ദില്ലി: ജെഎൻയു വിദ്യാർത്ഥികളുടെ ഹോസ്റ്റൽ ഫീസ് വർധിപ്പിച്ചത് പിൻവലിക്കുമോ എന്നതിൽ നിർണ്ണായക ചർച്ച ഇന്ന്. കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ് നിയമിച്ച ഉന്നതാധികാര സമിതിയുമായി രാവിലെ 10.30 നാണ്  ചർച്ച നടക്കുക. മുൻ യുജിസി ചെയർമാൻ വി എസ് ചൗഹാൻ അടങ്ങിയ സമിതിയുമായിട്ടാണ് ചർച്ച നടക്കുന്നത്. ഹോസ്റ്റൽ ഫീസ് വർധിപ്പിച്ചത് പൂർണ്ണമായി പിൻവലിക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. നേരത്തെ സമരത്തെ തുടർന്ന് ഫീസ് വർധനവ് ഭാഗികമായി പിൻവലിച്ചിരുന്നു. കേന്ദ്ര സർക്കാർ വിളിച്ച് ചേർത്ത ചർച്ചയിൽ പങ്കെടുക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ അറിയിച്ചിട്ടുണ്ട്. എന്നാൽ ഫീസ് വർധനവിൽ സർക്കാർ ഉറച്ചു നിൽക്കുകയാണെങ്കിൽ സമരം തുടരാനാണ് വിദ്യാർത്ഥികളുടെ തീരുമാനം. 

ദില്ലിയിലെ ശാസ്ത്രി ഭവനിലാണ് ചർച്ച നടക്കുന്നത്. അതേസമയം വിദ്യാർത്ഥികൾക്ക് നേരെ നടന്ന പൊലീസ് അതിക്രമത്തിൽ പ്രതിഷേധം വ്യാപകമാകുകയാണ്. നടപടി പ്രതിഷേധിച്ച് ജെഎൻയുവിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ കൂട്ടായ്മ ദില്ലി പൊലീസ് ആസ്ഥാനത്തിന് മുന്നിൽ പ്രതിഷേധം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. അന്ധവിദ്യാർത്ഥികളെ അടക്കം തല്ലി ചതച്ച പൊലീസിനെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ അധ്യക്ഷ ഐക്ഷി ഘോഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വിഷയത്തിൽ ജെഎൻയുവിലെ അധ്യാപക സംഘടനകൾ പ്രതിഷേധ പ്രകടനം നടത്തി.

പേടിയോടെയാണ് ഇന്നലെ നടന്ന സംഭവങ്ങള ജെഎൻയുവിലെ എംഎ വിദ്യാർത്ഥിയായ ശശിഭൂഷൺ ഓർക്കുന്നത്. വിദ്യാർത്ഥി യൂണിയൻ കൗൺസിലർ കൂടിയായ ശശിഭൂഷണൻ തന്‍റെ അന്ധതയെ വെല്ലുവിളിച്ചാണ് ജെഎൻയുവിൽ പഠനത്തിനെത്തിയത്. സർഗാത്മക പ്രവർത്തനങ്ങളും പഠനത്തിലും സമരങ്ങളിലും സജീവം. ഇന്നലെ പൊലീസിന്‍റെ ഉന്തിലും തള്ളിലും റോഡിൽ വീണ ശശിഭൂഷണെ പൊലീസുകാർ തല്ലുകയും നെഞ്ചത്ത് ചവിട്ടുകയും ചെയ്‍തു. റോഡിൽ നിന്ന് എടുത്തു മാറ്റൻ ശ്രമിച്ച സുഹൃത്തുക്കളെ മർദ്ദിച്ചു. ശശിഭൂഷൺ അടക്കമുള്ള വിദ്യാർത്ഥികളോട് പൊലീസ് കാണിച്ച ക്രൂരതയെ നിയമപരമായി നേരിടാനാണ്  വിദ്യാർത്ഥി യൂണിയന്‍റെ  തീരുമാനം. പൊലീസ് മർദ്ദനത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളുടെ കൂട്ടായ്മയും കാമ്പസിൽ സംഘടിപ്പിച്ചു.