ഈ ബെഞ്ചിലെ ജഡ്ജിമാരെ മൈ ലോര്‍ഡ്, യുവര്‍ ലോര്‍ഡ് ഷിപ്പ്, യുവര്‍ ഓണര്‍ എന്ന് അഭിസംബോധന ചെയ്യുന്നത് ഒഴിവാക്കാന്‍ എല്ലാ അഭിഭാഷകരോടും കക്ഷികളോടും വ്യക്തിപരമായി അഭ്യര്‍ത്ഥിക്കുകയാണെന്ന് ജഡ്ജി പറഞ്ഞു. 

കട്ടക്ക്: തന്നെ മൈ ലോര്‍ഡ്, യുവര്‍ ലോര്‍ഡ്ഷിപ്പ് എന്നിങ്ങനെ അഭിസംബോധന ചെയ്യരുതെന്ന് ഒറീസ ഹൈക്കോടതി (IOrissa high court) ചീഫ് ജസ്റ്റിസ് എസ് മുരളീധര്‍ (S Muralidhar) അഭിഭാഷകരോട് നിര്‍ദേശിച്ചു. കേസിന്റെ വാദത്തിനിടെയാണ് അഭിഭാഷകരോട് ജഡ്ജി നിര്‍ദേശിച്ചത്. ഈ ബെഞ്ചിലെ ജഡ്ജിമാരെ മൈ ലോര്‍ഡ്, യുവര്‍ ലോര്‍ഡ് ഷിപ്പ്, യുവര്‍ ഓണര്‍ എന്ന് അഭിസംബോധന ചെയ്യുന്നത് ഒഴിവാക്കാന്‍ എല്ലാ അഭിഭാഷകരോടും കക്ഷികളോടും വ്യക്തിപരമായി അഭ്യര്‍ത്ഥിക്കുകയാണെന്ന് ജഡ്ജി പറഞ്ഞു. കോടതിയുടെ അന്തസ്സിന് നിരക്കുന്ന സര്‍ പോലുള്ള അഭിസംബോധന മതിയാകുമെന്നും കോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശത്തെ ഒഡിഷ ഹൈക്കോര്‍ട്ട് ബാര്‍ അസോസിയേഷന്‍ സെക്രട്ടറി ജെകെ ലെങ്ക സ്വാഗതം ചെയ്തു. ചീഫ് ജസ്റ്റിസിന്റെ നടപടി സ്വാഗതാര്‍ഹമാണെന്നും മറ്റ് ജഡ്ജിമാരും അദ്ദേഹത്തെ പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ജഡ്ജി എസ് മുരളീധര്‍

സര്‍ എന്ന അഭിസംബോധന ബഹുമാനം ഉള്‍ക്കൊള്ളുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. 1970 മുതല്‍ ഇത്തരം അഭിസംബോധനകള്‍ ഒഴിവാക്കാന്‍ ഒറീസ ഹൈക്കോടതി ശ്രമം തുടങ്ങിയെങ്കിലും ഇപ്പോഴും ജഡ്ജിമാരെ മൈ ലോര്‍ഡ് എന്നുതന്നെയാണ് കോടതി മുറികളില്‍ വിളിക്കുന്നത്. 1969-75 കാലഘട്ടത്തില്‍ ചീഫ് ജസ്റ്റിസായിരുന്ന ഗതികൃഷ്ണ മിശ്ര ജഡ്ജിമാരെ സര്‍ എന്ന് അഭിസംബോധന ചെയ്താല്‍ മതിയെന്ന് ഉത്തരവിട്ടിരുന്നെന്നും നിലവിലെ ജഡ്ജിയും അത് പിന്തുടര്‍ന്നത് നല്ലകാര്യമാണെന്നും മുതിര്‍ന്ന അഭിഭാഷകന്‍ ബുധദേവ് റൗത്ര പറഞ്ഞു. 2009ല്‍ ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കുമ്പോഴും 2020ല്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കുമ്പോഴും ജസ്റ്റിസ് മുരളീധര്‍ ഇതേ നിര്‍ദേശം നല്‍കിയിരുന്നു.