വിജയ്‍യുടെ സത്യപ്രതിജ്ഞാ ചടങ്ങിനെതിരെ വിമർശനവുമായി ഡിഎംകെ. തമിഴ് തായ് വാഴ്ത്തിനെ അവഹേളിച്ചു എന്നാണ് വിമർശനം. ഇതിനിടെ വിജയ്‍യെ മുന വെച്ച് അഭിനന്ദിച്ച് സ്റ്റാലിൻ സാമൂഹിക മാധ്യമത്തിൽ കുറിപ്പ് പങ്കുവെച്ചു.
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായുള്ള വിജയ്‍യുടെ സത്യപ്രതിജ്ഞാ ചടങ്ങിനെതിരെ വിമർശനവുമായി ഡിഎംകെ. തമിഴ് തായ് വാഴ്ത്തിനെ അവഹേളിച്ചു എന്നാണ് വിമർശനം. ഗാനം മൂന്നാമതായാണ് ആലപിച്ചത്. ഇതാണോ ‘മാറ്റം’ എന്ന് പി വിൽസൺ എംപി വിമർശിച്ചു. ഇതിനിടെ വിജയ്‍യെ മുന വെച്ച് അഭിനന്ദിച്ച് സ്റ്റാലിൻ സാമൂഹിക മാധ്യമത്തിൽ കുറിപ്പ് പങ്കുവെച്ചു. സത്യപ്രതിജ്ഞയിൽ വിജയ്‍യുടെ പ്രസംഗത്തിൽ പറഞ്ഞ വിമർശനങ്ങൾക്ക് മറുപടി പറഞ്ഞുകൊണ്ടാണ് കുറിപ്പ്.

ഖജനാവിൽ പണം ഉണ്ട്.പണം ഇല്ലെന്ന് പറഞ്ഞ് തുടങ്ങരുത്. കോവിഡും പ്രളയവും കേന്ദ്രസർക്കാർ അവഗണനയും അതിജീവിച്ചാണ് അഞ്ച് വർഷം ഭരിച്ചത്. എന്നിട്ടും നിരവധി ക്ഷേമപദ്ധതികൾ നടപ്പാക്കി. അനുവദനീയം ആയ പരിധിക്കുള്ളിൽ മാത്രമേ കടമെടുത്തിട്ടുള്ളൂ. ഫെബ്രുവരിയിലെ ബജറ്റിൽ തന്നെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കിയതാണ് എന്ന പറഞ്ഞ സ്റ്റാലിൻ അതിനു ശേഷം അല്ലേ താങ്കൾ വാഗ്ദാനങ്ങൾ നൽകിയത് എന്നും വിജയ്‍യോട് ചോദിച്ചു. വോട്ട് ചെയ്തവരെ വഞ്ചിക്കരുത്. വാഗ്ദാനങ്ങൾ നടപ്പാക്കുന്നത് എങ്ങനെയെന്ന് ഞങ്ങളെ പോലെ നിങ്ങളും മനസിലാക്കുമെന്ന് കരുതുന്നുവെന്നും താൻ അതിനായി കാത്തിരിക്കുന്നുവെന്നും സ്റ്റാലിൻ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
മുന വെച്ച ആശംസയും വിജയ് സത്യപ്രതിജ്ഞയ്ക്ക് ശേഷം നടത്തിയ പ്രസംഗത്തിലെ വിമർശനങ്ങൾക്ക് നേരിട്ടുള്ള മറുപടിയുമാണ് സ്റ്റാലിൻ കുറിപ്പിൽ പങ്കുവെച്ചത്. ആദ്യമായാണ് വിജയ്‍യുടെ പേര് എടുത്ത് പറഞ്ഞ് സ്റ്റാലിൻ പ്രതികരണം നടത്തുന്നത്. ടിവികെ വിജയ് എന്ന അക്കൗണ്ടിന് പകരം വിജയ്‍യുടെ അക്കൗണ്ട് ടാഗ് ചെയ്താണ് പോസ്റ്റ് പങ്കുവെച്ചത്.
സത്യപ്രതിജ്ഞ ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലി നൽകി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയടക്കം പങ്കെടുത്തു. വിപുലമായ ചടങ്ങാണ് ഒരുക്കിയിരുന്നത്. ചടങ്ങിന് സാക്ഷിയാകാൻ വിജയ്‍യുടെ കുടുംബാഗങ്ങളും ടിവികെ പ്രവർത്തകരും സിനിമാ താരങ്ങളും അടക്കം വലിയ നിരയാണ് എത്തിയത്. ജനങ്ങളുടെ ചില്ലി കാശ് പോലും കൈ കൊണ്ട് തൊടില്ലെന്ന് ഉറപ്പ് നൽകിയായിരുന്നു വിജയ്‍യുടെ ആദ്യ പ്രസംഗം. മുൻ ഡിഎംകെ സർക്കാരിനെതിരെ ആഞ്ഞടിച്ചുകൊണ്ടാണ് വിജയ് പ്രസംഗം ആരംഭിച്ചത്. സർക്കാരിൻ്റെ നിലവിലെ സ്ഥിതി വഷളാണെന്നും ഖജനാവ് കാലിയാക്കിക്കൊണ്ടാണ് മുൻ സർക്കാർ പോയതെന്നും വിജയ് പറഞ്ഞു. പൊതുജനത്തിൻ്റെ പണം തനിക്ക് വേണ്ടെന്നും അഴിമതിക്ക് ആലോചന ഉണ്ടെങ്കിൽ ഇവിടെ ഉപേക്ഷിക്കുമെന്നും വിജയ് മുന്നറിയിപ്പും നൽകി.

