അഹമ്മദാബാദ്: വിവാദ ആൾദൈവം സ്വാമി നിത്യാനന്ദയുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായി കർണാടക കോൺ​ഗ്രസ് നേതാവ്  ഡി കെ ശിവകുമാർ. തെരഞ്ഞെടുപ്പ് കാലത്ത് ഏതാനും മിനിറ്റുകൾ മാത്രമാണ് താൻ നിത്യാനന്ദയോടൊപ്പം ചെലവഴിച്ചതെന്നും ശിവകുമാർ പറഞ്ഞു. നിത്യാനന്ദയും ശിവകുമാറും തമ്മിൽ സൗഹൃദസംഭാഷണം നടത്തുന്ന തരത്തിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിച്ചതിന് പിന്നാലെയാണ് ഈ വെളിപ്പെടുത്തൽ. 

''ഒരു വർഷം മുമ്പ് ഒരു തെരഞ്ഞെടുപ്പ് കാലത്താണ് ഞാൻ അദ്ദേഹത്തെ സന്ദർശിച്ചത്. ഏതാനും മിനിറ്റുകൾ മാത്രമാണ് ഒന്നിച്ച് ചെലവഴിച്ചത്. നിരവധി ആൾദൈവങ്ങളെ ഞങ്ങൾ കാണാറുണ്ട്. അവരും ‍ഞങ്ങളുടെ മണ്ഡലത്തിലുള്ളവരാണ്. ഇദ്ദഹത്തിനെതിരെയുള്ള പ്രശ്നങ്ങളെക്കുറിച്ച് അന്നറിയില്ലായിരുന്നു. ഇന്നാണ് മാധ്യമങ്ങളിലെ വാർത്ത ഞാൻ ശ്രദ്ധിച്ചത്.'' ശിവകുമാർ പറയുന്നു. തെരഞ്ഞെടുപ്പ് സമയങ്ങളിൽ രാഷ്ട്രീയക്കാർ വ്യാപാരികളെയും മറ്റുള്ളവരെയും സന്ദർശിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

20വര്‍ഷക്കാലമായി നിത്യാനന്ദയെ പരിചയമുണ്ടെന്നും തെരഞ്ഞെടുപ്പ് കാലത്ത് വോട്ട് ചോദിച്ച് ആശ്രമത്തില്‍ പോയിട്ടുണ്ടെന്നും കോണ്‍ഗ്രസ് എംഎല്‍എ വ്യക്തമാക്കി. കുട്ടികളെ അന്യായമായി തടങ്കലിൽ വച്ചതിന്റെ പേരിൽ ​ഗുജറാത്ത് പൊലീസ് നിത്യാനന്ദയ്ക്കെതിരെ കേസെടുത്തിരുന്നു. രണ്ട് ശിഷ്യരെ അറസ്റ്റ് ചെയ്തു. ഇയാൾ എവിടെയാണ് എന്നതിനെക്കുറിച്ച് ആർക്കും അറിവില്ല. കരീബിയൻ ദ്വീപ സമൂഹമായ ട്രിനിഡാഡ് ആൻഡ് ടൊബാ​ഗോയിലേക്ക് നിത്യാനന്ദ കടന്നതായാണ് റിപ്പോർട്ട്.