ചില ബസ് സ്റ്റാന്‍ഡുകള്‍ വ്യവസായ സ്ഥാപനങ്ങള്‍ക്കായി വഴി മാറിയപ്പോള്‍ ചിലത് മോഷ്ടിക്കപ്പെടുകയാണ് ഉണ്ടായതെന്നാണ് ആക്ഷേപം

ബെംഗളുരു: ബസ് സ്റ്റാന്‍ഡുകള്‍ കാണാതാവുന്ന സംഭവങ്ങള്‍ കര്‍ണാടകയില്‍ പെരുകുന്നതായി ആരോപണം. വേസ്റ്റ് കുട്ടയോ കസേരയോ പോലെയല്ല മൂന്ന് ദശാബ്ദത്തോളം നിരവധി ആളുകള്‍ ബസ് കാത്തിരിപ്പ് കേന്ദ്രമായി ഉപയോഗിച്ചിരുന്ന ഇടങ്ങളാണ് കാണാതാവുന്നതെന്നാണ് ആരോപണം. എച്ച്ആര്‍ബിആര്‍ ലേ ഔട്ടിലുള്ള കല്യാണ്‍ നഗര്‍ ബസ് സ്റ്റാന്‍ഡ് ആണ് ഇത്തരത്തില്‍ കാണാതായതില്‍ ഒടുവിലത്തേത്. ചില ബസ് സ്റ്റാന്‍ഡുകള്‍ വ്യവസായ സ്ഥാപനങ്ങള്‍ക്കായി വഴി മാറിയപ്പോള്‍ ചിലത് മോഷ്ടിക്കപ്പെടുകയാണ് ഉണ്ടായതെന്നാണ് ആക്ഷേപം.

കല്യാണ്‍ നഗറിലെ ബസ് സ്റ്റാന്‍ഡ് 1990ല്‍ ലയണ്‍സ് ക്ലബ്ബ് സംഭാവന നല്‍കിയതാണ്. ഇത് ഒറ്റ രാത്രി കൊണ്ട് മാറ്റിയാണ് ഇവിടെ വ്യാപാര സ്ഥാപനം പണിതതെന്നാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്. ഒറ്റ രാത്രികൊണ്ട് ആരോ മായ്ച്ച് കളഞ്ഞത് പോലെയാണ് അനുഭവപ്പെട്ടതെന്നാണ് പ്രദേശവാസികള്‍ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാല്‍ ബിഎംടിസിയാണ് ബസ് സ്റ്റാന്‍ഡ് നീക്കിയതെന്നാണ് അധികൃതര്‍ വിശദമാക്കുന്നത്. 2015 മെയ് മാസത്തിലും ഇത്തരമൊരു സംഭവം ഉണ്ടായിട്ടുണ്ട്.

പില്ലറും കസേരകളും സീലീംഗും അടക്കം ബസ് സ്റ്റാന്‍ഡിന്‍റേതായ സകല അടയാളങ്ങളും ഇത്തരത്തില്‍ കാണാതായിരുന്നു. ദോപ്പനഹള്ളിയിലെ ഹൊറൈസണ്‍ സ്കൂളിന് സമീപമുള്ള ബസ് സ്ററോപ്പില്‍ ബാക്കി വന്നത് ഇരുമ്പ് കൊണ്ടുള്ല പില്ലര്‍ മാത്രമായിരുന്നു. 2014ല്‍ രാജേശ്വരി നഗറിലെ ഇരുപത് വര്‍ഷങ്ങള്‍ പഴക്കമുള്ള ബസ് സ്റ്റോപ്പും കാണാതായിരുന്നു. ഇത് കാണാതായതായി ബിബിഎംപി പൊലീസില്‍ പരാതിയും നല്‍കിയിരുന്നു.45000 രൂപ വലി വരുന്നതായിരുന്നു ഇത്തരത്തില്‍ കാണാതായ ബസ് സ്റ്റോപ്പെന്നാണ് ബിബിഎംപി വിശദമാക്കുന്നത്.