Asianet News MalayalamAsianet News Malayalam

'അങ്കിള്‍ജി പഴയ കാലഘട്ടത്തില്‍ തന്നെ'; മോദിയുടെ 'റഡാര്‍' തിയറിയെ പരിഹസിച്ച് ദിവ്യ

റഡാറുകളില്‍ നിന്ന് കൂടുതല്‍ രക്ഷ തീര്‍ക്കാന്‍ കാലാവസ്ഥ അനുകൂലമാകുമെന്നായിരുന്നു ഞാന്‍ മുന്നോട്ട് വച്ച നിര്‍ദ്ദേശമെന്നും മോദി അവകാശപ്പെട്ടു. എന്നാല്‍, മോദിയുടെ കണ്ടുപിടുത്തത്തെ പരിഹസിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവായ ദിവ്യ സ്പന്ദന

divya spandhana troll modi
Author
Delhi, First Published May 12, 2019, 12:19 PM IST

ദില്ലി: മോശം കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ ബാലാക്കോട്ട് ആക്രമണം മറ്റൊരു ദിവസം നടത്താന്‍ വിദഗ്ധര്‍ ആലോചിച്ചിരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. എന്നാല്‍ മേഘാവൃതമായ കാലാവസ്ഥയില്‍ ആക്രമണം നടത്തുന്നതാണ് നമുക്ക് ഉചിതമെന്ന അഭിപ്രായം താനാണ് മുന്നോട്ട് വച്ചതെന്നും മോദി ന്യൂസ് നേഷന്‍ ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞിരുന്നു. 

നല്ല മഴയും വളരെ മേഘാവൃതമായ കാലാസ്ഥയുമായിരുന്നു അന്ന്. അര്‍ധരാത്രി 12 മണിയോടെയാണ് നിര്‍ണായക തീരുമാനങ്ങളുണ്ടായത്. മോശം കാലാസ്ഥയായതിനാല്‍ ബാലക്കോട്ട് ആക്രമണം മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കാനായിരുന്നു വിദഗ്ധരുടെ ചിന്ത.

എന്നാല്‍, ഈ കാലാവസ്ഥ നമുക്ക് കവചം തീര്‍ക്കുമെന്ന് ഞാന്‍ അഭിപ്രായപ്പെട്ടു. റഡാറുകളില്‍ നിന്ന് കൂടുതല്‍ രക്ഷ തീര്‍ക്കാന്‍ കാലാവസ്ഥ അനുകൂലമാകുമെന്നായിരുന്നു ഞാന്‍ മുന്നോട്ട് വച്ച നിര്‍ദ്ദേശമെന്നും മോദി അവകാശപ്പെട്ടു. എന്നാല്‍, മോദിയുടെ കണ്ടുപിടുത്തത്തെ പരിഹസിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവായ ദിവ്യ സ്പന്ദന.

മോദി താങ്കളുടെ അറിവിലേക്കായി എന്ന് തുടങ്ങുന്ന ട്വീറ്റില്‍ ദശാബ്ദങ്ങള്‍ക്ക് മുമ്പേ മേഘങ്ങളുടെ ഉണ്ടെങ്കിലും ഇല്ലെങ്കിലും വിമാനങ്ങളെ കണ്ടെത്താന്‍ സാധിക്കുന്ന റഡാര്‍ സംവിധാനമുണ്ടെന്ന് ദിവ്യ വ്യക്തമാക്കി. ഒരുപക്ഷേ അങ്ങനെ ഇല്ലായിരുന്നുവെങ്കില്‍ മറ്റ് രാജ്യങ്ങളുടെ വിമാനങ്ങള്‍ എപ്പോഴെ നമ്മുടെ ആകാശങ്ങളെ കീഴടക്കുമായിരുന്നു.

താങ്കള്‍ പഴയ കാലഘട്ടത്തില്‍ നിന്നുപോയതിന്‍റെ പ്രശ്നമാണ്. അത് മനസിലാക്കൂ അങ്കിള്‍ജി എന്നാണ് ദിവ്യ കുറിച്ചത്. മറ്റൊരു ട്വീറ്റില്‍ 2014 മുതല്‍ അത്ഭുതരകരവും നൂതനവുമായ ഒരു റഡാര്‍ നമുക്കുണ്ടെന്ന് ദിവ്യ പറയുന്നു. നുണകള്‍, അഴിമതി, കള്ളപ്പണം, മണ്ടത്തരങ്ങള്‍ എന്നിവയൊക്കെ കണ്ടെത്താനാണ് അത് സഹായിക്കുന്നത്. അതല്ലാതെ നിങ്ങളുടെ കള്ളത്തരങ്ങള്‍ എല്ലാം എങ്ങനെയാണ് കണ്ടുപിടിച്ചതെന്നാണ് കരുതുന്നതെന്നും ദിവ്യ കുറിച്ചു. 

Follow Us:
Download App:
  • android
  • ios