വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും മാത്രം നാലായിരത്തിനും അയ്യായിരത്തിനും ഇടയിൽ സന്ദർശകർ എത്തിയിരുന്ന ലോഹഗഡ് കോട്ടയിൽ, ഇപ്പോൾ സാധാരണ പ്രവൃത്തിദിനങ്ങളിൽ പോലും വാരാന്ത്യത്തിന് സമാനമായ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്.

പൂനെ: കേതൻ അഗർവാളിന്റെ കൊലപാതകത്തിന് പിന്നാലെ മഹാരാഷ്ട്രയിലെ പൂനെയിലുള്ള പ്രശസ്തമായ ലോഹഗഡ് കോട്ടയിലേക്ക് വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർദ്ധനവ്. പ്രതിശ്രുത വധുവും കാമുകനും ചേർന്ന് 25കാരനായ കേതൻ അഗർവാളിനെ കോട്ടയിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ സ്ഥലം കാണാനായാണ് നിലവിൽ കോട്ടയിലേക്ക് ആളുകൾ ട്രെക്കിംഗിന് എത്തുന്നത്. രണ്ട് മുതൽ മൂന്ന് മണിക്കൂർ എടുക്കുന്ന ട്രെക്കിംഗിന് കൊലപാതകം നടന്നതിന് മുൻപ് വന്നതിനേക്കാൾ ഇരട്ടി ആളുകളാണ് നിലവിൽ എത്തുന്നതെന്നാണ് അധികൃതർ വിശദമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കേതൻ അഗർവാളിനെ 20കാരിയായ സിയ ഗോയലും അവളുടെ കാമുകനായ ചേതൻ ചൗധരിയും ചേർന്ന് ലോഹഗഡ് കോട്ടയുടെ മുകളിൽ നിന്ന് 400 അടി താഴ്ചയുള്ള മലയിടുക്കിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. ജൂൺ 18നായിരുന്നു ക്രൂരത നടന്നത്. കേതന്റെ മരണശേഷം ഇത് വെറുമൊരു അപകടമാണെന്ന് വരുത്തിതീർക്കാൻ സിയ ശ്രമിച്ചിരുന്നുവെങ്കിലും പൊലീസിന്റെ വിശദമായ അന്വേഷണത്തിൽ ഇതൊരു ആസൂത്രിത കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. ഈ വാർത്ത മാധ്യമങ്ങളിൽ വലിയ പ്രാധാന്യത്തോടെ നിറഞ്ഞതോടെയാണ് ലോഹഗഡ് കോട്ടയിലേക്ക് ആളുകൾ ഒഴുകിയെത്താൻ തുടങ്ങിയത്. റിപ്പോർട്ടുകൾ പ്രകാരം കോട്ടയിലെ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ പെട്ടെന്ന് വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

കോട്ടയിൽ എത്തുന്ന പല സന്ദർശകരും സെക്യൂരിറ്റി ജീവനക്കാരോടും മറ്റ് ഗൈഡുകളോടും സിയ കേതനെ തള്ളിയിട്ട സ്ഥലം എവിടെയാണ്? എന്ന് പ്രത്യേകം ചോദിച്ച് മനസ്സിലാക്കാൻ ശ്രമിക്കുന്നുണ്ടെന്നാണ് അധികൃതർ വിശദമാക്കുന്നത്. കേതൻ കൊല്ലപ്പെട്ട ആ പ്രത്യേക സ്ഥലത്തിന് ആളുകൾ ഇപ്പോൾ അനൗദ്യോഗികമായി സിയ പോയിന്റ് എന്നാണ് പേരിട്ടിരിക്കുന്നത്. സാധാരണയായി വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും മാത്രം നാലായിരത്തിനും അയ്യായിരത്തിനും ഇടയിൽ സന്ദർശകർ എത്തിയിരുന്ന ലോഹഗഡ് കോട്ടയിൽ, ഇപ്പോൾ സാധാരണ പ്രവൃത്തിദിനങ്ങളിൽ പോലും വാരാന്ത്യത്തിന് സമാനമായ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. കോട്ടയുടെ ചരിത്രപരമായ പ്രാധാന്യത്തേക്കാൾ ഉപരിയായി ആളുകൾ ഈ ക്രൂരമായ കൊലപാതകം നടന്ന സ്ഥലം കാണാനുള്ള ആകാംക്ഷയോടെയാണ് ഇവിടേക്ക് എത്തുന്നത്.

എന്നാൽ ചരിത്രപ്രധാനമായ ഒരു സ്മാരകത്തിലേക്ക് ഇത്തരമൊരു ദുരന്തത്തിന്റെ പേരിൽ ആളുകൾ തടിച്ചുകൂടുന്നതിനെതിരെ പ്രദേശവാസികളും ചരിത്ര സ്നേഹികളും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഏതാണ്ട് രണ്ടായിരത്തിലധികം വർഷം പഴക്കമുള്ള, ശതവാഹന കാലഘട്ടത്തിലെ ഈ കോട്ടയുടെ ചരിത്രപരമായ പ്രാധാന്യവും ഇത്തരം മോശം വാർത്തകളുടെ പേരിൽ ഇല്ലാതാകരുതെന്നാണ് പ്രാദേശിക സംഘടനകൾ പ്രതികരിക്കുന്നത്. ലോനാവാലയിൽ നിന്നും 11 കിലോമീറ്ററോളം മാറി സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന ലോഹഗഡ് കോട്ട മഹാരാഷ്ട്രയിലെ ഏറ്റവും പ്രശസ്തമായ ട്രെക്കിംഗ് കേന്ദ്രങ്ങളിൽ ഒന്നാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം