ബംഗളൂരുവിൽ റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ വിജയ് കുമാറിനെ കൊലപ്പെടുത്തിയതിന് പിന്നിൽ ഭാര്യ ആശയുടെയും സുഹൃത്ത് ധനഞ്ജയയുടെയും അവിഹിതബന്ധമാണെന്ന് പോലീസ് സംശയിക്കുന്നു.
ബെംഗളൂരു: ഭാര്യയുമായി അവിഹിതബന്ധം പുലർത്തിയതിനെ തുടർന്ന് സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. ബംഗളൂരുവിൽ റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ വിജയ് കുമാറാണ് (39) കൊല്ലപ്പെട്ടത്. സംഭവത്തിൽ വിജയുടെ സുഹൃത്ത് ധനഞ്ജയ എന്ന ജയ് ആണ് പ്രതിയെന്നാണ് പൊലീസ് സംശയിക്കുന്നത്. വിജയുടെ ഭാര്യ ആശയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വിജയും ധനഞ്ജയയും 30 വര്‍ഷത്തിലേറെയായി സുഹൃത്തുക്കളാണ്. ഇരുവരും ഒരുമിച്ച് വളർന്നവരാണ്. പത്ത് വർഷം മുമ്പാണ് വിജയ് ആശയെ വിവാഹം കഴിച്ചത്.
പൊലീസ് പറയുന്നതനുസരിച്ച്, വിജയ് കുമാർ അടുത്തിടെയാണ് ഭാര്യ ആശയും സുഹൃത്ത് ധനഞ്ജയയും തമ്മിലുള്ള അവിഹിതബന്ധം കണ്ടെത്തുന്നത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ ലഭിച്ചതോടെ വിജയും ആശയുമായുള്ള ബന്ധത്തിൽ വിള്ളലുകളുണ്ടായി. വിവാഹബന്ധം സംരക്ഷിക്കാൻ, വിജയ് ഭാര്യയുമായി കടബഗെരെക്ക് സമീപമുള്ള മച്ചോഹള്ളിയിലേക്ക് താമസം മാറ്റി. എന്നാൽ വീണ്ടും ഇരുവരും തമ്മിൽ ബന്ധം തുടർന്നു.
സംഭവം നടന്ന ദിവസം വൈകുന്നേരം വരെ വീട്ടിലുണ്ടായിരുന്ന വിജയ് പുറത്തേക്ക് പോയ ശേഷം മച്ചോഹള്ളിയിലെ ഡി ഗ്രൂപ്പ് ലേഔട്ട് ഏരിയയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആശയും ധനഞ്ജയയും ചേർന്നുള്ള ഗൂഢാലോചനയാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. മദനയകനഹള്ളി പൊലീസ് ആശയെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു. ഒളിവിൽ പോയ ധനഞ്ജയക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
