ദില്ലി: ഹവാല പണമിടപാട് കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് കസ്റ്റഡിയിലുള്ള കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിന്‍റെ മകൾ ഐശ്യര്യയയെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ഏഴുമണിക്കു റോളം ചോദ്യം ചെയ്യൽ നീണ്ടു . രാവിലെ പത്തരയോടെ ദില്ലി ഇ ഡി ഓഫീസിലെത്തിയ ഐശ്വര്യ വൈകീട്ട് ഏഴരയോടെയാണ് പുറത്തു പോയത്. ഐശ്വര്യ മേധാവിയായിരിക്കുന്ന സ്ഥാപനങ്ങളുടെ രേഖകൾ ഇഡിക്ക് നൽകി . 

എട്ട് കോടി രൂപ ദില്ലിയിലെ വസതിയില്‍ നിന്നും കണ്ടെടുത്ത കേസില്‍ ഡി കെ ശിവകുമാര്‍ എന്‍ഫോഴ്സ്മെന്‍റിന്‍റെ കസ്റ്റഡിയിലാണ്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ആരായാനാണ് ശിവകുമാറിന്‍റെ മകളെയും ചോദ്യം ചെയ്യുന്നത്. 2017 ഓഗസ്റ്റിൽ അന്ന് കർണാടക ജലസേചന വകുപ്പ് മന്ത്രിയായിരുന്ന ശിവകുമാറിന്‍റെ ദില്ലിയിലെ വസതിയിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച പണം പിടിച്ചുവെന്നതാണ് കേസ്. തന്‍റെ സുഹൃത്തായ ഒരു വ്യവസായിയുടെ പണമാണിതെന്നും ഇതുമായി തനിക്ക് ബന്ധമില്ലെന്നുമായിരുന്നു ശിവകുമാറിന്‍റെ വിശദീകരണം.