ദില്ലി: കള്ളപ്പണക്കേസില്‍ അറസ്റ്റിലായ കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിന്‍റെ മകള്‍ ഐശ്വര്യ ശിവകുമാറിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഐശ്വര്യയ്ക്ക് ഇഡി നോട്ടീസ് നല്‍കിയിട്ടുണ്ട്. 

എട്ട് കോടി രൂപ ദില്ലിയിലെ വസതിയില്‍ നിന്നും കണ്ടെടുത്ത കേസില്‍ ഡി കെ ശിവകുമാര്‍ എന്‍ഫോഴ്സ്മെന്‍റിന്‍റെ കസ്റ്റഡിയിലാണ്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ആരായാനാണ് ശിവകുമാറിന്‍റെ മകളെയും ചോദ്യം ചെയ്യുന്നത്. 2017 ഓഗസ്റ്റിൽ അന്ന് കർണാടക ജലസേചന വകുപ്പ് മന്ത്രിയായിരുന്ന ശിവകുമാറിന്‍റെ ദില്ലിയിലെ വസതിയിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച പണം പിടിച്ചുവെന്നതാണ് കേസ്. തന്‍റെ സുഹൃത്തായ ഒരു വ്യവസായിയുടെ പണമാണിതെന്നും ഇതുമായി തനിക്ക് ബന്ധമില്ലെന്നുമായിരുന്നു ശിവകുമാറിന്‍റെ വിശദീകരണം. 

അതേസമയം, ശിവകുമാറിന്‍റെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. കസ്റ്റഡി നീട്ടണം എന്നാവശ്യപ്പെട്ട് ദില്ലി റോസ് അവന്യൂ കോടതിയില്‍ എൻഫോഴ്സ്മെൻ്റ് അപേക്ഷ സമര്‍പ്പിച്ചേക്കും.