അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയുകയും നിയമാനുസൃത നടപടികളിലൂടെ നാടുകടത്തുകയും ചെയ്യണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിവിധ ഏജൻസികൾക്ക് നിർദേശം നൽകി. ദേശീയ സുരക്ഷാ നടപടികൾ ചർച്ച ചെയ്യാൻ ദില്ലിയിൽ നടക്കുന്ന സമ്മേളനത്തിലാണ് നിർണായക നിർദേശങ്ങൾ നൽകിയത്.
ദില്ലി: ആഭ്യന്തര സുരക്ഷ ഉറപ്പാക്കാനെന്ന പേരിൽ കടുത്ത നടപടികൾക്ക് കേന്ദ്രം. അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയുകയും നിയമാനുസൃത നടപടികളിലൂടെ നാടുകടത്തുകയും ചെയ്യണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിവിധ ഏജൻസികൾക്ക് നിർദേശം നൽകി. ഭീകരവാദ ശൃംഖലകൾക്കെതിരെ കർശന നടപടി വേണമെന്നും കേന്ദ്ര-സംസ്ഥാന ഏജൻസികൾ തമ്മിലുള്ള ഏകോപനം കൂടുതൽ ശക്തമാക്കണമെന്നും നിർദേശമുണ്ട്. ദേശീയ സുരക്ഷാ നടപടികൾ ചർച്ച ചെയ്യാൻ ദില്ലിയിൽ നടക്കുന്ന സമ്മേളനത്തിലാണ് നിർണായക നിർദേശങ്ങൾ നൽകിയത്.
850ലേറെ സുരക്ഷാ ഉദ്യോഗസ്ഥരും കേന്ദ്ര ഏജൻസികളുടെയും സംസ്ഥാന പൊലീസ് സേനകളുടെയും മേധാവികളും പങ്കെടുക്കുന്ന സമ്മേളനത്തിലാണ് അമിത് ഷായുടെ നിർദേശം. അതിർത്തികടന്നുള്ള നുഴഞ്ഞുകയറ്റം, ഭീകരവാദം, ലഹരി കടത്ത്, സൈബർ കുറ്റകൃത്യങ്ങൾ, അനധികൃത കുടിയേറ്റം എന്നിവക്കെതിരെ ശക്തമായ നടപടി വേണം. ഭീകരവിരുദ്ധ നടപടിയായ ‘പ്രഹാർ’ നടപ്പാക്കുന്നതിന് സുരക്ഷാ സേനകൾക്ക് കൂടുതൽ പരിശീലനം നൽകണം. ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ കേന്ദ്ര-സംസ്ഥാന ഏജൻസികൾ തമ്മിലുള്ള ഇന്റലിജൻസ് ഏകോപനം കൂടുതൽ ശക്തമാക്കണം. ഇതിനൊപ്പം അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നിയമാനുസൃത നടപടികളിലൂടെ നാടുകടത്തുന്നത് വേഗത്തിലാക്കണം. ഈക്കാര്യത്തിൽ കേന്ദ്ര സംസ്ഥാന സംവിധാനങ്ങളുടെ ഏകോപനം കാര്യക്ഷമമാക്കണം. അനധികൃത കുടിയേറ്റം ആഭ്യന്തരസുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്നും അമിത് ഷാ ഓർമ്മപ്പെടുത്തി.
അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റം തടയുന്നതിനായി നിരീക്ഷണവും ഇന്റലിജൻസ് സംവിധാനങ്ങളും കൂടുതൽ ശക്തിപ്പെടുത്തണമെന്നും പൊലീസ് മേധാവികൾക്ക് നിർദേശമുണ്ട്. കൂടാതെ യുഎപിഎ കേസുകളുടെ അന്വേഷണത്തിൽ സമഗ്രവും ഏകോപിതവുമായ സമീപനം സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഭീകരവാദ കേസുകളിലെ വിചാരണ വേഗത്തിലാക്കുന്നതിനും ഭീകരവാദ കേസുകളിൽ വിദേശത്ത് ഒളിവിൽ കഴിയുന്ന പ്രതികളെ തിരിച്ചെത്തിക്കുന്നതിനും ഊന്നൽ നൽകണമെന്നും അമിത് ഷാ നിർദേശിച്ചിട്ടുണ്ട്.

