ മനസ്സിലാക്കണം. ‍ഞങ്ങളെപ്പോലെ മിക്ക കർഷകരും കടക്കെണിയിലാണ്. ഖലിസ്ഥാനികളുടെ പിന്തുണ ഞങ്ങൾക്കില്ല ' - ഭീം സിം​ഗ് പറഞ്ഞു.