Asianet News MalayalamAsianet News Malayalam

Army Helicopter crash: ഉന്നത സൈനികമേധാവിയുടെ അപകട വാർത്തയിൽ ഞെട്ടി രാജ്യം, പ്രതിരോധമന്ത്രിയുടെ പ്രസ്താവന ഉടൻ

പ്രോട്ടോക്കോൾ പ്രകാരം രാജ്യത്തെ ഏറ്റവും ഉന്നത സൈനിക ഉദ്യോഗസ്ഥനായ ബിപിൻ റാവത്തിൻ്റെ ആരോഗ്യനിലയെക്കുറിച്ച് പ്രതിരോധമന്ത്രി തന്നെ ഔദ്യോഗിക പ്രഖ്യാപനം നടത്തും. 

DM Rajnath Singh to make a statement about helicopter crash in parliament
Author
Delhi, First Published Dec 8, 2021, 3:32 PM IST
  • Facebook
  • Twitter
  • Whatsapp

ദില്ലി: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും (CDS Bipin Rawat) സംഘവും സഞ്ചരിച്ച ഹെലികോപ്ടർ (Helicopter Crash) തകർന്നു വീണ അപകടത്തെക്കുറിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് (Rajnath Singh) അൽപസമയത്തിനകം പാർലമെന്റിൽ പ്രസ്താവന നടത്തും. അപകടത്തെക്കുറിച്ച് ഇതിനോടകം തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ (PM Narendra Modi) നേരിൽ കണ്ട് പ്രതിരോധമന്ത്രി വിശദീകരണം നൽകി കഴിഞ്ഞു. 

അപകടസ്ഥലത്ത് നിന്നും ബിപിൻ റാവത്തിനേയും ഭാര്യ മധുലിക റാവത്തിനേയും രക്ഷാപ്രവർത്തകർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ബിപിൻ റാവത്തിന് 80 ശതമാനത്തോളം പൊള്ളലേറ്റെന്നും ഭാര്യ അതീവ ഗുരുതരാവസ്ഥയിലാണെന്നും വാർത്താ ഏജൻസികൾ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ജനറൽ ബിപിൻ റാവത്തിൻ്റെ കൈയ്ക്കും കാലിനും കാര്യമായി പരിക്കേറ്റു എന്നാണ് വിവരം. അനൗദ്യോ​ഗികമായി വരുന്ന ഇത്തരം വാ‍ർത്തകൾക്ക് അപ്പുറം സംയുക്ത സൈനികമേധാവിയുടെ ആരോ​ഗ്യനിലയെക്കുറിച്ച് ഒരു ഔദ്യോ​ഗിക പ്രതികരണം ഇതുവരെ സ‍ർക്കാരിൽ നിന്നുണ്ടായിട്ടില്ല. 

രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരാണ് രാജ്യത്തെ പ്രോട്ടോക്കോൾ പട്ടികയിൽ മുൻനിരയിൽ ഉള്ളത് ഭരണഘടനാപദവികൾക്ക് പുറത്തുള്ളവരിൽ ഏറ്റവും പ്രധാനി സംയുക്ത സൈനിക മേധാവിയാണ് അദ്ദേഹത്തിന് താഴെ കര,നാവിക,വ്യോമസേനാ മേധാവിമാരും. ഇങ്ങനെ അതീവ പ്രാധാന്യമ‍ർഹിക്കുന്ന വിവിഐപിയാണ് അപകടത്തിൽപ്പെട്ടത് എന്നതിനാൽ അതീവ ​ഗൗരവത്തോടെയാവും ഇക്കാര്യത്തിൽ തുട‍ർനടപടിയുണ്ടാവുക. 

