മുംബൈ: മഹാരാഷ്ട്രയിലെ  രാഷ്ട്രീയ അട്ടിമറിക്കിടെ ചര്‍ച്ചയായി ദേവേന്ദ്ര ഫഡ്നാവിസിന്‍റെ പഴയ ട്വീറ്റ്. എന്‍സിപിയുമായി ബിജെപി ഒരിക്കലും സഖ്യമുണ്ടാക്കില്ലെന്ന ഫഡ്നാവിസിന്‍റെ ട്വീറ്റാണ് ഇപ്പോള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്. 

'ബിജെപി ഒരിക്കലും ഒരുകാലത്തും എന്‍സിപിയുമായി സഖ്യമുണ്ടാക്കില്ല. പ്രചരിക്കുന്നത് ഊഹാപോഹങ്ങള്‍ മാത്രമാണ്. എന്‍സിപിയുടെ അഴിമതി നിയമസഭയില്‍ തുറന്നുകാണിച്ചത് ബിജെപിയാണ്. മറ്റുള്ളവര്‍ നിശബ്ദരായിരുന്നു'. എന്നാണ് ഫഡ്നാവിസ് നേരത്തെ ട്വിറ്ററില്‍ കുറിച്ചത്.  പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ചര്‍ച്ചയാകുകയാണ് ഈ ട്വീറ്റ്.

അര്‍ധരാത്രിയിലെ നാടകീയ നീക്കത്തിനൊടുവില്‍ കോണ്‍ഗ്രസിനും ശിവസേനക്കും തിരിച്ചടി നല്‍കിക്കൊണ്ടാണ് മഹാരാഷ്ട്രയില്‍ ബിജെപി - എന്‍സിപി സര്‍ക്കാര്‍ രൂപീകരിച്ചത്. രാജ്ഭവനിൽ വച്ച് ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായും അജിത് പവാർ രണ്ടാമനായും സത്യപ്രതിജ്ഞ ചെയ്തു. എൻസിപി അധ്യക്ഷൻ ശരത് പവാറിന്റെ അനന്തരവനാണ് അജിത് പവാർ. ശിവസേന, കോൺഗ്രസ്, എൻസിപി സഖ്യശ്രമങ്ങൾക്കിടെയാണ്  എൻസിപി മറുകണ്ടം ചാടിയത്. 

നീക്കം കര്‍ഷകര്‍ക്ക് വേണ്ടിയാണെന്നും വേണ്ടത് സ്ഥിരതയുള്ള സർക്കാരാണെന്നും സത്യപ്രതിജ്ഞയ്ക്ക് ശേഷം അജിത് പവാര്‍ പ്രതികരിച്ചു.  ജനം പിന്തുണച്ചത് ബിജെപിയെ എന്ന് ഫഡ്നാവിസ് പറഞ്ഞു. അജിത് പവാറിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമിത്ഷായ്ക്കും ഫട്നാവിസ് നന്ദി രേഖപ്പെടുത്തി. കൂടുതൽ നേതാക്കൾ ഒപ്പം വരുമെന്ന് ഫഡ്നാവിസ് പറഞ്ഞു.