ബെല്ലാരി: ക്ഷേത്രത്തിലേക്ക് വെള്ളികൊണ്ട് തീര്‍ത്ത ഹെലികോപ്റ്റര്‍ മാതൃക സമര്‍പ്പിച്ച് കര്‍ണാടക കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഡികെ ശിവകുമാര്‍. ക്ഷേത്രത്തിനുമുകളിലൂടെ ഹെലികോപ്റ്ററിൽ പറന്നതിനു പ്രായശ്ചിത്തമായാണ് വെള്ളികൊണ്ടുള്ള ഹെലികോപ്റ്റർ മാതൃക ഇദ്ദേഹം നല്‍കിയത്. ബല്ലാരി ഹുവിനഹാദഗലി താലൂക്കിലെ മൈലർലിംഗേശ്വർ ക്ഷേത്രത്തിനാണ് ശിവകുമാറിന്‍റെ നേര്‍ച്ച.

ക്ഷേത്ര ദര്‍ശനത്തിന് എത്തുന്നവര്‍ കാല്‍നടയായി എത്തണം എന്നതാണ് ഈ ക്ഷേത്രത്തിലെ ആചാരം. രണ്ടുവർഷം മുന്‍പ് ശിവകുമാർ ദര്‍ശനത്തിന് എത്തിയത് ക്ഷേത്രത്തിനു മുകളിലൂടെ ഹെലികോപ്റ്ററിൽ പറന്ന് ദർശനത്തിനെത്തിയത്. വാർഷിക കർണികയോടനുബന്ധിച്ച് ലക്ഷണക്കണക്കിനാളുകൾ പദയാത്രയായി ക്ഷേത്രത്തിലെത്തിയപ്പോഴായിരുന്നു ശിവകുമാർ ഹെലികോപ്റ്ററിൽ വന്നത്.

ഇത് ശിവകുമാറിന് പിന്നീട് പ്രയാസം ഉണ്ടാക്കിയെന്നാണ് ഒരു വിഭാഗം പ്രവര്‍ത്തകരുടെ കണ്ടെത്തല്‍.  ഇതിനു ശേഷം കേന്ദ്ര ഏജൻസികളുടെ റെയ്ഡുൾപ്പെടെ ശിവകുമാറിന് പല പ്രതിസന്ധികളുമുണ്ടായി എന്നാണ് പ്രവര്‍ത്തകര്‍‍ പറയുന്നത്. ഒടുവില്‍ ഇത് ഡികെ ശിവകുമാറും അംഗീകരിക്കുകയായിരുന്നു. തുടർന്നാണ്, പ്രായശ്ചിത്തമായി വെള്ളികൊണ്ടുള്ള ഹെലികോപ്റ്റർ മാതൃക ക്ഷേത്രത്തിന് സമർപ്പിച്ചത്.

ഡിസംബര്‍ 22, 27 ദിവസങ്ങളില്‍ കര്‍ണാടകയില്‍ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഡികെ ശിവകുമാറിന്‍റെ ക്ഷേത്ര ദര്‍ശനവും പ്രായശ്ചിത്ത നേര്‍ച്ചയും.