ബിപിൻ റാവത്തിൻ്റെ ആരോ​ഗ്യനിലയടക്കമുള്ള വിഷയങ്ങളിലും അപകടത്തിൻ്റെ വിശദാംശങ്ങളും സംബന്ധിച്ച വിവരങ്ങൾ പ്രതിരോധമന്ത്രിയായി രാജ്യത്തെ അറിയിക്കുക. അൽപസമയത്തികനം ഇക്കാര്യത്തിൽ ലോക്സഭയിൽ രാജ്നാഥ് സിം​ഗ് പ്രസ്താവന നടത്തും. ഇതിനോടകം പ്രധാനമന്ത്രിയെ കണ്ട രാജ്നാഥ് സിം​ഗ് അപകടം സംബന്ധിച്ച വിശദാംശങ്ങൾ അദ്ദേഹത്തെ ധരിപ്പിച്ചിട്ടുണ്ട്. പ്രതിരോധമന്ത്രാലയത്തിലെത്തി ഉന്നത ഉദ്യോ​ഗസ്ഥരുടെ ഒരു യോ​ഗത്തിലും രാജ്നാഥ് സിം​ഗ് പങ്കെടുത്തു. 

ചെന്നൈയിലായിരുന്ന തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഔദ്യോ​ഗിക പരിപാടികൾ റദ്ദാക്കി കോയമ്പത്തൂരിലേക്ക് തിരിച്ചിട്ടുണ്ട്. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാന‍ർജിയും തൻ്റെ ഔദ്യോ​ഗിക പരിപാടികൾ റദ്ദാക്കി. വിവിധ മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും രാഷ്ട്രീയ പ്രമുഖരും അപകടത്തിൽ ഞെട്ടലും ഖേദവും രേഖപ്പെടുത്തിയിട്ടുണ്ട്. വ്യോമസേനാ മേധാവി വി.ആർ.ചൌധരിയോട് അടിയന്തരമായി അപകടസ്ഥലത്തേക്ക് എത്താൻ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ആവശ്യപ്പെട്ടു. പ്രതിരോധമന്ത്രിയുടെ പ്രസ്താവനയ്ക്ക് മുന്നോടിയായി ദേശീയ സുരക്ഷാഉപദേഷ്ടാവ് അജിത്ത് ഡോവൽ പാർലമെൻ്റിൽ എത്തി. 

ഇത്രയും വിവിഐപിയായ സൈനിക ഉദ്യോ​ഗസ്ഥന് ഒരു സൈനിക ഹെലികോപ്ട‍ർ തകർന്നുള്ള അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റു എന്നത് പ്രതിരോധസേനകളെ ആകെ അമ്പരപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം തന്നെ ഉടനെയുണ്ടാവും. ഈ വ‍ർഷം മറ്റൊരും ഹെലികോപ്ടറും അപകടത്തിൽപ്പെട്ടിരുന്നുവെങ്കിലും അത്യാധുനിക റഷ്യൻ നിർമ്മിത ഹെലികോപ്ടറായ എം.17-ന് പൊതുവിൽ കാര്യക്ഷമതയ്ക്ക് പേരുകേട്ടതാണ്. പ്രധാനമന്ത്രിക്ക് സഞ്ചരിക്കാനും ഈ ഹെലികോപ്ട‍ർ ഉപയോ​ഗിക്കാറുണ്ട്. കഴിഞ്ഞ തവണ ബദ്ഗാമിൽ ഇന്ത്യയുടെ തന്നെ മിസൈൽ തട്ടി MI 17 V5 തകർന്നു വീണ സംഭവമുണ്ടായിരുന്നു.  രക്ഷാപ്രവ‍ർത്തനത്തിനും സൈനികനീക്കത്തിനും ചരക്കുനീക്കത്തിനും പ്രതിരോധമന്ത്രിയടക്കം വിവിഐപികളുടെ സഞ്ചാരത്തിനും ഈ ഹെലികോപ്ട‍ർ ഉപയോ​ഗിക്കാറുണ്ട്. 

ആരാണ് സംയുക്ത സൈനിക മേധാവി ? 

