ദില്ലി: കള്ളപ്പണക്കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്(ഇ ഡി) അറസ്റ്റ് ചെയ്ത കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഒക്ടോബര്‍ ഒന്നുവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട് ദില്ലി കോടതിയാണ് ഉത്തരവിട്ടത്. ശിവകുമാറിനെ ആശുപത്രിയിലെത്തിച്ച് പരിശോധന നടത്താനും ആവശ്യമെങ്കില്‍ കിടത്തി ചികിത്സ നല്‍കാനും കോടതി നിര്‍ദേശിച്ചു.

ഇഡി കസ്റ്റഡി അവസാനിച്ച സാഹചര്യത്തിലാണ് ശിവകുമാറിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.  ശിവകുമാറിന്‍റെ ആരോഗ്യസ്ഥിതി മോശമാണെന്നും ഹൃദയാഘാതത്തിന് സാധ്യതയുണ്ടെന്നും ജാമ്യം അനുവദിക്കണമെന്നും അഭിഭാഷകന്‍ മുകുള്‍ റോഹ്തഗി വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. അതേസമയം, ശിവകുമാറിനെ ചോദ്യം ചെയ്ത് അവസാനിച്ചില്ലെന്നും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നും ഇഡി അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ എം നടരാജനാണ് ഇഡിക്ക് വേണ്ടി ഹാജരായത്.