Asianet News MalayalamAsianet News Malayalam

രാജസ്ഥാന്‍ ബിജെപിയിലെ അതൃപ്തി; കോണ്‍ഗ്രസ് മുതലെടുപ്പിനില്ലെന്ന് കെ സി വേണുഗോപാല്‍

രാജസ്ഥാനില്‍  കേന്ദ്രമന്ത്രിമാരെയും എംപിമാരെയും ഇറക്കിയുള്ള ബിജെപി പരീക്ഷണം കോൺഗ്രസിന് ഗുണം ചെയ്യുമെന്നും കെസി  വേണുഗോപാല്‍ പറഞ്ഞു

Discontent in Rajasthan BJP;  Congress is not taking advantage-KC Venugopal
Author
First Published Oct 15, 2023, 10:21 AM IST

ദില്ലി:നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജസ്ഥാനില്‍ ബിജെപിയിലുണ്ടായ അതൃപ്തിയില്‍ കോണ്‍ഗ്രസ് മുതലെടുപ്പിനില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ബിജെപിയിലെ അതൃപ്തി എങ്ങനെ പ്രതിഫലിക്കുമെന്ന് തെരഞ്ഞെടുപ്പില്‍ കാണാമെന്നും കെസി വേണുഗോപാല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ട നാല് എംഎല്‍എമാര്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കെതിരെ വിമത സ്ഥാനാര്‍ഥികളായി മത്സരിക്കുമെന്ന വിവരങ്ങളാണ് ബിജെപിയെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്. രാജസ്ഥാനിലെ ബിജെപിയിലുണ്ടായ വിമത നീക്കവും വസുന്ധര രാജെയുടെ അതൃപ്തിയും മുതലെടുക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കില്ലെന്നാണ് കെസി വേണുഗോപാല്‍ വ്യക്തമാക്കിയത്.

രാജസ്ഥാനില്‍  കേന്ദ്രമന്ത്രിമാരെയും എംപിമാരെയും ഇറക്കിയുള്ള ബിജെപി പരീക്ഷണം കോൺഗ്രസിന് ഗുണം ചെയ്യുമെന്നും
കെസി  വേണുഗോപാല്‍ പറഞ്ഞു.മുഖ്യമന്ത്രിമാരെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടാറില്ല. സച്ചിൻ പൈലറ്റ് പാര്‍ട്ടിക്ക് പൂർണ്ണ വിധേയൻ. പാര്‍ട്ടിക്ക് വേണ്ടി എന്ത് ത്യാഗവും സഹിക്കാന്‍ അദ്ദേഹം തയ്യാറാണ്. സ്ഥാനാർത്ഥി പട്ടിക വൈകുന്നുവെന്ന ആക്ഷേപം തെറ്റെന്നും കുറ്റമറ്റ പട്ടിക പുറത്തിറക്കുമെന്നും കെ.സി വേണുഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ഇതിനിടെ, നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ മൂന്നു സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടു. മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയാണ് കോണ്‍ഗ്രസ് ഇന്ന് പുറത്തുവിട്ടത്. അവശേഷിക്കുന്ന സീറ്റുകളിലും വൈകാതെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്. അഞ്ചു സംസ്ഥാനങ്ങളിലേക്കും ബിജെപി ഉള്‍പ്പെടെ വിവിധഘട്ടങ്ങളിലായി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടും കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ഥി പട്ടിക വൈകുന്നത് വിമര്‍ശനത്തിനിടയാക്കിയിരുന്നു.

കോണ്‍ഗ്രസും ബിജെപിയും നേരിട്ട് ഏറ്റുമുട്ടുന്ന രാജസ്ഥാനില്‍ ഇത്തവണത്തെ പോരാട്ടം ഇരു കൂട്ടര്‍ക്കും നിര്‍ണ്ണായകമാണ്. ഭരണത്തുടര്‍ച്ച ലക്ഷ്യമിടുമ്പോള്‍ സച്ചിന്‍ പൈലറ്റ് ഉയര്‍ത്തിയ പാളയത്തിലെ പട തിരിച്ചടിക്കുമോയെന്ന ആശങ്കയിലാണ് അശോക് ഗലോട്ട് സര്‍ക്കാര്‍. മാറിമാറി സര്‍ക്കാരുകളെ പരീക്ഷിക്കുന്ന പതിവില്‍ കണ്ണുവയക്കുന്ന ബിജെപിക്ക് വസുന്ധര രാജെ സിന്ധ്യയുടെ നീക്കങ്ങള്‍ ഇരുതല മൂര്‍ച്ചയുള്ള വാളാണ്. അതേസമയം ഇക്കുറി ആരേയും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടില്ലെന്ന മോദിയുടെ പ്രഖ്യാപനം രാജസ്ഥാനില്‍ ഉന്നമിട്ടത് വസുന്ധ രാജെ സിന്ധ്യയെ തന്നെയായിരുന്നു.

കേന്ദ്രത്തിൽ നിന്ന് ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, അർജ്ജുൻ റാം മേഘ്വാൾ തുടങ്ങിയവരെയൊക്കെ മത്സരരംഗത്തിറക്കി വസുന്ധര മാത്രമല്ല നേതാവ് എന്ന സന്ദേശം ഇതിനോടകം പാര്‍ട്ടി നല്‍കി കഴിഞ്ഞു. മധ്യപ്രദേശ് മോഡല്‍ അട്ടിമറിക്ക് രാജസ്ഥാനില്‍ കളമൊരുക്കിയ ബിജെപിയുടെ പദ്ധതി പൊളിച്ചതിലെ കടുത്ത അതൃപ്തി പാര്‍ട്ടിക്ക് വസുന്ധരയോടുണ്ട്. എന്നാല്‍ പാര്‍ട്ടിയില്‍ ഇപ്പോഴും ജനകീയയായ വസുന്ധരയെ പൂര്‍ണ്ണമായി ഒഴിച്ച് നിര്‍ത്തിയുള്ള നീക്കത്തിന് പാര്‍ട്ടിക്ക് അത്ര ഇപ്പോഴും അത്ര ധൈര്യം പോര. താന്‍ തന്നെ നേതാവെന്ന നിലപാടിലാണ് വസുന്ധര. 

Follow Us:
Download App:
  • android
  • ios