കരസേന, വ്യോമസേന, നാവികസേന എന്നീ മൂന്ന് പ്രമുഖ സൈനികവിഭാഗങ്ങളെ കൂടാതെ കേന്ദ്രസേനകളും അസം റൈഫിൾസ്, കോസ്റ്റ് ഗാർഡ്, സ്പെഷ്യൽ ഫോഴ്സ്, മറ്റു സൈനിക കമാൻഡുകൾ വിവിധ പ്രതിരോധസ്ഥാപനങ്ങൾ ഇൻർഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് എന്നിവയുടെയെല്ലാം തലവനാണ് സംയുക്ത സൈനികമേധാവി. ഇന്ത്യൻ രാഷ്ട്രപതിയാണ് രാജ്യത്തിൻ്റെ സർവ്വസൈന്യാധിപൻ പ്രതിരോധമന്ത്രാലയത്തിൻ്റെ സൈന്യത്തിൻ്റെ മേൽനോട്ടച്ചുമതല. അംഗബലം വച്ച് ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സൈനിക ശക്തിയാണ് ഇന്ത്യയുടേത്. അംഗബലത്തിലും കരുത്തിലും ലോകത്ത് മുൻനിരയിൽ നിൽക്കുന്ന ഇന്ത്യയുടെ വിവിധ സേനാവിഭാഗങ്ങളെ ഒന്നിപ്പിച്ചു കൊണ്ടു പോകുക എന്നതാണ് സംയുക്ത സൈനിക മേധാവിയുടെ പ്രഥമചുമതല.

ചൈനയും അമേരിക്കയും അടക്കമുള്ള രാജ്യങ്ങൾ കരസേനയുടെ അംഗബലം കുറയ്ക്കുകയും നാവികസേനയുടേയും വ്യോമസേനയുടേയും അംഗബലം വർധിപ്പിക്കുകയും ചെയ്യുന്നുണ്ട്. അത്യാധുനിക ആയുധങ്ങളുടേയും പടക്കോപ്പുകളുടേയും യുദ്ധസമാഗ്രഹികളുടേയും വരവോടെ സൈനികരെ കൂടുതൽ കൃത്യമായ ആസൂത്രണത്തോടെ വിന്യസിക്കുകയും ചെയ്യേണ്ടതുണ്ട്. സാങ്കേതിക വിദ്യയുടെ വികാസത്തിന് അനുസരിച്ച് സൈന്യത്തെ നവീകരിക്കുക എന്ന പ്രധാന ചുമതലയും സംയുക്ത സൈനിക മേധാവിക്കുണ്ട്. 

ഇന്ത്യൻ സൈന്യത്തിൽ സേവനം അനുഷ്ഠിക്കുന്ന ഫോർ സ്റ്റാർ തലത്തിലുള്ള ഉന്നത ഉദ്യോഗസ്ഥരിൽ നിന്നാണ് സംയുക്ത സൈനികമേധാവിയെ തെരഞ്ഞെടുക്കേണ്ടത് എന്നാണ് വ്യവസ്ഥ. പ്രതിരോധമന്ത്രിയുടെ ഏക ഉപദേഷ്ടാവാണ് ഡിഫൻസ് ഓഫ് സ്റ്റാഫ്. സൈനിക കാര്യസമിതിയുടേയും ചീഫ് ഓഫ് സ്റ്റാഫ് കമ്മീറ്റിയുടേയും അധ്യക്ഷനും സിഡിഎസ് ആണ്. 

കാർഗിൽ യുദ്ധകാലത്താണ് വിവിധ സേനാവിഭാഗങ്ങളുടെ മെചപ്പെട്ട ഏകോപനത്തിനും ഒന്നിച്ചുള്ള ഓപ്പറേഷനുകൾക്കും മേൽനോട്ടം വഹിക്കാൻ ഒരു സംയുക്ത സൈനിക മേധാവിയുടെ പദവിയുണ്ടാക്കണം എന്ന ആവശ്യം ആദ്യം ഉയർന്ന്. പിന്നീട് നിരവധി വർഷങ്ങൾ ഇതേക്കുറിച്ച് ചർച്ചകൾ നടന്നെങ്കിലും 2019-ൽ ചെങ്കോട്ടയിൽ നടത്തിയ സ്വതന്ത്രദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സിഡിഎസ് പദവി രൂപീകരിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പിന്നാലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്ലിൻ്റെ അധ്യക്ഷതയിൽ സംയുക്ത സൈനികമേധാവിയുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും നിശചയിക്കാൻ പ്രത്യേക സമിതിക്ക് സ‍ർക്കാർ രൂപം നൽകി. 2020 ജനുവരി ഒന്നിനാണ് സംയുക്ത സൈനികമേധാവിയായി ബിപിൻ റാവത്ത് ചുമതലയേറ്റത്. 
 

Follow Us:
Download App:
  • android
  • ios