ബംഗ്‍ലൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന് വിമത എംഎല്‍എ സ്വന്തമാക്കിയത് ഇന്ത്യയില്‍ വില്‍പ്പനയ്ക്കുള്ളതില്‍ വെച്ച് ഏറ്റവും വിലകൂടിയ കാര്‍. ഹോസ്കോട്ട് എംഎല്‍എ എംടിബി നാഗരാജാണ് 10 കോടിയുടെ റോള്‍സ് റോയ്‍സ് ഫാന്‍റം VIII സ്വന്തമാക്കിയത്. 

കൂറുമാറ്റത്തെത്തുടര്‍ന്ന് സ്പീക്കര്‍ അയോഗ്യത കല്‍പ്പിച്ച എംഎല്‍എയാണ് എംടിബി നാഗരാജ്. പുതിയ വാഹനത്തിനൊപ്പമുള്ള നാഗരാജന്‍റെ ചിത്രം നിവേദിത് ആല്‍വയാണ് ട്വിറ്ററിലൂടെ പുറത്തു വിട്ടത്. കോണ്‍ഗ്രസ് വിട്ട എംഎല്‍എ നിലവില്‍ ബിജെപിക്ക് ഒപ്പമാണ്.'തന്‍റെ ദീര്‍ഘനാളത്തെ ആഗ്രമായിരുന്നു ഈ വാഹനം സ്വന്തമാക്കുകയെന്നത്'. ഇപ്പോഴാണ് അത് സാധ്യമായതെന്നും എംഎല്‍എ പറയുന്നു. പുതിയ വാഹനത്തിലാണ് നാഗരാജ് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയെ  സന്ദര്‍ശിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. 

6.75 ലീറ്റർ പെട്രോൾ എൻജിനാണ് റോൾസ് റോയ്സ് ഫാന്‍റത്തിന്‍റേത്. പൂജ്യത്തിൽ നിന്നു 100 കിലോമീറ്റർ വേഗതയിലേക്ക് എത്താന്‍ വെറും 5.4 സെക്കന്‍റാണ് റോള്‍സ് റോയ്‍സ് ഫാന്‍റത്തിന് ആവശ്യം. ഇന്ത്യയില്‍ ഏറ്റവും വിലകൂടിയ വാഹനമുള്ള രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ് ഇപ്പോള്‍ നാഗരാജ്.