പറന്നുയർന്ന് അഞ്ച് മിനിറ്റിനകം വിമാനം തകർന്നു വീണു. നിമിഷങ്ങൾക്ക് മുമ്പ് പൈലറ്റ് എയർ ട്രാഫിക് കൺട്രോളിലേക്ക് അപായ സന്ദേശം നൽകി
അഹ്മദാബാദ്: ഗുജറാത്തിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് മിനിറ്റുകൾക്കം തകർന്നുവീണ വിമാനത്തിൽ നിന്ന് എയർ ട്രാഫിക് കൺട്രോൾ ടവറിലേക്ക് മേയ് ഡേ സന്ദേശം ലഭിച്ചുവെന്ന് അധികൃതർ അറിയിച്ചു. ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം തകരുന്നതിന് ഏതാനും നിമിഷങ്ങൾക്ക് മുമ്പാണ് അടിയന്തിര സാഹചര്യങ്ങളിൽ പൈലറ്റുമാർ നൽകുന്ന ഈ സന്ദേശം ലഭിച്ചത്. എന്നാൽ വിമാനത്തിലേക്ക് എയർ ട്രാഫിക് കൺട്രോളിൽ നിന്ന് മറുപടി കിട്ടിയില്ലെന്ന് സിവിൽ വ്യോമയാന ഡയറക്ടറേറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. മറുപടി ലഭിക്കുന്നതിന് മുമ്പ് തന്നെ വിമാനം തകർന്നിട്ടുണ്ടാവാമെന്നാണ് അനുമാനം.
വിമാനങ്ങളും എയർ ട്രാഫിക് കൺട്രോൾ ടവറുകളും തമ്മിൽ നടക്കുന്ന റേഡിയോ ആശയ വിനിമയത്തിൽ ഉപയോഗിക്കുന്ന അപായ സൂചനാ സന്ദേശമാണ് 'മേയ് ഡേ'. ജീവൻ അപകടത്തിലാവുന്ന അത്യന്തം ഗുരുതരമായ ഒരു അപകടം മുന്നിൽ കാണുമ്പോൾ അക്കാര്യം കൺട്രോൾ ടവറിൽ അറിയിക്കാൻ ആഗോള തലത്തിൽ ഉപയോഗിക്കുന്നതാണിത്. രണ്ട് പൈലറ്റുമാരും 10 ക്യാബിൻ ക്രൂ അംഗങ്ങളും 230 യാത്രക്കാരും ഉൾപ്പെടെ 242 പേരുണ്ടായിരുന്ന വിമാനം പറന്നുയർന്ന് അഞ്ച് മിനിറ്റുകൾക്കകം തകർന്നു വീഴുകയായിരുന്നു.
ഉച്ചയ്ക്ക് ശേഷം 01.38ന് ലണ്ടൻ ഗാറ്റ്വിക്കിലേക്ക് പുറപ്പെട്ട AI 171 വിമാനം തകർന്നുവീഴുന്നതിന്റ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 17 സെക്കന്റ് ദൈർഘ്യമുള്ള ഈ വീഡിയോയിൽ ജനവാസ മേഖലയിൽ വിമാനം വളരെ താഴ്ന്ന് ഏതാനും സെക്കന്റുകൾ പറക്കുകയും ഒടുവിൽ കെട്ടിടങ്ങൾക്ക് മുകളിലേക്ക് തകർന്നുവീണ് തീഗോളമായി മാറുന്നതും കാണാം. പിന്നാലെ തീയും കനത്ത പുകയും പരിസരമാകെ നിറഞ്ഞു.
നിലവിൽ 110 പേരുടെ മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. വിമാനത്തിലെ യാത്രക്കാരിൽ 169 പേരും ഇന്ത്യൻ പൗരന്മാരാണ്. 53 ബ്രിട്ടീഷുകാരും ഒരു കനേഡിയൻ പൗരനും ഏഴ് പോർച്ചുഗീസ് പൗരന്മാരുമുണ്ടെന്ന് എയർ ഇന്ത്യ ഔദ്യോഗികമായി അറിയിച്ചു. യാത്രക്കാരെ സംബന്ധിക്കുന്ന വിവരങ്ങൾക്കും മറ്റ് അന്വേഷണങ്ങൾക്കും വേണ്ടി എയർ ഇന്ത്യ 1800 5691 444 എന്ന ഹോട്ട്‍ലൈൻ ആരംഭിച്ചിട്ടുണ്ട്.
